Tuesday 24 March 2020

മഞ്ഞ കോളാമ്പി പൂക്കൾ


നിറയെ  പൂത്തുലഞ്ഞു  നിന്ന  ഗുൽമോഹർ തണലിൽ  അവൻ  കുറച്ചു  നേരമായി  എന്നെ  കാത്തിരിക്കുകയായിരുന്നു. ബസ്സിറങ്ങി  കാമ്പസിന്റെ  ഗേറ്റ്  കടന്ന്  തിടുക്കപ്പെട്ട്  ഞാൻ  അവനരികിലേക്ക്   ചെന്നു. അവനെ  അത്രയും  ക്ഷീണിതനായി  ഞാൻ  ഇതിനു മുൻപൊരിക്കലും  കണ്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട്  തന്നെ  അവനിലെ  അവശത  എന്നെ  പരിഭ്രമിപ്പിച്ചു. "നീയിരിക്ക്... " കുറച്ചു  കൂടുതൽ  നീങ്ങിയിരുന്നു  എനിക്കിരിക്കാൻ  അവൻ  ഇടം  ഉണ്ടാക്കി. പതിവുപോലെ  അവന്റെ  നീളമുള്ള  വിരലുകളിൽ  വിരൽ  കോർത്തു അടുത്തിരിക്കാൻ  ഞാനാശിച്ചു. എനിക്ക്  ഒത്തിരി  ഇഷ്ടമുള്ള  അവന്റെ  പിങ്ക്  നിറമുള്ള  വിരൽ  നഖങ്ങളിലേക്ക്  ഞാൻ  കണ്ണോടിച്ചു. പൂർണ്ണമായും  മഞ്ഞപ്പ്  പുരണ്ട  അവയുടെ  കുങ്കുമനിറം  പരതിയിട്ടും  പരതിയിട്ടും  എനിക്ക്  കണ്ടെത്താനായില്ല. അവന്റെ  കണ്ണുകൾ   മഞ്ഞ  ബൾബുകൾ  പോലെ  മങ്ങിക്കത്തികൊണ്ടിരുന്നു. എനിക്ക്  അവനെ  ചേർത്ത് പിടിച്ചു  ആ  കൃഷ്ണമണികളിൽ  ചുംബിക്കണമെന്ന്  തോന്നി. വിരലുകളിൽ  പൊടുന്നനെ  ഒന്ന്  തൊട്ടപ്പോൾ  അവൻ  വേവലാതിയോടെ  കൈ  കുടഞ്ഞു. " മഞ്ഞപ്പിത്തം  അധികമായി, നീ  തൊടണ്ട. പകർന്നാലോ... " നമുക്കൊരുമിച്ചു  കീഴാർ നെല്ലി  കഷായം  കുടിച്ച് ആഘോഷിക്കാം... ഞാൻ  കുസൃതി  പറഞ്ഞു  അവനെ  ശുണ്ഠി  പിടിപ്പിക്കാൻ  ശ്രമിച്ചു. അവൻ  നിസ്സംഗനായിരുന്നു. ദിവസങ്ങളായി  കുറയാത്ത  മഞ്ഞകുരിപ്പ്  അവനെ  അത്രമേൽ  അസ്വസ്‌ഥനാക്കിയിരുന്നു. ആകാശനീലിമയുടെ  നിറമുള്ള  അവന്റെ  ഷർട്ടിൽ  വിയർപ്പ്  മഞ്ഞതുള്ളികളായി  പെയ്തു കൊണ്ടിരുന്നു. കഴിഞ്ഞദിവസം  അസുഖം  കാരണം  എഴുതാൻ  പറ്റാതെ  പോയ  പ്രവേശനപരീക്ഷയെ കുറിച്ചോർത്തു  അവൻ  സങ്കടം  പറഞ്ഞു. ഒരു  വലിയ  സ്വപ്നം  പൊലിഞ്ഞു പോയതിന്റെ  ദുഃഖം  കണ്ണുനീരായി  അടർന്നു  എൻ്റെ  കൈത്തലങ്ങളിൽ  പതിച്ചു. ബാഗിൽ  നിന്നെടുത്ത  വെളുത്ത  തൂവാലയിൽ  ഞാൻ  അവന്റെ  കണ്ണുകൾ  തുടച്ചു. വെളുപ്പിൽ  മഞ്ഞ  കോളാമ്പി പൂക്കൾ  വിടരുന്ന  പോലെ..... തണലിൽ  നിന്ന്  മഞ്ഞവെയിലിലേക്ക്  ഞാൻ  അവന്റെ  കൈകൾ  കോർത്തു  നടന്നു......... 

Sunday 30 July 2017

ജൻമദിനം

വയസ്സ് കൂട്ടുവാൻ വേണ്ടീ വന്നെത്തും ജന്മതാരകം ....
വൈരിയാണോ സുഹൃത്താണോ വളരേ സംശയിച്ചൂ ഞാൻ ?
ആദ്യമാദ്യം എനിക്കുണ്ടായി  കൗതുകം
അത് വേണ്ടിയിരുന്നില്ലെന്നിന്നു തോന്നുന്നെന്തിനോ ...
പിന്തിരിഞ്ഞു നടന്നീടാനാവാത്തുള്ളൊരു യാത്രയിൽ
പിറന്നാളുകളോരോന്നും നാഴിക കുറ്റിയല്ലിയോ ....

Wednesday 27 November 2013

ദില്ലി രുചി ..........രണ്ട്


പതിവ്പോലെ ദില്ലിയിലെ  വ്യത്യസ്ത രുചികളെ പ്പറ്റിയുള്ള അന്വേഷണത്തിനിടയിലാണ് ദര്യാഗന്ജിലെ കരീംസിനെ പറ്റി അറിയാനിടയായത് .

ഹാജി കരീമുദ്ദീന്‍ 1913ല്‍  തുടങ്ങിയ ഹോട്ടലാണ് ഇന്നത്തെ നിലയിലെ കരീംസ് ആയി വളര്‍ന്നിരിക്കുന്നത്..ഹാജി കരീമുട്ദീന്റെ പൂര്‍വികരായിരുന്നു മുഗള്‍ സുല്‍ത്താന്‍മാരുടെ പാചകക്കാര്‍... .അവസാനത്തെ മുഗള്‍ സുല്‍ത്താനായ ബഹദൂര്‍ഷാ സഫറിനെ സിംഹാസനത്തില്‍ നിന്ന് നിഷ്കാസിതനാക്കി ബ്രിടീഷ്കാര്‍ ചെങ്കോട്ട പിടിച്ചെടുക്കുന്നതുവരെ അത് തുടര്‍ന്നു .അതിനുശേഷം ബ്രിടീഷ്കാരുടെ കണ്ണില്‍ പെടാതിരിക്കാന്‍ അവര്‍ തങ്ങളുടെ  താമസം ഉത്തര്‍പ്രദേശില്‍ ഗാസിയാബാദിലെ ഫരൂഖ്നഗര്‍ എന്നയിടത്തേക്ക് മാറ്റി..പിന്നീട് 1911 ലെ ദില്ലി ദര്‍ബാര്‍  സമയത്ത് ഭാരതത്തിന്റെ നാനാഭാഗത്ത് നിന്നും വരുന്ന ലക്ഷക്കണക്കിന്  ജനത്തിനു ഭക്ഷണം ഒരുക്കുന്നതിനായി ഒരു ചെറിയ ദാബ തുടങ്ങി.അതിനു ശേഷം തലമുറകളായി പകര്‍ന്നു കിട്ടിയ പാചക അറിവുകള്‍ വഴിയുണ്ടാക്കുന്ന രാജകീയ രുചികള്‍ സാധാരണ ജനത്തിനും കൂടി അനുഭവവേധ്യമാക്കുക എന്നതായിരുന്നു കരീമുദ്ധീന്റെ ഉദ്ദേശ്യം ...ഇന്ന് ദര്യാഗന്ജിലെ കരീംസ് കൂടാതെ ഇവര്‍ക്ക്  വളരെ അധികം ശാഖകള്‍ ദില്ലിയുടെ പല ഭാഗങ്ങളിലും ഉണ്ട്..എല്ലയിടത്തെക്കുമുള്ള ഭക്ഷണം ഒരു സ്ഥലത്ത് തന്നെ പാചകം ചെയ്തു എത്തിക്കുകയാണ് ചെയ്യുന്നത്...അതുകൊണ്ട് തന്നെ എല്ലാ ശാഖകളിലെയും രുചി ഒന്നുതന്നെ....രുചി മഹാത്മ്യം കാരണം പല പ്രമുഖരും ഇവരുടെ ഭക്ഷണം ഇഷ്ടപ്പെടുന്നു...ഈ അടുത്ത കാലത്ത്സിനിമാ നടന്‍ അനൂപിന്റെ അനുഭവ കുറിപ്പുകളിലും കരീംസിനെ പറ്റിയുള്ള വിവരണം കാണാനിടയായി..ഇതൊക്കെ കൊണ്ട് തന്നെ ആ രുചികള്‍ ഒന്നറിയുക എന്നാ ലക്ഷ്യത്തോട് കൂടി മൂന്നു വ്യത്യസ്ഥ ശാഖകളില്‍ നിന്നുള്ള രുചികള്‍ പരീക്ഷിക്കുകയുണ്ടായി. രുചി മുകുളങ്ങളെ ഉത്തേജിപ്പിക്കുകയും മനസ്സിലേക്ക് ആഴ്ന്നിരങ്ങുകയും ചെയ്യുന്ന പ്രത്യേക രുചി തന്നെയിത് എന്ന് സമ്മതിക്കാതെ വയ്യ.
ഇനി ചിത്രങ്ങള്‍ തന്നെ പറയട്ടെ.....




കരീംസ് @ ജീ കെ 2



കരീംസിനു ലഭിച്ച സാക്ഷ്യപത്രങ്ങള്‍ ...







 കരീംസ് @ കരോള്‍ബാഗ്‌ 



ചിക്കന്‍ മലായ് ടിക്ക 



ചിക്കന്‍ ജെഹാംഗിരി 



ഫിര്‍നി 


തുടക്കം ഇതില്‍ നിന്നാണ് പുതിന ചമ്മന്തിയോടൊപ്പം മുറിച്ച സവോളയും ചെറുനാരങ്ങയും 



മട്ടന്‍ ഷീക് കബാബ് 



ചിക്കന്‍ ബര്‍ഹാ



പൂ പോലുള്ള തന്തൂരി റൊട്ടി ..





Saturday 29 June 2013

സഫലമീയാത്ര......


                       ഒരു വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ഇക്കുറി വിഷുപ്പുലരി കണികാണാനായി നാട്ടിലേക്ക് തിരിച്ചത്. അതിരാവിലെയുള്ള എയര്‍ ഇന്ത്യ ഫ്ലൈറ്റിനായി പുറപ്പെടുമ്പോള്‍ എന്റെ കുഞ്ഞുമോന്റെ ഉറക്കച്ചടവുള്ള കണ്ണുകളില്‍ കൌതുകത്തിന്റെ പൂത്തിരികള്‍ കത്തിനില്ക്കു ന്നത്‌ കാണാമായിരുന്നു. വിഷു അവനു പറഞ്ഞു കേട്ട അറിവ് മാത്രമാണ്. ദീപാവലി പോലെ പടക്കവും കമ്പിത്തിരി പൂത്തിരി ഇത്യാദി കത്തിക്കാനുള്ള ഒരു ദിനം എന്നെ അവനറിയൂ. ബാല്യത്തിലെപ്പോഴോ വിഷുകൈ നീട്ടം കിട്ടിയ ഓര്മ മോള്ക്കുണ്ട്. അവളെ മോഹിപ്പിക്കുന്നത് കിട്ടാന്‍ പോകുന്ന പോക്കെറ്റ്‌ മണി മാത്രമാണ്.ചെക്ക്‌ ഇന്‍ ചെയ്തുള്ള കാത്തിരിപ്പിന്റെ ഇടവേളയില്‍ വിഷുക്കണിയും കണിക്കൊന്നയും കൈനീട്ടവും വിഷു ക്കഞ്ഞിയും ഒക്കെയായി എന്റെ കുറെ ഓര്മകള്‍  പങ്കുവെച്ചു. പലതും മോനെ ബോറടിപ്പിച്ചു. അവന്റെ മുഖം കണ്ടാലറിയാം. ഐ പാഡില്‍ ഗെയിം കളിക്കാനുള്ള വ്യഗ്രതയില്‍ ആണവനെപ്പോഴും.. പടക്ക വിശേഷങ്ങള്‍ മാത്രമേ അവന് താല്പര്യമുള്ളൂ.. കഥ കേള്ക്കാ ന്‍ ഇഷ്ടമുള്ള മോള്‍ എന്നെ മുഷിപ്പിച്ചില്ല.

                    ആകാശയാത്രക്കിടയില്‍ ഒരു കുഞ്ഞുമയക്കത്തിലേക്ക് വഴുതി വീണപ്പോളും സ്വപ്‌നങ്ങള്‍ എന്നെ വിഷുക്കാഴ്ച്ചകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. മഞ്ഞപട്ടു പാവാടയില്‍ കൊന്നപ്പൂക്കള്‍ പറിച്ചു ഓടിപ്പോയ ആ കൊച്ചു പെണ്കുട്ടി ആരായിരുന്നുവെന്ന് ഓര്ത്തെടുക്കാന്‍ ശ്രമിച്ചു പാടുപെട്ടു. പാതി കണ്ട സ്വപ്നം മുഴുമിപ്പിക്കാന്‍ വീണ്ടും കണ്ണടച്ചു. പക്ഷെ ഫ്ലൈറ്റ് ലാന്ടിങ്ങിനുള്ള തയ്യാറെടുപ്പിലായി. സുന്ദരിയായ (????.... എയര്‍ഇന്ത്യയില്‍ ...!!!!!) എയര്‍ഹോസ്റ്റെസ് അവളുടെ കൊഞ്ചുന്ന ശബ്ദത്തില്‍ അറിയിപ്പുകള്‍ തുടര്ന്ന് .. പാതി മുറിഞ്ഞ സ്വപ്നം എന്നെ നോക്കി സ്മൈലിയെപ്പോലെ ഒരു ചിരി.

                      എയര്‍പോര്ട്ടി ല്‍ നിന്നും വീട്ടിലേക്കുള്ള അരമണിക്കൂര്‍ യാത്രക്കിടയില്‍ വഴിയരികിലൊരു കണിക്കൊന്ന പോലും മഞ്ഞപ്പൂങ്കുല ചൂടിനില്ക്കു ന്നത് കണ്ടതേയില്ല. മനസ്സിലാകെയൊരു നിരാശ... ഈ വിഷുക്കാലമെത്തിയതൊന്നും കണിക്കൊന്നകള്‍ അറിഞ്ഞില്ലന്നുണ്ടോ ? ആത്മഗതം അല്പ്പം ഉറക്കെയായിപ്പോയോ ? കുട്ടികള്‍ രണ്ടാളും കളിയാക്കി ചിരിച്ചു.. ജാള്യത മറയ്ക്കാന്‍ ഞാനവര്ക്ക് കണിക്കൊന്നയുടെ കഥ പറഞ്ഞു കൊടുത്തു. ഉണ്ണിക്കണ്ണന്റെ പൊന്നരഞ്ഞാണമാണ് കൊന്നപ്പൂക്കളായി മാറിയത് എന്ന്പറഞ്ഞത് മോന് തീരെ വിശ്വാസമായില്ല.

                          കണിക്കൊന്നപ്പൂക്കള്‍ നാട്ടിലെങ്ങും കണി കാണാനില്ലെങ്കിലും നാട്ടിലെങ്ങും വിഷുതിരക്കായി. നിരത്തുകളില്‍ പടക്കകടകള്‍ സജീവമായി. പച്ചക്കറികടകളില്‍ ചക്കയും മാമ്പഴവും മറ്റ് ഫലമൂലാധികളും നിറഞ്ഞു കിടക്കുന്ന കാഴ്ചകളും ധാരാളം കണ്ടു. വീട്ടിലെത്തി വിശ്രമത്തിന് ശേഷം ഇത്തിരി കൊന്നപ്പൂവിന് വേണ്ടി ഞങ്ങള്‍ കുറെ അലഞ്ഞു. നാട്ടിലെ സ്ഥിതി വ്യത്യസ്ഥമല്ല . പണ്ടത്തെപ്പോലെ വിഷുക്കണിക്കുള്ളതെല്ലാം തൊടിയില്‍ നിന്ന് കിട്ടുന്ന കാലമൊക്കെ പോയി.. ഇപ്പോഴെല്ലാം സൂപ്പര്‍ മാര്ക്കെറ്റിലെ കിട്ടൂ... ചക്കയും മാമ്പഴവും ഒക്കെ വാങ്ങിയ കൂട്ടത്തില്‍ ഒരിത്തിരി കൊന്നപ്പൂവും വില കൊടുത്തു വാങ്ങി. സാമാന്യം ഭേദപ്പെട്ട വിലയില്‍ കൈയ്യിലെ ഇലക്കീറില്‍ വാടിത്തുടങ്ങിയ നാലഞ്ചു മഞ്ഞപ്പൂങ്കുലകളും വാങ്ങി വന്നപ്പോള്‍ ഇന്ദ്രപ്രസ്ഥത്തിലെ വഴിയോരങ്ങളില്‍ അടിമുതല്‍ മുടിവരെ പൂ ചൂടി നില്ക്കു ന്ന കൊന്നമരങ്ങളെ ഓര്മ വന്നു.പക്ഷെ വിഷുപ്പക്ഷി പാടുന്നത് നാട്ടിലാണല്ലോ എന്നോര്ത്ത്   ആശ്വാസം കൊണ്ടു. എന്തായാലും ഗംഭീര കണിയൊരുക്കി വിഷു സദ്യയും കെങ്കേമമായി ..കുട്ടികള്‍ രണ്ടും കൈ നിറയെ കൈനീട്ടം വാങ്ങി. ആവോളം പടക്കം പൊട്ടിച്ചു.വിഷു ആദ്യമായി കണ്ട മോന്‍ അടുത്ത വിഷു എപ്പോഴാണെന്ന് ചോദ്യം തുടങ്ങി.പൊള്ളുന്ന മേടച്ചൂടിലും മനസ്സിനിപ്പോള്‍ നേര്ത്ത തണുപ്പുണ്ട്.

ദില്ലി സിരിഫോര്ട്ട്  റോഡിലെ കണിക്കൊന്നക്കാഴ്ചകള്‍.......








                          പ്രിയപ്പെട്ടവരോടൊപ്പം നല്ലൊരു വിഷുക്കാലം ആഘോഷിച്ചു മടങ്ങുമ്പോള്‍ പൂക്കാതെ പോയ കാണിക്കൊന്നയോട് പരിഭവം തീരെയില്ല.. നിറയെ പൂത്തുലഞ്ഞു നില്ക്കുന്ന കണിക്കൊന്നകള്‍ സ്വപ്നങ്ങളിലുണ്ട്..ദില്ലിയുടെ പൊള്ളുന്ന ചൂടിലേക്ക് വിമാനം താഴ്ന്നിറങ്ങിയപ്പോള്‍ സ്വപ്നം പിന്നെയും മുറിഞ്ഞു. എങ്കിലും താമസസ്ഥലത്തേക്കുള്ള യാത്രക്കിടയില്‍ രാജവീഥികളില്‍ പൂങ്കുല ചൂടി നില്ക്കു ന്ന കണിക്കൊന്നകള്‍ കണ്ണിനു കുളിര്മ് നല്കി്. മനസ്സിലെവിടെയോ ഇരുന്നു വിഷുപ്പക്ഷി നീട്ടിപ്പാടി. കൂട്ടത്തില്‍ എന്‍. എന്‍. കക്കാടിന്റെ കുറച്ചു വരികളും ഓര്മയില്‍ നിറഞ്ഞു നിന്ന്.

                                  കാലമിനിയുമുരുളും വിഷു വരും
                                 വര്ഷം വരും പിന്നെ-
                                 യോരോ തളിരിനും പൂ വരും
                                 കായ് വരും അപ്പോളാരെന്നു
                                  മെന്തെന്നുമാര്ക്കരറിയാം
                                  നമുക്കിപ്പോഴിയാര്ധ്ര യെ
                                   ശാന്തരായ് സൌമ്യരായ്
                                   എതിരേല്ക്കാം
                                   വരിക സഖീ അരികത്തുചേര്ന്ന്
                                  നില്ക്കൂ  പഴയൊരു മന്ത്രം സ്മരിക്ക
                                  നാമന്യോന്യമൂന്നുവടികളായ് നില്ക്കാം
                                  ഹാ ! സഫലമീയാത്ര .....

Tuesday 12 March 2013

ദില്ലി രുചി..... ഒന്ന്....!!!!!!!!!



              ഇന്ദ്രപ്രസ്ഥത്തിലെ തിരക്ക് നിറഞ്ഞ തെരുവുകളിലൂടെയുള്ള സായാഹ്ന യാത്രകളിലാണ് ചില വ്യത്യസ്ഥരുചികളെ പരിചയപ്പെടാനും ആസ്വദിക്കാനും അവസരം ഒത്തു വന്നിട്ടുള്ളത്..വളരെ കാലമായി തന്നെ പറഞ്ഞു കേട്ടിരുന്ന ഒരു തെരുവോര രുചിയാണ് മൂല്‍ചന്ദ് പറാത്താവാല ..അന്നത്തെ സായാഹ്ന യാത്രയില്‍ അത് തന്നെയാവട്ടെ ലക്ഷ്യ സ്ഥാനം എന്ന് കരുതി..അങ്ങിനെയാണ് തെക്കന്‍ ദില്ലിയിലെ ആ തെരുവില്‍ എത്തിയത്..മൂല്‍ചന്ദ് കവലയില്‍ വിക്രം ഹോട്ടെളിനടുത്തു മെട്രോ സ്റ്റേഷന്‍  പരിസരത്ത് റോഡരുകില്‍ ഒരു ചെറിയ നാടന്‍ തട്ടുകട പോലൊന്ന്...അവിടെ കണ്ട തിരക്കില്‍ നിന്ന് തന്നെ മനസ്സിലാകും അവിടുത്തെ രുചിയുടെ ഏകദേശ രൂപം. ഉരുളക്കിഴങ്ങ് , ഉള്ളി , പരിപ്പ്, മുട്ട, കൊളിഫ്ലോവേര്‍, പനീര്‍ എന്നിവ കൊണ്ടുള്ള പറാത്തകളാണ് അവിടുത്തെ വിഭവങ്ങള്‍......കൂടെ നല്ല മസാല ചേര്‍ത്ത ഉള്ളിക്കഷ്ണങ്ങളും മുളക് അച്ചാറും തൈര് കൊണ്ടുള്ള രായ്ത്തയും...എല്ലാ രുചികളും അറിയണമല്ലോയെന്നു കരുതി എല്ലാത്തരം പരാത്തകളും ഓര്‍ഡര്‍ ചെയ്തു...കുറച്ചു സമയത്തെ കാത്തുനില്‍പ്പിനു ശേഷം സംഗതി റെഡി...റോഡ്‌ അരികില്‍ ഇട്ടിരിക്കുന്ന ടെസ്കിനടുത്തു നിന്നോ അല്ലെങ്കില്‍ സ്വന്തം വണ്ടിയില്‍ ഇരുന്നോ വേണം അത് കഴിക്കാന്‍...നമ്മുടെ നാടന്‍ തട്ട് കടകളിലെ അതെ രീതി.....

ഇനി കുറച്ചു ചിത്രങ്ങള്‍ ആകാം .......




            ഓര്‍ഡര്‍ നല്‍കുന്നവര്‍  ഒരു ദൂരവീക്ഷണം 




      പാകം ചെയ്തതും പാകമായിക്കൊണ്ടിരിക്കുന്നതുമായ പല      
      രുചികളിലുള്ള പരാത്തകള്‍ ....






     പേപ്പര്‍ പ്ലേറ്റില്‍ മസാല ചേര്‍ത്ത ഉള്ളിക്കഷ്ണങ്ങളും മുളക് അച്ചാറും



        ആസ്വാധകരെ കാത്തിരിക്കുന്ന മസാല ചേര്‍ത്ത രായ്ത 






നമ്മുടെ മുന്നില്‍ എത്തുന്നത് ഇങ്ങിനെ.....കടപ്പാട് ഗൂഗിള്‍ 

             പലപ്പോഴും പലരുചികളിലുള്ള പരാത്തകള്‍ കഴിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ടെങ്കിലും ഇവിടുത്തെ രുചി ഒരു വ്യത്യസ്തത തന്നെയെന്നു പറയാതിരിക്കാന്‍ വയ്യ...ആ രുചി തന്നെയാവണം ജനത്തിനെ ഇങ്ങോട്ട് ആകര്‍ഷിക്കുന്ന ഘടകം...



Monday 31 December 2012

Friday 16 November 2012

ചില മഴക്കാല ഓര്മ്മകള്‍..............


          ചില വൈകുന്നേരങ്ങളില്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന കൂട്ട്ചേരലിനിടയിലാണ് നാട്ടിലെ മഴക്കാലത്തെപ്പറ്റിയും മഴയെപ്പറ്റിയും ഒക്കെയുള്ള ചര്‍ച്ച സജീവമായത്.ചര്‍ച്ചക്കിടയിലാണ് ആരോ പറഞ്ഞു  Alexander  Frater  ന്റെ Chasing the Monsoon  എന്ന   പുസ്തകത്തെപ്പറ്റി കേള്‍ക്കാനിടയായത്.ഭാരതത്തിലെ മഴക്കാലത്തെ പിന്തുടരുന്ന ഒരു വിദേശ സഞ്ചാരിയുടെ യാത്രവിവരണം..കേട്ടപ്പോള്‍ തന്നെ ഒരു കൌതുകം തോന്നിയത് കൊണ്ട് അടുത്ത ദിവസം തന്നെ അതിനു ഓര്‍ഡര്‍ കൊടുത്തു..ഓണ്‍ലൈന്‍ ബുക്ക്‌ സ്റ്റോര്‍കളെ സമ്മതിക്കാതെ വയ്യ..ഒട്ടും സമയം പാഴാക്കാതെ അടുത്ത ദിവസം തന്നെ പുസ്തകം കൈയിലെത്തി.
സ്വസ്ഥമായുള്ള വായനയ്ക്ക് സമയം കിട്ടാതിരുന്നത് കൊണ്ട് അതങ്ങിനെ തന്നെ ഒന്ന് രണ്ടു ആഴ്ചകളോളം വെറുതെ ഇരുന്നു.അപ്പോളാണ് ഒരു അത്യാവശ്യകാര്യത്തിന് നാട്ടിലേക്കു പോകാനുള്ള അവസരം വന്നത്..വിമാനമാര്‍ഗം പോകാമെന്ന് കരുതിയപ്പോള്‍ ടിക്കെറ്റ് തിരികെ വരാനുള്ളത് മാത്രമേ ഒപ്പിക്കാന്‍ പറ്റിയുള്ളൂ..അപ്പൊ പിന്നെ ഇനി ട്രെയിന്‍ മാര്‍ഗം തന്നെ ശരണം.ടിക്കറ്റ്‌ കിട്ടിയതാകട്ടെ തുറന്തോ എക്സ്പ്രെസ്സിലുമ്...പേര് പോലെ തന്നെ യാത്ര ഒരു ദുരന്തം ആകാതിരുന്നാല്‍ മതിയായിരുന്നു. യാത്ര പുറപ്പെടുമ്പോള്‍ പുസ്തകവും കൈയിലെടുത്തു..രണ്ട്  ദിവസത്തെ ട്രെയിന്‍ യാത്രയില്‍ സമയം കളയാന്‍ ഇതില്‍പരം നല്ലമാര്‍ഗം വേറെയില്ല...അങ്ങിനെ ആഴ്ചയുടെ അവസാനരാത്രികളില്‍ ഇന്ദ്രപ്രസ്തത്തില്‍ നിന്ന് പുറപ്പെടുന്ന തുറന്തോ  എക്ഷ്പ്രെസ്സില് നാട്ടിലേക്കുള്ള യാത്ര തുടങ്ങി..കൂട്ടത്തില്‍ പുസ്തകം വായനയും...

          വായന തുടങ്ങിയപ്പോളാണ് മനസ്സിലായത്‌ ഞാന്‍ യാത്ര ചെയ്യുന്നതിന്റെ അതെ വഴികളിലൂടെ എതിര്‍ദിശയിലാണ് എഴുത്ത്കാരന്റെ സഞ്ചാരം..കന്യാകുമാരി മുതല്‍ ഇന്ദ്രപ്രസ്ഥം വരെ കൊങ്കണ്‍ തീരത്ത്‌ കൂടി  തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും ഗോവയും കടന്നു മഴയുടെ കൂടെ  തെക്ക് പടിഞ്ഞാറേ മണ്‍സൂണ്‍ മുന്നേരുന്നതിനോപ്പം  ഒരു യാത്ര....കേള്‍ക്കുമ്പോള്‍ തന്നെ ഒരു കൌതുകവും സുഖവും  തോന്നുന്നു.ട്രെയിന്‍  അനുസ്യാതം തന്റെ വഴിയിലൂടെ  മുന്നേറി ക്കൊണ്ടിരുന്നു..എഴുത്ത്കാരന്‍ കന്യകുമാരിയിലെ  മഴക്കാലം കണ്ടതിനു ശേഷം കേരളത്തിലേക്ക് കടന്നു..അടുത്ത അധ്യായത്തിന്റെ തുടക്കത്തില്‍ ജൂണ്‍ മാസം ഒന്നാം തീയതിയിലെ ഇന്ത്യന്‍ എക്ഷ്പ്രെസ്സില് വന്ന ഒരു വാര്‍ത്ത‍ എഴുത്ത്കാരന്‍ കടമെടുത്തത് എന്നെ എന്റെ കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ട് പോയി...

ആ വാര്‍ത്ത ഇങ്ങിനെയായിരുന്നു........

About 57 Lakh youngsters will make their way to schools in the State today making the beginning of yet another school year. Among the 57 Lakh will be around 6.2 Lakh tiny tots entering the new world of understanding and the new plane of relationships. The reopening of schools traditionally coincides with the onset of monsoon in the State.
ഗൃഹാതുരത്വത്തിലേക്ക്...... 

ഓര്‍മകളുടെ കൂമ്ബാരത്തിലെക്കൊരു കൂപ്പു കുത്തല്‍............,,,,,,,,,

പുസ്തകം മടക്കിവെച്ചു പതുക്കെ എ സിയുടെ സുഖശീതളിമയിലേക്ക് ഉറക്കം കാത്തുകിടന്നു..

മനസ്സ് വര്‍ഷങ്ങള്‍ പുറകോട്ടു സഞ്ചരിക്കുന്നു...

         വീടിനടുത്തുള്ള സര്‍ക്കാര്‍ പള്ളിക്കൂടത്തിലേക്ക് ജൂണ്‍ മാസം ഒന്നാം തീയതി കൂട്ടുകാരുമൊത്ത് പുത്തന്‍ വസ്ത്രങ്ങളും അണിഞ്ഞു പോയിരുന്ന കുട്ടിക്കാലം..സര്‍ക്കാര്‍ സ്കൂളില്‍ യൂണിഫോം ഇല്ലായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..എന്നാലും സ്കൂള്‍  തുറക്കുന്ന ദിവസത്തെക്കായി പുത്തനുടുപ്പ് കിട്ടുന്നത് പതിവായിരുന്നു...സ്കൂള്‍ തുറക്കുന്നതിനോപ്പമായിരിക്കും മഴയും നാട്ടിലെത്തുക..പുത്തനുടുപ്പു മഴയത്ത് നനനഞ്ഞായിരിക്കും സ്കൂളിലും വൈകിട്ട്  തിരികെ വീട്ടിലും എത്തുക. കുട കൈയിലുന്ടെങ്കിലും അന്നൊക്കെ മഴ നയയുന്നതൊരു രസമായിരുന്നു...റോഡരുകില്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ കാല് കൊണ്ട് പടക്കം പൊട്ടിച്ചും  പുതു മഴയത്ത് ആറ്റിലെത്തിയ മീന്‍ കുഞ്ഞുങ്ങളെ കണ്ടും തോട്ടിരംബില്‍ ഇരിക്കുന്ന തവളക്കുട്ടന്റെ പുറകെ ഓടിയു മൊക്കെയായിരുന്നു അന്നത്തെ യാത്രകള്‍... അതൊക്കെകൊണ്ട് തന്നെ രാവിലെ സ്കൂളിലെത്തുന്നതും വൈകുന്നേരങ്ങളില്‍ തിരികെ വീട്ടിലെതുന്നതും നല്ല കോലത്തില്‍ തന്നെയായിരുന്നു..കുറെ നാളുകള്‍ക്കു ശേഷമായിരുന്നു ആ സ്കൂളും പരിസരവുമൊക്കെ കഴിഞ്ഞ യാത്രയില്‍ വീണ്ടും കാണാന്‍ സാധിച്ചത്...മഴയത്ത് നനഞ്ഞു കുളിച്ച് സ്കൂളില്‍ എത്തിയതിനു ശേഷം ഉച്ചയൂണിന്റെ ഇടവേളകളിലാണ് ബാക്കി കളികളൊക്കെ..അന്നൊക്കെ വെള്ളിയാഴ്ച ആകാന്‍ കാത്തിരിക്കുമായിരുന്നു കാരണം വെള്ളിയാഴ്ചകളില്‍ ഉച്ചയൂണിനുള്ള ഇടവേള കുരച്ച്ചധികം ആയിരുന്നത് കൊണ്ട് കളിക്കാന്‍ കൂടുതല്‍ സമയം കിട്ടുമായിരുന്നു..വെള്ളിയാഴ്ചകളിലെ ഇടവേള എന്ത് കൊണ്ടാണ് കൂടുതല്‍ കിട്ടിയിരുന്നതെന്ന് അന്നൊന്നും വലിയ അറിവില്ലായിരുന്നു.കുറെ കഴിഞ്ഞപ്പോളാണ് മനസ്സിലായത് അത് കൂടെ പഠിച്ചിരുന്ന മുസ്ലീം സഹോദരങ്ങള്‍ക്ക് പ്രാര്‍ത്ഥനക്കുള്ള സമയമായിരുന്നെന്നു...എന്തായാലും മഴക്കാലത്ത്  മറ്റുള്ളവര്‍ക്ക് അതു  മഴയത്തിറങ്ങി കളിച്ചു തിമിര്‍ക്കാനുള്ള സമയം തന്നെയായിരുന്നു...അന്നൊക്കെ എത്ര നേരം വേണമെങ്കിലും മഴയത്ത് കളിച്ചാലും ചെറിയ ഒരു ജലദോഷമോ പനിയോ വന്നതോര്‍മയില്ല..എന്നാലിന്നോ !!!!! ചെറിയൊരു മഴ നനഞ്ഞാല്‍ തന്നെ പനീ... തുമ്മല്‍..... ആകെ ബഹളം...കാലവും സ്ഥലവും  മാറുന്നതിനൊപ്പം  മഴ പെയ്യുന്ന രീതികളും മാറുന്നു...

      നാട്ടിലെ മഴയ്ക്ക്‌ എന്തൊരു സൌന്ദര്യമായിരുന്നു..തെങ്ങുകള്‍ക്കും മരങ്ങള്‍ക്ക്മിടയിലൂടെ ഓടില്‍ പതിക്കുന്ന മഴത്തുള്ളികള്‍ താഴേക്കൊഴുകി വരുന്നത് കൈകൊണ്ട് തട്ടി ക്കളിക്കാന്‍ തന്നെ ഒരു രസമായിരുന്നു...എന്നാലിങ്ങു ഇന്ദ്രപ്രസ്ഥത്തിലെ മഴയോ......കോണ്ക്രീറ്റ് കാട്ടില്‍ പെയ്യുന്ന മഴയ്ക്ക്‌ യാതൊരു ഭംഗിയും ഇല്ല...ഇവിടുത്തെ മഴ കാണുമ്പോള്‍ ഫയര്‍ എഞ്ചിനില്‍ നിന്ന് വെള്ളം ചീറ്റിക്കുന്നതാണ് ഓര്മ വരുക.. നാട്ടിലെ മഴ പെയ്തു കഴിഞ്ഞതിനു ശേഷം മുറ്റത്ത്  നില്‍ക്കുന്ന നെല്ലിപ്പുളി മരത്തിന്റെ ചോട്ടില്‍ ചെന്ന് നിന്ന് മരത്തിന്റെ ചില്ലകള്‍ പിടിച്ചു കുലുക്കി  മഴത്തുള്ളികളെ ഉലൂത്തി വീഴ്ത്തിയിരുന്നത് ഓര്‍ക്കുന്നു.. ഇതിലുമൊക്കെ അപ്പുറം പറമ്പിലെ കുളക്കടവിലിരുന്നു മഴത്തുള്ളികള്‍ കുളത്തിലെ വെള്ളത്തിലേക്ക് വീഴുന്നത് കാണാന്‍ അന്നൊക്കെ  വളരെ ഇഷ്ടമായിരുന്നു....മഴക്കാലത്തിനു തൊട്ടു മുന്പായിട്ടായിരുന്നു കുളത്തിലെ വരാല്‍ മുട്ടയിട്ടു കുഞ്ഞുങ്ങള്‍ ഉണ്ടാകുക.മഴ  സാമാന്യം നന്നായി പെയ്യുമ്പോള്‍ വരാല്‍ തന്റെ കുഞ്ഞുങ്ങളെയും കൊണ്ട് കുളത്തിന്റെ ആഴങ്ങളിലെക്കോ അല്ലെങ്കില്‍ പായലിനടിയിലോ അഭയം തേടും..മഴയൊന്നു മാറിയാല്‍  പിന്നെ തങ്ങളുടെ തിളക്കമുള്ള കണ്ണുകളും തുറന്നു ചുവന്ന നിറത്തിലുള്ള വരാല്‍ കുഞ്ഞുങ്ങള്‍ അമ്മ വരാലിനോപ്പം കുളത്തിലെ  ജലപ്പരപ്പില്‍ ഓടിക്കളിക്കുന്നത് കാണാനുള്ള രസം പറഞ്ഞറിയിക്കാനെ വയ്യ..

അങ്ങിനെ അങ്ങിനെ എത്രയോ മഴക്കാല  ഓര്‍മ്മകള്‍.......................,,,,,,,

മഴയുടെ പുറകെ അലഞ്ഞ എഴുത്തുകാരന് കുട്ടിക്കാലത്തെ ഗൃഹാതുരത്വമുണര്ത്തുന്ന ഇത്തരം കാര്യങ്ങല്ലോക്കെ അറിയാമോ ആവോ ?????

ഓര്‍മകള്‍ക്കിടയില്‍ ട്രെയിനിന്റെ താരാട്ട് പാട്ടും  കേട്ട് ഓര്‍മകളുടെ  ഭാണ്ഡം അരികിലേക്ക്  അഴിച്ചു വെച്ചു ഞാന്‍ എപ്പോഴോ ഉറക്കത്തിലേക്ക് തെന്നി വീണു..