Friday 28 October 2011

ദില്ലി സെ ലഡാക്ക് തക്......

 


                       കടപ്പാട്....... ഭര്‍ത്താവിന്റെ  പഴയ ഡയറി ക്കുറിപ്പുകളോട് ...ചിത്രങ്ങള്‍ക്ക് ഗൂഗിളിനോട്


2003 ജൂണ്‍ മാസത്തിലെ ഒരു ദിവസം .
 ഇന്ദ്രപ്രസ്ഥത്തില്‍ ചൂട് അതിന്റെ ഉച്ചസ്ഥായിയിലാണ്.   വൈകുന്നേരങ്ങളില്‍ പതിവുള്ള ഹെല്‍ത്ത് ക്ലബ്ബിലെ കസറത്തും കഴിഞ്ഞ് പുറത്തും അകത്തും ഉള്ള ചൂടൊന്ന് ശമിപ്പിയ്ക്കാന്‍  വേണ്ടി മെസ്സിലേയ്ക്ക് കയറി. രണ്ടാമത്തെ പ്രാവശ്യം മഗ്ഗിലേയ്ക്ക്  തണുത്ത ബിയര്‍ ഒഴിച്ച് കൊണ്ടിരുന്നപ്പോളാണ്   പെട്ടെന്ന് ഡ്യൂട്ടി മെസ്സേഞജര്‍  വന്ന് അഭിവാദ്യം ചെയ്തത് ...ജയ് ഹിന്ദ്‌ സാര്‍ ,  ഒരു  അര്‍ജെന്റ്റ്  മെസ്സേജ് ഉണ്ട്.. മേലാവില്‍ നിന്നുള്ള കല്‍പ്പനയാണ് ...രാജ്യത്തെ പരമോന്നത  വിശിഷ്ട  വ്യക്തികളില്‍  ആരോ ലെ - ലഡാക്ക് സന്ദര്‍ ശിയ്ക്കാന്‍ പോകുന്നു.അത്കൊണ്ട് മുന്‍ കൂട്ടി ഞാനും എന്റെ ടീമും   അവിടെയെത്തണം. ഉടനെ കൂടെയുളളവരെയെല്ലാം വിവരം അറിയിച്ചു ..എല്ലാവരും ഉടനെ തന്നെ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. വളരെ ദൈര്‍ഘ്യമേറിയതും ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്നതുമായ യാത്രയാണ്‌ ...വളരെയധികം കാര്യങ്ങള്‍ മുന്‍കൂട്ടി കാണേണ്ടതുണ്ട് പിന്നെ കുറെയധികം  തയ്യാറെടുപ്പുകളും....വിവരം അറിയിക്കേണ്ടവരെ എല്ലാം അറിയിക്കണം അതും അതാതിന്റെ സമയത്ത് തന്നെ...

ദില്ലിയില്‍ നിന്നും ലെ യിലേയ്ക്ക് 3 - 4 മാര്‍ഗങ്ങളുണ്ട്. ഒന്ന് ദില്ലി - ജമ്മു- ശ്രീനഗര്‍- കാര്‍ഗില്‍- ലെ  അല്ലെങ്കില്‍ ദില്ലി - മനാലി- രൊഹ്താങ്ക്‌ - ലെ പിന്നെ ഏറ്റവും എളുപ്പവും ബുദ്ധിമുട്ടൊന്നും ഇല്ലാത്തതുമായ വിമാന യാത്ര. ദില്ലി - ലെ അല്ലെങ്കില്‍ ദില്ലി- ചണ്ടിഗഡ്- ലെ . ഞങ്ങള്‍ ആദ്യത്തെ മാര്‍ഗം തിരഞ്ഞെടുത്തു. ജമ്മു വരെ ട്രെയിനില്‍ പിന്നെ അവിടെ നിന്നും റോഡുമാര്‍ഗം. ഈ യാത്രയില്‍ രണ്ടിടത് രാത്രി തങ്ങേണ്ടതായുണ്ട്. ഒന്ന് ശ്രിനഗരില്‍ പിന്നൊന്ന് കാര്‍ഗില്‍. വഴിക്കാഴ്ച്ചകളെല്ലാം കണ്ടു കൊണ്ട് സാവധാനത്തിലുള്ള യാത്ര. യാത്രയ്ക്ക് വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി .

അന്ന് വൈകിട്ടത്തെ ട്രെയിനില്‍ ജമ്മുവിലേയ്ക്ക്. അവിടെ കൂടെയുണ്ടായിരുന്നവരും ജൂനിയെര്സും കൂടി എല്ലാവിധ സജ്ജീകരണങ്ങളും ചെയ്തിരുന്നു. ഇനി അവിടെ നിന്നും ലെ  യിലേയ്ക്ക  . ജമ്മുവില്‍ നിന്നും ശ്രിനഗര്‍ വരെയുള്ള യാത്ര അതിര്‍ത്തി രക്ഷ സേനയുടെ കോണ്‍വോയില്‍ ആയിരുന്നു. എനിയ്ക്കും എന്റെ കൂടെയുള്ളവര്‍ക്കും വേണ്ടി നേരത്തെ തന്നെ സീറ്റുകള്‍ ഉറപ്പിച്ചിരുന്നു. ഒരു ദിവസം മുഴുവനും നീളുന്ന വിരസമായ യാത്ര. വളഞ്ഞു പുളഞ്ഞു പോകുന്ന റോഡ്‌ .അതി രാവിലെ പുറപ്പെട്ടാല്‍ ഏതാണ്ട് രാത്രിയാകുമ്പോളാണ്   ശ്രിനഗരില്‍ എത്തുക. വാഹനങ്ങളുടെ   നീണ്ട നിര തന്നെ യുള്ളതിനാല്‍   യാത്രയുടെ  വേഗം വളരെ കുറവ്. അന്നത്തെ മുഴുവന്‍ ദിവസ യാത്രയ്ക്ക് ശേഷം ഞങ്ങള്‍ ശ്രിനഗരില്‍   എത്തി. ഇനി ഇവിടെ ഒരു ദിവസം വിശ്രമിച്ചതിനു ശേഷം മാത്രം മുന്നോട്ടുള്ള യാത്ര. അടുത്ത ദിവസം ഒരു നീണ്ട യാത്ര ചെയ്യാനുള്ളത് കൊണ്ട് ശ്രിനഗര്‍ ചുറ്റി നടന്നു കാണേണ്ട എന്ന് തീരുമാനിച്ചു.  ശ്രിനഗരില്‍ കാഴ്ചയ്ക്കായി   ദാല്‍ ലേക്കിലെ ശികാരകളും ഹൌസ് ബോട്ടുകളും  , ചാര്‍ ചിനാര്‍,  ഹസ്രത് ബാല്‍, ശങ്കരാചാര്യ ക്ഷേത്രം, ചസ്മ ശാഹി, പരി മഹല്‍  പിന്നെ കുറെ യധികം പൂന്തോട്ടങ്ങളും അതില്‍ പ്രധാനം നിശാത് , ഷാലിമാര്‍ എന്നിവയാണ് . ഇപ്പറഞ്ഞവയെല്ലാം ഇതിനു മുന്‍പും ഓരോ  അവസരത്തില്‍ നടന്നു കണ്ടിട്ടുള്ളതാണ്.  ആദ്യ രാത്രിയിലെ താമസം പരി മഹാളിലെ ഒരു കോട്ടെജില്‍ ആണ്. പരി മഹലിനെ ( HOUSE ഓഫ് FAIRIES )  പറ്റി പറയേണ്ടിയിരിക്കുന്നു. ഇതൊരു സ്മാരകം എന്നതിലുപരി ഒരു പൂന്തോട്ടം കൂടിയാണ്. ദാരാ ഷുക്കോ തന്റെ സൂഫി അധ്യാപകന് വേണ്ടി നിര്‍മിച്ചതാണിത് . ഇവിടെ നിന്നും ശ്രിനഗര്‍ നഗരത്തിന്റെ കാഴ്ച ഒന്ന് കാണേണ്ടത് തന്നെ !!!... പരിമഹളിലെയ്ക്കുള്ള വഴിയില്‍ തന്നെയാണ് ചസ്മ ശാഹി..വളരെ യധികം ഔഷധ മൂല്യമുള്ള ഒരു ചെറിയ ജലസ്ത്രോതസ് ഒരു കല്‍പ്പാത്തിയിലൂടെ ഒഴുകി വരുന്നു. അതാണ് ചസ്മ ശാഹി (ROYAL SPRING ). അവിടെ നിന്നും നമുക്ക് ജലം രുചിച്ചു നോക്കാം.ഒരിത്തിരി മധുര രസമുള്ള നല്ല തണുത്ത  ജലം. അവിടെ നിന്നും ജലം പാത്രങ്ങളില്‍ സേഖരിച്ചു കൊണ്ട് പോകുന്നവരെയും വളരെയധികം കാണാം.  ജവഹര്‍ലാല്‍ നെഹ്‌റു പ്രധാന മന്ത്രി ആയിരുന്നപ്പോള്‍ ഇവിടുത്തെ ജലമാണ് കുടിയ്ക്കാന്‍ ഉപയോഗിചിരുന്നതത്രേ. എല്ലാ ദിവസവും ഇവിടെ നിന്നും വിമാന മാര്‍ഗം ജലം ദില്ലിയിലേയ്ക്ക് അയക്കുമായിരുന്നു പോലും. എന്തായാലും അതിനു താഴെ ഒരു നെഹ്‌റു മെമ്മോറിയല്‍ പാര്‍ക്കും ഉണ്ട്. അത്യാവശ്യം പരിമഹലും    ചസ്മ സഹിയും ചുറ്റിനടന്നു  കണ്ടു  മുറിയില്‍ വന്നു വിശ്രമിച്ചു. കൂടെ മുന്‍പ് ഉണ്ടായിരുന്ന ഒന്ന് രണ്ടു പേര്‍ അവിടെ ഉണ്ടായിരുന്നത് കൊണ്ട് അവരോടു വെടി വട്ടം പറയാനും കുറച്ചു സമയം ചിലവഴിച്ചു.
 


പരി മഹല്‍
                                                                      

ചസ്മാ സാഹി 
ഇതിനകം തന്നെ അടുത്ത ദിവസത്തെ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ അവര്‍ നടത്തിക്കഴിഞ്ഞിരുന്നു. 16  പേര്‍ക്ക് സഞ്ചരിയ്ക്കാവുന്ന ഒരു പുതിയ  വാനില്‍ ആണിനി ഞങ്ങളുടെ രണ്ടു ദിവസത്തെ യാത്ര. ഡ്രൈവര്‍ ഒരു ചെറുപ്പക്കാരനായിരുന്നു. ഈ അടുത്ത കാലത്ത് ജമ്മു കശ്മീര്‍ പോലീസില്‍ ചേര്‍ന്നതെയുള്ളൂ.
അടുത്ത ദിവസം രാവിലെ തന്നെ എല്ലാവരും വണ്ടിയില്‍ കയറി. കൂടെയുള്ള സാധനങ്ങളെല്ലാം  ഒന്ന് കൂടി പരിശോധിച്ച് ഉറപ്പാക്കി.  ഭാരത് മാതാ കീ ജയ്..... അങ്ങിനെ ലെ യിലേയ്ക്ക്.....

മൂന്നു വര്‍ഷം മുന്‍പ് യുദ്ധ സമാനമായ സ്ഥിതി നിലനിന്നിരുന്നിടതെയ്ക്കാണ് ഇന്നത്തെ യാത്ര.  കാര്‍ഗില്‍.. ഇതിനു മുന്‍പും പല തവണ ശ്രിനഗരില്‍ വന്നിട്ടുണ്ടെങ്കിലും കാര്‍ഗിലിലേയ്ക്ക് ...അതാദ്യമാണ്.  ഏതാണ്ട് 210  കി മി ..ഗന്ദര്‍ ബാല്‍  - കങ്കന്‍ - ഗുണ്ട്  - സോനാ മാര്‍ഗ് - ബാല്‍ടാല്‍ - ദ്രാസ്  വഴി  NH 1D  യിലൂടെ    കര്‍ഗിലെയ്ക്ക് . 

 
സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരവും റോഡിന്റെ ദയനീയ സ്ഥിതിയും ഉറഞ്ഞു കിടക്കുന്ന മഞ്ഞു പാളികളും കാരണം ഏകദേശം മുഴുവന്‍ ദിവസത്തെ യാത്ര.   ഇതിനെല്ലാം പുറമേ യാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷയ്ക്ക് വേണ്ടി ഇന്ത്യന്‍ സൈന്യവും പോലീസും നടത്തുന്ന ചെക്കിങ്ങുകളും.......യാത്രയിലുടനീളം  സൈന്യത്തിന്റെയും ഐ ടീ ബീ പീ യുടെയും സാന്നിധ്യം എങ്ങും കാണാം.  ഒലിവ് ഗ്രീന്‍ നിറത്തിലുള്ള ഇന്ത്യന്‍ പട്ടാള ബാരക്കുകളും മഞ്ഞു പോലെ വെള്ള നിറത്തിലുള്ള ഐ ടീ ബീ പീയുടെ ബാരക്കുകളും.   ഇടയ്ക്ക് കണ്ട ഒന്ന് രണ്ടു ക്യാമ്പിലോക്കെ നിര്‍ത്തി ഞങ്ങള്‍ ചായ കുടിച്ചു....എവിടെയും ഉണ്ട് ഒരു മലയാളി സാന്നിധ്യം... മുകളിലേയ്ക്ക്  കയറുംതോറും ദില്ലിയിലെ ചൂടിനു വിപരീതമെന്നോണം തണുപ്പ് കൂടി  കൂടി വന്നു..എങ്ങും ഉയരമുള്ള മലകളും മഞ്ഞുപാളികളും മാത്രം...മഞ്ഞുരുകി ഒഴുകുന്ന വെള്ളം റോഡിന്റെ വശങ്ങളിലൂടെ  ഒഴുകുന്നു. വെയില്‍ അടിക്കുന്നതോടെ മഞ്ഞു മലകള്‍ പല നിറത്തിലുള്ളതായി മാറുന്നു. വളഞ്ഞു പുളഞ്ഞു കിടക്കുന്ന പെരുംബാമ്പിനെപ്പോലെ റോഡ്‌.കാര്‍ഗില്‍ അടുക്കുന്തോറും ഒരു യുദ്ധഭൂമിയില്‍ എത്തിയ പ്രതീതി.ബോംബാക്രമണത്തില്‍ തകര്‍ന്ന ബങ്കറുകളും റോഡുകളും ....പലയിടത്തും ഒരു കാലത്ത് വളരെ അധികം വിവാദം സൃഷ്ടിച്ച ബൊഫോര്‍സ് തോക്കുകള്‍  വലിയ കാമോഫ്ലാസ്  വലകള്‍ കൊണ്ട് മൂടിയിട്ടിരിക്കുന്നത് കണ്ടു ...ഏതാണ്ട് 4  മണിയോടെ ഞങ്ങള്‍ കാര്‍ഗില്‍ എത്തി....സര്‍ക്യുട്ട് ഹൌസില്‍ ആയിരുന്നു താമസം. കാര്‍ഗില്‍ വളരെ ചെറിയ ഒരു പട്ടണമാണ്. യാതൊരു വിധത്തിലുള്ള പര്യടക  സവിശേഷതയും  ഇല്ലാത്ത പട്ടണം.വളരെക്കുറച്ചു കടകളും പൊടി നിറഞ്ഞ റോഡുകളും ഒന്നോ രണ്ടോ ധാബകളും  മാത്രം .  ഷെല്‍ വന്നു പതിച്ച അടയാളം  സര്‍ക്യുട്ട് ഹൌസിന്റെ മുന്നിലെ ഒരു മരത്തില്‍ കണ്ടു. എല്ലാ വീടുകളുടെ മുന്നിലും ഭൂമിക്കടിയില്‍ ബങ്കറുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു കുടുമ്പത്തിലെ അംഗങ്ങള്‍ക്ക് മുഴുവന്‍ താമസിയ്ക്കാന്‍   മാത്രമുള്ള വലുപ്പമുണ്ട് ഓരോ ബന്കറിനും ....അതിര്‍ത്തിയ്ക്കപ്പു റത്ത് നിന്നുള്ള ഷെല്ലിംഗ് ഉണ്ടാകുമ്പോള്‍ ഗ്രാമത്തിലെ  ജനങ്ങള്‍ ഈ ബന്കറിലാണ് അഭയം തേടുന്നത്.ചിലപ്പോള്‍ ഈ ഷെല്ലിംഗ് ദിവസങ്ങളോളം തുടരും പോലും.

ബോഫോര്‍സ്  തോക്ക്  കാര്‍ഗിലില്‍

 

കാര്‍ഗില്‍ പട്ടണം 


സിര്‍ക്യുറ്റ് ഹൌസിനു മുന്നിലെ ശിലാ ഫലകം
 
കാര്‍ഗില്‍ യുദ്ധതന്ത്രപരമായി വളരെ പ്രധാനപ്പെട്ട പട്ടണമാണ്. കാര്‍ഗില്‍ മലനിരകളെല്ലാം ഏതാണ്ട് 5000  മീറ്റര്‍  ഉയരത്തില്‍  NH  1D  യിലേയ്ക്ക് നോക്കിയിരിക്കുന്ന തരത്തിലാണ്   സ്ഥിതി ചെയ്യുന്നത് . കൂടാതെ  പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള സ്കാര്‍ദു  പട്ടണം വെറും 176  കി മി ദൂരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇതിലൊക്കെ ഉപരിയായി ശ്രിനഗര്‍ - ലെ  ഹൈ വേ ( NH 1D ) നിയന്ത്രണ രേഖയ്ക്ക് (LOC ) സമാന്തര മായും ചേര്‍ന്നും   കടന്നു പോകുന്നു. യുദ്ധതന്ത്രപ്രധാനമായ ഇവിടം പിടിച്ചടക്കിയാല്‍ ലഡാക്  പ്രവിശ്യലേയ്ക്കുള്ള എല്ലാവിധ ചരക്കുഗതാഗതവും നിര്‍ത്തി വെയ്ക്കേണ്ടി വരുകയും ലഡാക്  മുഴുവനായും ഒറ്റപ്പെടുകയും ചെയ്യും. ഇത് സംഭവിയ്ക്കുന്നതിനോടൊപ്പം തന്നെ സിയാച്ചിന്‍ ഗ്ലേസിയെറിലെയ്ക്കുള്ള  ചരക്കു ഗതാഗതവും നിലയ്ക്കും. ഇക്കാരണങ്ങളൊക്കെ കൊണ്ട് തന്നെ കാര്‍ഗിലിന്‍റെ സുരക്ഷ ഭാരതത്തെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമായ ഒന്നാണ്.

LOC  യും കാര്‍ഗിലും മാപ്പില്‍


ദിവസം മുഴുവനും നീണ്ടു നിന്ന കുലുങ്ങി കുലുങ്ങിയുള്ള യാത്ര കാരണവും കാര്‍ഗിലില്‍ പ്രത്യെകിച്ചൊന്നും കാണാനില്ലാത്തത് കൊണ്ടും നേരത്തെ ഭക്ഷണം അകത്താക്കി കിടന്നുറങ്ങി. അടുത്ത ദിവസവും ഇനിയൊരു നീണ്ട യാത്ര ബാക്കി കിടക്കുന്നു.

അതിരാവിലെ കാര്‍ഗിലില്‍ നിന്ന് ലെ യിലേയ്ക്ക് പുറപ്പെട്ടു.  മലനിരകളും മഞ്ഞും കണ്ടു കണ്ടു കൂടെയുള്ളവര്‍ക്കൊക്കെ മടുപ്പ് തോന്നി തുടങ്ങിയിരുന്നു. ഡ്രൈവര്‍ അല്‍താഫ് നല്ല രസികനായിരുന്നു ...പാട്ട് പാടിയും കൊച്ചു  
കൊച്ചു തമാശകള്‍ പറഞ്ഞും അവന്‍ യാത്ര രസകരമാക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.   കുറച്ചു കഴിഞ്ഞപ്പോള്‍ അല്‍താഫ് വണ്ടിയിലെ പാട്ടുപെട്ടി ഓണാക്കി . ജഗ്ജീത് സിംഗ് തന്റെ ദുഖം നിറഞ്ഞ ശബ്ദത്തില്‍  പാടിത്തുടങ്ങി .

 ये दौलत भी ले लो ,,,,, ये शोहरत भी ले लो ,,,,,,
भले छीन लो मुझसे मेरी जवानी
मगर मुझको लौटा दो बचपन का सावन ......
वो कागज़ की कस्ती , वो बारिस का पानी .......


തന്റെ സമ്പത്തിനും പ്രശസ്തിയ്ക്കും  യൌവനത്തിനും  പകരമായി   തന്റെ കുട്ടിക്കാലം തിരികെ ചോദിയ്ക്കുകയാണ് കവി...


കുറച്ചു നേരത്തേയ്ക്ക് ഹരിത   സസ്യശ്യാമളമായ  നമ്മുടെ നാട്ടിലെ എന്റെ കുട്ടിക്കാലത്തെ പ്പറ്റി ഓര്‍ത്തു പോയി. ഭാരതത്തിന്റെ തെക്കേ അറ്റത്തുള്ള ആ ഹരിത ഭൂമിയില്‍ നിന്ന് ഈ മഞ്ഞു മലകളുടെ നാട്ടിലെത്തി നില്‍ക്കുന്നു ഞാന്‍.
 
ഈ ഭാഗത്തെ റോഡുകളുടെ അറ്റ കുറ്റ പണികളും നിര്‍മാണവും നടത്തുന്നത് ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനിലെ എന്ജിനിയെര്‍സ് ആണ്. ഹിമാങ്ക് (HIMANK ) എന്നാണ് അവരുടെ ഈ ഭാഗത്തെ വിഭാഗത്തിന്റെ പേര്.  തികച്ചും കൌതുകം ഉളവാക്കുന്നതും രസകരമായതുമായ ഗതാഗത മാര്‍ഗനിര്‍ദേശ ങ്ങള്‍ അവരുടെ വക   പലയിടത്തും കണ്ടു. 

ഒരു യാത്ര മാര്‍ഗ നിര്‍ദേശം

ശ്രിനഗര്‍ - ലെ റോഡ്‌

എങ്ങും ഉയരമുള്ള പര്‍വത നിരകളും തണുത്ത കാറ്റും മഞ്ഞും മാത്രം. ഇടയ്ക്കിടയ്ക്ക് കാണുന്ന ഒന്നോ രണ്ടോ വീടുകള്‍ അല്ലെങ്കില്‍ അങ്ങ് ദൂരെ താഴെ പൊട്ടു പോലെ കാണുന്ന ഗ്രാമങ്ങള്‍.... ഇതിനിടയില്‍ റോഡു പണി നടക്കുന്ന ഒരിടത്ത്‌ ഇത്തിരി നേരം കാത്തു നില്‍ക്കേണ്ടി വന്നു.  കുറച്ചു കഴിഞ്ഞപ്പോള്‍ അടുത്ത് നിന്നൊരു ചോദ്യം..സാര്‍ മലയാളിയാണോ ???  എന്റെ രൂപവും തൊലിയുടെ നിറവും മീശയും എല്ലാം കൂടി കണ്ടത് കൊണ്ടാവും പെട്ടെന്നുള്ള ചോദ്യം.  നോക്കിയപ്പോള്‍ കറുത്തിരുണ്ട ഒരു ചെറുപ്പക്കാരന്‍....അവനു തണുപ്പ് സഹിയ്ക്കാന്‍ കഴിയുന്നില്ലായെന്നു ആര്‍ക്കും ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും.തലയില്‍ വലിയ രോമ തൊപ്പിയും കഴുത്തില്‍ മഫ്ലറും  നല്ല കനം കൂടിയ കമ്പിളിക്കോട്ടും കൈകളില്‍ ഗ്ലൌസുമൊക്കെയുണ്ട്. കായങ്കുളംകാരന്‍ ഭരതന്‍...... ഒരു മാസം മുന്‍പ് ഡ്രൈവര്‍ ആയി ജോയിന്‍ ചെയ്തതെയുള്ളൂ. ആദ്യത്തെ പോസ്റ്റിങ്ങ്‌ തന്നെ ഹിമാങ്കില്‍ ....തണുപ്പും ഇഷ്ടപ്പെടാത്ത ഭക്ഷണവും അറിയാന്‍ പാടില്ലാത്ത ഭാഷയും വീട്ടുകാരേയും കൂട്ടുകാരേയും  പിരിഞ്ഞു പോന്നതിലുള്ള  സങ്കടവും ഒക്കെ  കാരണം കക്ഷി ആകെ വിഷമിച്ചു നട്ടം തിരിഞ്ഞിരിയ്ക്കുകയാണ്. ദിവസങ്ങള്‍ക്കു ശേഷം ഒരു മലയാളിയെ കണ്ടപ്പോള്‍ ഓടി അടുത്ത് വന്നതാണ്‌ . സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ അവന്റെ കണ്ണ് നിറഞ്ഞു. തണുപ്പിന്റെ കാഠിന്യം കാരണം കൈ വിരലുകളും ചുണ്ടും ഒക്കെ  വരണ്ട് വിണ്ടു കീറിയിരുന്നു.തണുപ്പ് മൂലം സ്ടിയരിംഗ് പിടിക്കാനും അവന്‍ നന്നേ ബുദ്ധി മുട്ടുന്നുണ്ടത്രേ.പിന്നെ അവന്റെ മേലുദ്യോഗസ്ഥനെ ചെന്ന് കണ്ടു വിവരങ്ങളൊക്കെ പറഞ്ഞു അവനെയും സമാധാനിപ്പിച്ചു യാത്ര തുടര്‍ന്നു.ഭാരതത്തിന്റെ തെക്കേ അറ്റത്ത്‌ കേരളീയ ജനത സുഖമായി ഉറങ്ങുമ്പോള്‍ വടക്കേ അറ്റത്ത്‌ ഇങ്ങിനെ ചില സ്ഥലങ്ങളും സ്ഥിതി വിശേഷങ്ങളും കുറെ ആളുകളും ഉണ്ടെന്ന് ആരും ഓര്‍ക്കാറേയില്ല. നമ്മുടെ രാജ്യസ്നേഹം ഓഗസ്റ്റ്‌ 15  നും ജനുവരി 26 നും നടത്തുന്ന ആഘോഷങ്ങളിലും പതാക ഉയര്തലിലും  മാത്രമായി ഒതുങ്ങുന്നു.

ഏതാണ്ട് വൈകുന്നേരമായപ്പോള്‍ ഞങ്ങള്‍ ലെ യിലേയ്ക്ക് അടുത്ത് തുടങ്ങി. 50  കി മി മാത്രം ഉള്ളപ്പോള്‍ ഒരു ബോര്‍ഡ്. മഗ്നെടിക് ഹില്‍ .....ഇതാണ് കാന്ത പര്‍വതം ..ഇതിനു മുകളില്‍ കൂടി പറക്കുന്ന ഹെലികോപ്റ്റര്കളെയും വിമാനങ്ങളെയും പര്‍വതം അതിന്റെ കാന്ത വലയത്തിലെയ്ക്ക് ആകര്‍ഷിക്കുന്നത് മൂലം ഭയങ്കരമായ ജെര്‍കിംഗ് അനുഭവപ്പെടുമത്രേ.... അത് കൊണ്ട് പര്‍വതത്തിനു മുകളിലൂടെയുള്ള പറക്കല്‍ ഒരു പ്രത്യേക ഉയരത്തിലും സ്പീഡിലുമാണ്  പോലും.  എന്തായാലും ഞങ്ങള്‍ അതൊന്നു പരീക്ഷിയ്ക്കാന്‍ തന്നെ തീരുമാനിച്ചു. കൂടെയുണ്ടായിരുന്ന മാരുതി ജിപ്സി ഓഫാക്കി റോഡില്‍ കണ്ട മാര്‍കി ന്ഗില്‍ നിര്‍ത്തി..കുറച്ചു സമയത്തിനുള്ളില്‍ തന്നെ വാഹനം പതുക്കെ ഉരുളാന്‍ തുടങ്ങി...  ആരെയും  അത്ഭുതപ്പെടുത്തുന്ന കാഴ്ച ... അങ്ങിനെയൊരു കാന്തവലയം അവിടെ നിലനില്‍പ്പില്ലെന്നും ഇത് വെറും ദൃഷ്ടി വിഭ്രാന്തിയാണെന്നും   (OPTICAL ILLUSION ) മറ്റൊരു അഭിപ്രായം കൂടിയുണ്ട്.
 

കാന്ത പര്‍വതത്തിനടുത്തെ  സൂചന ഫലകം


ദിവസത്തിന്റെ അന്ത്യത്തില്‍ ഞങ്ങള്‍ ലെ യില്‍ എത്തി.

ജൂണ്‍ മാസം ആയെങ്കിലും ഇപ്പോഴും റോഡരികില്‍ മഞ്ഞ് പെയ്തതിന്റെ അവശിഷ്ടങ്ങള്‍ കാണാം. അധികം തിരക്കും ബഹളവും ഇല്ലാത്തൊരിടമാണ് ലെ. യാതൊരു ധൃതിയും ഇല്ലാതെ നടന്നു നീങ്ങുന്ന ആളുകള്‍. നഗരത്തില്‍ അവിടവിടെയായി ബൌധ ആരാധനയുടെ ഭാഗമായ വലിയ പ്രാര്‍ത്ഥന ചക്രം സ്ഥാപിച്ചിരിയ്ക്കുന്നത്‌ കണ്ടു. അതിനടുത് ചെന്ന് കറക്കി അതിനു ചുറ്റും നടന്നാണ്  ഇവിടുള്ളവര്‍ പ്രാര്‍ഥിയ്ക്കുന്നത്‌. പ്രായമായ ചിലരുടെ കൈയില്‍ ചെറിയ പ്രാര്‍ത്ഥന ചക്രം കണ്ടു. അവരതും ചുറ്റിച്ചു കൊണ്ട് പതുക്കെ നടന്നു നീങ്ങുന്നു.
 

ലടാക്കി  പുരുഷന്മാര്‍ 

ലെ നഗരം

റോഡ്‌ സൈഡിലെ  പ്രാര്‍ത്ഥനാ ചക്രം 

മൂവായിരത്തില്‍ അധികം മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലെ യിലേയ്ക്ക് യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം കൂടുതലായത് കൊണ്ട്  പ്രാണവായുവിന്റെ  കുറവ് കൊണ്ടും അന്ധരീക്ഷമര്‍ദ്ദത്തിന്റെ  കുറവ് കൊണ്ടുമുണ്ടാകുന്ന അസുഖങ്ങളില്‍ നിന്ന് രക്ഷ നേടുകയാണ്‌.അത് കൊണ്ട് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണു ഞങ്ങള്‍ റോഡു മാര്‍ഗം തിരഞ്ഞെടുത്തത്.കൂടുതല്‍ അറിയേണ്ടവര്‍ ഇത് വായിക്കുക.....http://wikitravel.org/en/Altitude_sickness

വീണ്ടും  സര്‍ക്കാര്‍ വക   സര്‍ക്യുറ്റ് ഹൌസില്‍ തന്നെ താമസം.

എല്ലാ വര്‍ഷവും  ജൂണ്‍ മാസം   ലെ  യില്‍ നിന്ന് ഏതാണ്ട് 8  കി മി ദൂരെ  സിന്ധു നദീ തീരത്തെ  ഷെ  (SHEY ) യില്‍ നടക്കുന്ന ഒരു ആഘോഷമാണ് സിന്ധു ദര്‍ശന്‍  ഫെസ്ടിവല്‍..രാജ്യത്തിന്‍റെ നാനാ ഭാഗത്ത്‌ നിന്നുമുള്ള വളരെയധികം  നര്‍ത്തകരും സംഗീതജ്ഞരും വന്ന് അവരവരുടെ കഴിവ് പ്രദര്‍ശിപ്പിയ്ക്കുന്ന ഒരു വേദി കൂടിയാണിത്.  അവിടെ വെച്ച് തമിഴ് നാടിലെ തന്ജാവൂരില്‍ നിന്നും വന്ന കലാകാരന്മാരെ കാണുകയുണ്ടായി. ഇത് കൂടാതെ ഫെസ്റിവലില്‍  രാജ്യത്തിന്‍റെ നാനാഭാഗത്ത്‌ നിന്നുമുള്ള നദികളിലെ ജലം മണ്‍കുടങ്ങളില്‍ കൊണ്ടുവരുകയും പിന്നീടത്‌ സിന്ധു നദിയില്‍ ഒഴുക്കുകയും ചെയ്യുന്നു. നമ്മുടെ പുരാതന സംസ്കാരങ്ങളെല്ലാം   കൂടി  ഒന്നായി തന്നെ പ്രവര്‍ത്തിച്ച് രാജ്യത്തിന്‍റെ അഖണ്ടതയ്ക്കും ഐക്യത്തിനും   സമാധാനത്തിനും വേണ്ടി  പ്രവര്‍തിയ്ക്കട്ടെ എന്ന് ഇത് കൊണ്ട് അര്‍ത്ഥ മാക്കുന്നു.  ഏതാണ്ട് 5000  വര്‍ഷങ്ങള്‍ ക്ക് മുന്‍പ് ഭാരതീയ സംസ്കാരം സിന്ധു നദീതടത്തില്‍ ഉല്‍ഭവിച്ചത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണത്. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഈ ആഘോഷം മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണം കൂടിയാണ്. ബുദ്ധ  മുസ്ലിം ഷിയാ സുന്നി ക്രൈസ്തവ ഹൈന്ദവ സിഖ് വിഭാഗങ്ങളെല്ലാം   ഇതില്‍ പങ്കെടുക്കുന്നു.




പരമ്പരാഗത രീതിയില്‍ വസ്ത്രം ധരിച്ച ലടാക്കി സ്ത്രീകള്‍


ലെ യില്‍ നിന്ന് 70  കി മി ദൂരത്തില്‍ ലെ - ശ്രിനഗര്‍ ഹൈ വെയില്‍  സിന്ധു നദീതീരത്താണ്  അല്‍ ച്ചി (ALCHI ) ഗ്രാമവും ബൌധ വിഹാരവും സ്ഥിതി ചെയ്യുന്നത്. 11 - 12  നൂറ്റാണ്ടിലെ ഭാരതീയ മാതൃകയിലുള്ള ചുവര്‍ ചിത്രകലയ്ക്കു പ്രസിദ്ധമാണിവിടം. ഇവയെല്ലാം ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും യാതൊരു കേടു പാടും കൂടാതെ കാത്തു സൂക്ഷിച്ചി രിയ്ക്കുന്നു.  ചെറുപ്പക്കാരനായ ഒരു ബുദ്ധ സന്യാസി എല്ലായിടവും കൊണ്ട് നടന്നു കാണിയ്ക്കുകയും വിവരിച്ചു തരുകയും ചെയ്തു.  മൂന്നു നിലകളി ലായുള്ള  ബൌധ വിഹാരത്തിന് മൂന്ന് ഭാഗങ്ങളാണുള്ളത്. ദുകാങ്ക് , സുംറ്റ്സെഗ് , മഞ്ജു ശ്രി  (Dhukhang , Sumtseg  and Temple of Manjusri )  എന്നിവയാണവ. ചുവര്‍ ചിത്രങ്ങളുടെ രക്ഷയ്ക്കായി കൃത്രിമ പ്രകാശങ്ങളൊന്നും ഉള്ളറകളില്‍ ഉപയോഗിയ്കാത്തത് കാരണം അകത്തൊക്കെ നല്ല ഇരുട്ടാണ്‌. അത്കൊണ്ട് തന്നെ ക്യാമറ നിരോധിച്ചിരിയ്ക്കുന്നു. എന്നാലും ചെറിയ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ സന്യാസി എല്ലായിടവും കാട്ടി തന്നു. ഉച്ചയായപ്പോള്‍ അവിടെ തന്നെയുള്ള തികച്ചും തിബെറ്റന്‍ മാതൃകയില്‍  ചിത്രപ്പണികള്‍ ചെയ്ത  ചുവരുകളുള്ള ഒരു ഭോജനശാലയില്‍ ഉച്ചഭക്ഷണം.  തികച്ചും തിബെറ്റന്‍ മാതൃകയിലുള്ള   സൂപ്പും പകുതി വേവിച്ച പച്ചക്കറികള്‍ അടങ്ങിയ ഭക്ഷണവും ഒരു വ്യത്യസ്തത ആയിരുന്നു. 1998  ല്‍ ഇറങ്ങിയ മണിരത്നം ചിത്രം ദില്‍സെ യിലെ ചില രംഗങ്ങള്‍ ഈ ബൌധ വിഹാരത്തിലും  പരിസരങ്ങളിലും  ചിത്രീ കരിച്ചി ട്ടുണ്ട്.


അല്‍ച്ചി  ബൌധ വിഹാരം

അല്‍ച്ചിയിലെ  ഭോജനശാല

മഞ്ജുശ്രി  ക്ഷേത്ര കവാടം

ക്ഷേത്രത്തിലെ ബൌധ പ്രതിമ

ക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങള്‍
 ഔധ്യോഗിക  കൃത്യനിര്‍വഹണത്തിനിടയില്‍    വീണ് കിട്ടിയ മറ്റൊരു ദിവസം ഒരു ലടാഖി  ഗ്രാമം കാണാന്‍ പുറപ്പെട്ടു. നല്ല വൃത്തിയും വെടിപ്പുമുള്ള വീടുകള്‍ ....ഏതാണ്ട് 8  മാസം നീണ്ടു നില്‍ക്കുന്ന തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ നല്ല കനം കൂടിയ ഭിത്തികളോടും   ഏറ്റവും കൂടുതല്‍ വെയില്‍ അകത്തു കടക്കാന്‍ പാകത്തിന് വലിയ കണ്ണാടി ജനലുകളോടെ നിര്‍മിച്ച  വീടുകള്‍. പ്രത്യേകം പ്രാര്‍ത്ഥന മുറികള്‍ എല്ലായിടത്തും കണ്ടു. വെണ്ണയും ഉപ്പും ചേര്‍ത്ത നല്ല കടുപ്പത്തിലുള്ള കട്ടന്‍ ചായയും പിന്നെ ബാര്‍ലിയില്‍ നിന്നുണ്ടാക്കുന്ന ചങ്ഗ്  (CHANG ) എന്ന ബിയറിനു സമാനമായ പാനീയവും ആണ് എല്ലായിടത്നിന്നും കുടിയ്ക്കാന്‍ കിട്ടിയത്. വളരെ സമാധാന പൂര്‍ണമായ ജീവിതം നയിക്കുന്നവരാണ് ലടാക്കികള്‍ .

പരമ്പരാഗത രീതിയില്‍ പണിത ലടാക്കി വീട്

 വീട്ടിലെ  പ്രാര്‍ത്ഥനാ മുറി

വീട്ടിലെ മുഖ്യ മുറി

വീട്ടിലെ അടുക്കള


ലെ യില്‍ നിന്ന് 5  കി മി ദൂരെ 4267  മീറ്റര്‍ ഉയരത്തിലാണ് ശാന്തി സ്തൂപം സ്ഥിതി ചെയ്യുന്നത്. 1991  ല്‍ ജാപ്പനീസ് ബുദ്ധ സന്യാസിയാണ് ഇത് പണി കഴിപ്പിച്ചത് .
 
ലടാക്കിലെ ശാന്തി സ്തൂപം
ഏകദേശം രണ്ടാഴ്ച നീണ്ടു നിന്ന ലെ ജീവിതത്തിനിടയില്‍ ഞാന്‍ അത് വരെ ഒഴിവാക്കിയിരുന്ന കാര്യം ചെയ്യേണ്ടി വന്നു. വളരെ ചെറുപ്പം മുതല്‍ തന്നെ ഭക്ഷണത്തില്‍ ആട്ടിറച്ചി കഴിക്കുന്ന ശീലം ഇല്ലായിരുന്നു.എന്നാല്‍ ഒന്ന് രണ്ടു ദിവസം ഗസ്റ്റ്‌ ഹൌസിലെ ഭക്ഷണം കഴിച്ചപ്പോള്‍ തന്നെ മടുപ്പായി. നല്ല പച്ച ക്കറികള്‍ ഒന്നും തന്നെയില്ല ..ലടാഖ് ഭാഗങ്ങളില്‍ മാത്രം കിട്ടുന്ന ചില പച്ചക്കറികള്‍ മാത്രം പിന്നെ നല്ല അരിയുടെ ചോറും പരിപ്പ് കറിയും. സസ്യേതരം എന്ന് പറയാനായി  ചെമ്മരിയാടിന്റെ ഇറച്ചി.  ആട്ടിറച്ചി കഴിക്കാത്തത് കൊണ്ട് സസ്യേതരം എന്നും ഒഴിവാക്കി പോന്നു. പക്ഷെ ഒന്ന് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ സ്ഥിരം പരിപ്പും പച്ചക്കറിയും കഴിച്ച് മടുപ്പായി. പിന്നൊരു ദിവസം സഹികെട്ട്  ചെമ്മരിയാടിന്റെ ഇറച്ചിക്കറി തന്നെ അകത്താക്കി. അങ്ങിനെ ആട്ടിറച്ചി കഴിയ്ക്കാന്‍ മടിച്ചിരുന്ന ഞാന്‍ ചെമ്മരിയാടിന്റെ ഇറച്ചി തിന്നു തുടങ്ങി...അതിനു ശേഷം ഇപ്പോള്‍ ആട്ടിറച്ചി കഴിയ്ക്കുന്നതിലും യാതൊരു പ്രശ്നവും തോന്നിയിട്ടില്ല.
 
ഔധ്യോഗിക  കൃത്യനിര്‍വഹണവും ലെ ചുറ്റിക്കറങ്ങിക്കാണലുമായി ഏതാണ്ട് രണ്ടാഴ്ചയോളം  കടന്നു പോയതറിഞ്ഞില്ല . മടക്കയാത്ര ദില്ലി - ലെ വിമാനത്തില്‍. കാലാവസ്ഥാ വ്യതിയാനം നിമിത്തം രണ്ടു ദിവസം കൂടി വൈകിയേ പുറപ്പെടാന്‍ കഴിഞ്ഞുള്ളു.രണ്ടു ദിവസത്തെ കാത്തി രിപ്പിനു ശേഷം കാലാവസ്ഥ സാധാരണ പോലെ ആകുകയും  അങ്ങിനെ പുറപ്പെട്ടതിന്റെ പതിനേഴാം ദിവസം ഞങ്ങള്‍ ദില്ലിയില്‍ തിരികെയെത്തുകയും ചെയ്തു.

അദ്ധേഹത്തിന്റെ ഡയറിക്കുറിപ്പില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഈ ഔധ്യോഗിക യാത്ര നിങ്ങളോടൊത്ത് പങ്കുവെയ്ക്കാന്‍ സാധിച്ചതില്‍ സന്തോഷം. മഞ്ഞുറഞ്ഞ ലടാക്കിലൂടെ നിങ്ങളും അല്‍പനേരം സഞ്ചരിയ്ക്കൂ...

Tuesday 18 October 2011

ഗംഗാകിനാരെ .........



                                          വിവാഹശേഷം ഭര്‍ത്താവിന്റെ കൂടെ പലകുറി യാത്രകള്‍ ചെയ്തിട്ടുണ്ടെങ്കിലും (പലതും ഔദ്യോഗികാര്‍ത്ഥം) പുണ്യഭൂമിയായ ഒരിടം .....അതെന്നും ഒരു സ്വപ്നമായിരുന്നു.അങ്ങിനെ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് രണ്ടാമതൊരു പൊന്നുമോന്‍ കൂടി വന്നതിനു ശേഷം കിട്ടിയ അദ്ദേഹത്തിന്റെ സ്ഥലം മാറ്റം വീണ്ടും ഞങ്ങളെ ഉത്തര ഇന്ത്യയിലേക്ക്‌ എത്തിച്ചു.അതും പുണ്യ നദിയായ ഗംഗയുടെ മടിത്തട്ടിലേയ്ക്ക്...........അലഹബാദ്‌ ........ഇനിയും വലിയ പരിഷ്കാരങ്ങളൊന്നും എത്തി നോക്കിയിട്ടില്ലാത്ത ജനനിബിഡമായ പഴയ നഗരം.

അലഹബാദ്‌........പ്രയാഗ് എന്ന പ്രാചീന നഗരത്തിനു മുഗളന്മാര്‍ നല്‍കിയ പേര്.സംസ്കൃതത്തില്‍ പ്രയാഗ് എന്നാല്‍ ത്യാഗത്തിന്റെ നഗരം എന്നത്രേ.ത്രിവേണി സംഗമത്തിന്റെയും 12  വര്‍ഷത്തില്‍ ഒരിയ്ക്കല്‍ നടക്കുന്ന കുംഭമേളയുടെയും നഗരം.ഭാരതത്തില്‍ ഇതുവരെയുണ്ടായ പ്രധാനമന്ത്രിമാരില്‍  ഏഴു പേരും പഠനം കൊണ്ടോ ജന്മം കൊണ്ടോ കര്‍മം കൊണ്ടോ ഈ നഗരവും ആയി ബന്ധപെട്ടിരുക്കുന്നു .

ഞങ്ങള്‍ അവിടെയെത്തിയ സെപ്റ്റംബര്‍ ഒക്ടോബര്‍ മാസത്തില്‍ വേനലിന്റെ കാഠിന്യം കുറച്ചൊന്ന് അടങ്ങിയിരുന്നു .എങ്കിലും ആകെയൊരു വരണ്ട കാലാവസ്ഥ .പുലര്‍ച്ചയ്ക്കും സന്ധ്യയ്ക്കും ചൂളം കുത്തുന്ന കാറ്റും നേരിയ മഞ്ഞും.ഇപ്പോഴും ഓര്‍മ വരുന്നത് അന്നൊക്കെ ഞാനും കുട്ടികളും ദേഹത്ത് പുരട്ടുന്ന കോള്‍ഡ്‌ ക്രീമിന്റെ സ്നിഗ്ദതയും നേര്‍ത്ത സുഗന് ധവും ആണ് .അവിടെ ഔദ്യോഗിക തിരക്കുകള്‍ നിരന്തരം അദേഹത്തെ എന്നില്‍ നിന്നകറ്റിയെങ്കിലും ക്യാമ്പിലെ ജീവിതം സന്തോഷപ്രദമായിരുന്നു.ഞങ്ങള്‍ ഭാര്യമാര്‍ ഒന്നിയ്ക്കുന്ന കിറ്റിപാര്‍ട്ടികള്‍ അവിടെ സജീവമായിരുന്നു.സൊറ പറച്ചിലും ചെറിയ കുസൃതികളികളും തംബോലയും പിന്നെ ഇടയ്ക്കിടയ്ക്ക് ഓര്‍ടെര്ളി വിളമ്പുന്ന ചൂടുള്ള പകോടയും പച്ചപ്പ്‌ വിതറുന്ന എരിവുള്ള പുതിന ചട്നിയും ഇപ്പോഴും വല്ലാതെ മിസ്സ്‌ ചെയ്യുന്നു.അദ്ദേഹത്തിന്റെ തിരക്കുകള്‍ക്കിടയ്ക്ക് നഗരം ചുറ്റിക്കാണാന്‍ തുടക്കത്തില്‍ ഒന്നും ഒരവസരം കിട്ടിയില്ല.തന്നെയുമല്ല അതിനായി വളരെയധികം കാത്തിരിക്കേണ്ടി വന്നു.

ഈ പ്രവാസജീവിതത്തിനിടയില്‍ നാട്ടില്‍ നിന്നും അവിചാരിതമായി വന്ന ഒരു സുഹൃത്തിന്റെ ഫോണ്‍ സംഭാഷണത്തിനിടയില്‍ കിട്ടിയ ഒരു നുറുങ്ങു തേടി കണ്ടു പിടിയ്ക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്.ഈ നഗരത്തിലും ഞങ്ങളുടെ ഒരു സുഹൃത്ത്‌ ഒളിഞ്ഞിരിപ്പുണ്ടത്രേ.എന്റെ ബാല്യതിലേയുള്ള സുഹൃത്താണവള്‍.ഗ്രാമത്തിലെ ചെറിയ സര്‍ക്കാര്‍ പള്ളിക്കൂടം മുതല്‍ ഹൈസ്കൂള്‍  വരെ ഒരുമിച്ച്.പിന്നീട് നഗരത്തിലെ പ്രശ സ്തമായ  കോളേജ് കാമ്പസ്സിലും ഞങ്ങള്‍ ഒരുമിച്ചായിരുന്നു.ദ്വീപില്‍ നിന്ന് അക്കരെ കടന്ന് അവളും ഇതിനകം ഒരുപാട് ദൂരം സഞ്ചരിച്ചിരുന്നു.അവള്‍ ഈ നഗരത്തിലെവിടെയോ ഉണ്ടെന്ന അറിവ് എന്നെ വിസ്മയിപ്പിച്ചു.രാത്രി വൈകിയെത്തിയ അദ്ദേ ഹത്തിനോട് കാത്തുവെച്ച സര്‍പ്രൈസ് പറയുമ്പോള്‍ പുള്ളിയും ഞെട്ടി.അവള്‍ അദ്ദേ ഹത്തിന്റെയും സുഹൃത്തായിരുന്നല്ലോ.പിന്നെ അന്വേഷണങ്ങള്‍ ........കുറെ ഫോണ്‍ വിളികള്‍ ........ഒടുവില്‍ മേല്‍വിലാസം കിട്ടിയപ്പോഴുള്ള ത്രില്‍........പിന്നീട് നേരില്‍ കണ്ടപ്പോഴുള്ള സന്തോഷം ......അത്  പറഞ്ഞറി യിക്കാനാവില്ല.കുറെ നാളുകളായി കാണാതിരുന്ന, നമുക്ക് പ്രിയപ്പെട്ടൊരാളെ കണ്ടെത്തുമ്പോളുള്ള ഒരു സുഖം എങ്ങനെ പറയാന്‍.


മലയാളികള്‍ പേരിനു മാത്രം ഉണ്ടായിരുന്ന ഒരു സ്ഥലമായിരുന്നു അലഹബാദ്‌.നഗരത്തിലെ ബിഗ്‌ ബസാറിലെ പലവ്യന്ജനങ്ങല്‍ക്കിടയിലും  വസ്ത്രക്കൂ മ്ഭാരങ്ങള്‍ ക്കിടയിലും ഞാനെപ്പോഴും ഒരു മലയാളിയെ തിരയുമായിരുന്നു.വല്ലപ്പോഴും ആരെയെങ്കിലും കണ്ടാല്‍ .....മലയാളം എവിടെയെങ്കിലും കേട്ടാല്‍ ....മനസ്സ് കുതിയ്ക്കും.അപ്പോള്‍ എന്റെ മകള്‍ എന്നെ കളിയാക്കും. ഈ അമ്മ .......അവള്‍ നീരസത്തോടെ പുലമ്പും.ഇപ്പോഴായി അങ്ങിനെയുള്ള അവസരങ്ങളിലൊക്കെ നിസ്സംഗ തയോടെ നില്ക്കാറാണ് പതിവ്.കുട്ടികള്‍ വളര്‍ന്നു.അവര്‍ക്ക് നമ്മുടെ ഗൃഹാതുരത്വം അന്യമാകുന്നു."Don t  be silly Amma " എന്ന് നിഷേധാര്‍ത്ഥത്തില്‍ മറുപടി പറയുന്നു.

വലിയ വൃത്തിയൊന്നുമില്ലാത്ത ഒരു പഴയ നഗരമാണ് അലഹബാദ്‌ ,പാന്‍ ചവച്ചു തുപ്പി റോഡു മുഴുവന്‍ വൃത്തികേടാക്കിയ ഒരു കൂട്ടം റിക്ഷക്കാരും കാല്‍നടക്കാരും നിറഞ്ഞോരിടം.പക്ഷെ അവരൊക്കെ ശുദ്ധ ഹൃദയരാനെന്നാണ് എന്റെ അനുഭവം.സ്ത്രീകളോട് മാന്യമായി മാത്രം പെരുമാറാന്‍ അറിയാവുന്ന തനി ഗ്രാമീണര്‍.തുരിച്ചുനോട്ടങ്ങളും അശ്ലീല കമന്റുകളും ഭയന്ന് നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ പുറത്തിറങ്ങാന്‍ മടിക്കുമ്പോള്‍ ഞാനെപ്പോഴും അലഹബാദിലെ തിരക്കേറിയ ഞെരുങ്ങി നീങ്ങാറുള്ള ഗളികളിലൂടെയുള്ള യാത്രകള്‍ ഓര്‍ക്കാറുണ്ട് .
തിരക്കുകളില്‍ നിന്ന് മോചനം നേടി ചിലപ്പോഴെല്ലാം ഞങ്ങള്‍ കുടുംബ സമേതം നഗരത്തിലൂടെ വെറുതെ ചുറ്റി നടന്ന ഒരു ദിവസമാണ് ELCHIKO  യില്‍ കയറിയത്.അലഹബാദി ന്റെ  ലാണ്ട്മാര്‍കായ ഒരു പഴയ രേസ്റൊരന്റ്റ് .1964 ല്‍ സ്ഥാപിതം.നല്ല ഭക്ഷണവും ഹൃദ്യവുംമാന്യവുമായ സേവനമാണ് അവരുടെ മുഖമുദ്ര.പിന്നീടു ELCHIKO  ഞങ്ങളുടെ ഒരു ദൌര്‍ഭല്യമായി മാറി എന്നുതന്നെ പറയാം.അലഹബാദിലെ ചപ്പാതിയ്ക്കും ധാലിനും വല്ലപ്പോഴുമൊക്കെ വിട.

                                  ELCHIKO 1964  ഫിഷ്‌ ഫെസ്റ്റി വലിന്റെ നിറവില്‍

നഗരത്തിന്റെ നടുവിലെ ചന്ദ്രശേഖര്‍ ആസാദ്‌ പാര്‍ക്ക്‌ , കമ്പനി ഭാഗ് അല്ലെങ്കില്‍ ആല്‍ഫ്രഡ്‌ പാര്‍ക്ക്‌ ,നമ്മുടെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ് .ചന്ദ്ര ശേഖര്‍ ആസാദ്‌ ബ്രിടീഷ് പട്ടാളത്തിന്റെ വെടിയേറ്റ്‌ വീണ് രക്ത സാക്ഷിയായത് ഈ പാര്‍ക്കില്‍ വെച്ചാണ്‌.ഒരു വലിയ ആല്‍മരത്തിന്റെ ചുവട്ടില്‍ ..ആ മരം ഇപ്പോഴും സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു.ആ മണ്ണില്‍ നിന്നപ്പോള്‍ ഞരമ്പി ലൂടെയുള്ള ചോരതുടിപ്പ് കൂടിയോയെന്നു സംശയിച്ചു .പണ്ടെപ്പോഴോ വിളിച്ചു മറന്ന മുദ്രവാക്യം .....രക്തസാക്ഷികള്‍ സിന്ദാബാദ്‌ .....ഇങ്കിലാബ് സിന്ദാബാദ്‌...കൈകള്‍ അറിയാതെ തെല്ലുയര്‍ന്നുവോ ? അറിയില്ല ? അടുത്ത് നില്‍ക്കുന്ന അദേഹത്തിന് തെല്ലും രസിക്കാത്ത ഒന്നാണ് രാഷ്ട്രീയം .മനസ്സില്‍ ആ രക്തസാക്ഷിയ്ക്ക് മൌനമായി അര്‍പ്പിച്ച അഭിവാദ്യം കേട്ട് കാണുമോ ആവോ?പാര്‍ക്കിനുള്ളില്‍ തന്നെയാണ് അലഹബാദ്‌ മ്യുസിയം വിക്ടോറിയ മെമോറിയല്‍ ലൈബ്രറി എന്നിവ.എന്തായാലും ചരിത്രത്തിന്റെ ഹൃദയം സ്പന്ദിയ്ക്കുന്ന ഇവിടം സന്ദര്‍ശിക്കാനായത് നവ്യമായ ഒരനുഭൂതിയായി ഇന്നും മനസ്സില്‍ സൂക്ഷിയ്ക്കുന്നു.

                                                             കമ്പനി ബാഗ്


                                                 കമ്പനി ബാഗിലെ ആസാദ് പ്രതിമ.


 ഇന്ത്യയിലെ പുരാതനമായ നാല് യൂണിവേര്‍സിടികളിലൊന്ന്‌ ഇവിടെയാണ്. ഗോതിക് രീതിയില്‍ പണി കഴിപ്പിച്ച പല കെട്ടിടങ്ങളും അലഹബാദ്‌ യൂണിവേര്‍ സിടിയില്‍ കാണാം . ബ്രിടീഷ് ഭരണ കാലത്ത് പാര്‍ലിമെന്റ് എന്ന് വിശേഷിപ്പിച്ചിരുന്ന ആനന്ദ് ഭവന്‍, സ്വരാജ് ഭവന്‍ എന്നിവയും ഇവിടെയാണ്. ഇതില്‍ സ്വരാജ് ഭവന്‍ നെഹ്‌റു കുടുംബത്തിന്റെ പൈതൃക ഭവനമാണ്. നെഹ്‌റു കുടുംബത്തിന്റെ ഫോട്ടോകളും എഴുത്ത് കുത്തുകളും എല്ലാം ഇവിടെ കാണാം. നെഹ്‌റു കുടുംബത്തിനെ പ്പറ്റി കൂടുതല്‍ അറിയേണ്ടവര്‍ക്കായി ഓരോ മണിക്കൂര്‍ ഇടവിട്ട്‌ വീഡിയോ ഷോകളും ഇവിടെയുണ്ട്.
  
പിന്നീട് അലഹബാദിന്റെ മാറിലൂടെയൊഴുകുന്ന ഗംഗയ്ക്കും യമുനയ്ക്കും ഒപ്പം അധ്രു ശ്യയായി ഒഴുകുന്ന സരസ്വതിയും സംഗമിയ്ക്കുന്ന ത്രിവേണി സംഗമം വേറിട്ടൊരു അനുഭവമാണ്‌ സമ്മാനിച്ചത് .ഹിന്ദുക്കളെ സംബന്ടിച്ചിടത്തോളം ഒരു പുണ്യസ്ഥലമാണിവിടം.പാലാഴിമദനത്തിന് ശേഷം ദേവന്മാരും അസുരന്മാരും തമ്മില്‍ നടന്ന ഘോരയുദ്ധത്തിനിടയില്‍ അമൃത് തുള്ളികള്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാലിടത്തായി വീണു എന്നാണ് ഐതിഹ്യം. അവ ഹരിദ്വാര്‍, നാസിക് , പ്രയാഗ് ( അലഹബാദ്‌ ),ഉജ്ജൈന്‍ എന്നിവ ആണ്. അത്കൊണ്ട് തന്നെ 12 വര്‍ഷത്തി ല്‍ ഒരിയ്ക്കല്‍ ഇവിടെ മഹാ കുംഭ മേള നടക്കുന്നു.ഒരു മാസം നീളുന്ന ഈ മേളയില്‍ കോടിക്കണക്കിനു വിശ്വാസികളാണ് ലോകത്തിന്റെ നാനാഭാഗത്ത്‌ നിന്നും വന്നു പുണ്യ സ്നാനം (HOLY DIP ) ചെയ്യുന്നതു .ഇത് കൂടാതെ വര്‍ഷത്തിലൊരിയ്ക്കല്‍ മാഘ് മേളയും ആഘോഷിയ്ക്കുന്നു.


ത്രിവേണി സംഗമത്തിലേയ്ക്കുള്ള കടത്ത്

ഗംഗാ നദി 



                                ത്രിവേണി സംഗ മം. ബലിയിടാന്‍ നാട്ടിയ തട്ടുകളും കാണാം


ഗംഗയിലൂടെ അല്‍പദൂരം ചെറിയ നൌകയില്‍ സഞ്ചരിച്ചു വേണം സംഗമത്തില്‍ എത്താന്‍.ആര്‍ക്കും ആവിശ്വസനീയമായ വിധത്തില്‍ സംഗമ സ്ഥലത്തെ വെള്ളത്തിന്‌ വേറൊരു നിറമാണ്‌.നമുക്ക് മുഖം തരാതെ ഒഴുകുന്ന സരസ്വതിയുടെ സാന്നിധ്യം നമുക്ക് തൊട്ടറിയാം.സംഗമത്തില്‍ നിന്ന് ഒരു കൈക്കുടന്ന നിറയെ കോരിയെടുത്ത വെള്ളത്തില്‍ ഗംഗയും യമുനയും സരസ്വതിയും .....ഈ ജന്മത്തിലെ ഏറ്റവും ധന്യമായ മുഹൂര്‍ത്തം ഇതാണോ എന്ന് തോന്നിപ്പോയി.ബന്ധുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും വേണ്ടി 5 ലിറ്റര്‍ പാത്രത്തില്‍ പുണ്യജലം നിറയ്ക്കുമ്പോള്‍ മനസ്സ് മൂകമായി തേങ്ങിയോ????  ഭാവിയില്‍ ഇതെങ്കിലും വറ്റാതിരുന്നെങ്കില്‍ ......

അലഹബാദിലെ രാപകലുകള്‍ ..ചൂടും തണുപ്പും മാറി മാറി വരുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ ..സുഹൃത്തുക്കളില്‍ ചിലരെല്ലാം നഷ്ടപ്പെടുന്നു ..പുതുതായി രൂപപ്പെടുന്ന സൌഹൃ ദങ്ങള്‍ മറുഭാഗത്ത്‌ .സ്ഥലം മാറ്റം ഒരു അനിവാര്യതയാണല്ലോ .ഞങ്ങള്‍ക്കും ഈ നഗരത്തോട് വിട പറയാന്‍ സമയമാകുന്നു.അലഹബാദി ന്റെ അയല്‍ നാടായ ബനാറസ്‌ ...നമ്മുടെ കാശി....ഞങ്ങളെ മാടിവിളിയ്ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.ഔധ്യോ ഗിക ആവസ്യങ്ങള്‍ക്കായി അദ്ദേഹം പലതവണ പോയെങ്കിലും ഞങ്ങളോരുമിച്ചു പോകാന്‍ കഴിഞ്ഞി രുന്നില്ല .

ഇനി വാരണാസി അഥവാ കാശി എന്ന പുണ്യഭൂമിയിലെ മണല്‍ തരി കള്‍ക്കൊപ്പം.
അലഹബാദില്‍ നിന്നും ട്രെയിന്‍ മാര്‍ഗം മൂന്നു മണിക്കൂര്‍ യാത്രയേയുള്ളൂ വാരണാസിക്ക് .  എപ്പോഴും എ സി കമ്പാര്‍ട്ട് മെന്റില്‍ യാത്ര ചെയ്യുന്ന എന്റെ കുട്ടികള്‍ക്ക് അന്നത്തെ യാത്ര വല്ലാതെ അസഹനീയമായിരുന്നു.പക്ഷെ ചെറിയ ചെറിയ സ്റ്റേ ഷനുകളില്‍ നിര്‍ത്തി നിര്‍ത്തി കിതച്ചു നീങ്ങിയ ആ ട്രെയിന്‍ യാത്ര ഞാന്‍ നന്നായി ആസ്വദിച്ചു.അലഹബാദ്‌ മുതല്‍ വാരണാസി വരെ......... ഗ്രാമങ്ങളെയും ചെറു പട്ടണങ്ങളെയും ഉറ്റുനോക്കി  കുറച്ചൊക്കെ ഉഷ്ണം സഹിച്ചുള്ള യാത്ര.കാശിയി ലേക്കുള്ള യാത്രയല്ലേ .....അല്പം    കഷ്ടപ്പെട്ട് എ ത്തുന്നതിലുള്ള  ഒരു മനശസാന്തിയ്ക്ക് വേണ്ടി കൂടിയാണ് സ്ലീപ്പര്‍യാത്ര തന്നെ തിരഞ്ഞെടുത്ത ത്.
 അതുകൊണ്ടെന്താ വാരണാസി എത്തുന്നതു  വരെ എന്റെ മക്കള്‍ പരാതി പറഞ്ഞു കൊണ്ടേയിരുന്നു.ദാ നമ്മള്‍ എത്തി..... എത്തി .....എന്ന്  പറഞ്ഞു അവരെ സമാധാനിപ്പിച്ചു. അങ്ങിനെ ഞങ്ങള്‍ ഇതാ വാരാണസിയില്‍ എത്തി ക്കഴിഞ്ഞു.മുജ്ജന്മത്തിലെ സുകൃതമോ എന്റെ അച്ഛന്‍ അമ്മമാരുടെ പ്രാര്‍ത്ഥനയോ  എന്താണോ ഈ പുണ്യ ഭൂമിയില്‍ എന്നെ എത്തിച്ചത്.കാല്‍ ക്കീഴില്‍ ഞെരിഞ്ഞമരുന്ന മണല്‍ തരികളെ പ്പോലും ചുംബിച്ചു മൂര്‍ധാവില്‍ വെക്കാന്‍ തോന്നിപ്പോകുന്ന നിര്‍വൃതി.
പരമ ശിവന്റെ ചൈതന്യം അടി മുതല്‍ മുടി വരെ നിറഞ്ഞു നില്‍ക്കുന്ന പുണ്യ ഭൂമിയാണ്‌ വാരണാസി.ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രം കാശി യാണല്ലോ.ജീവിതയാത്രയുടെ അവസാനം എന്ന സങ്കല്പം.ശിവ ഭഗവാന്റെ കൈകളിലെ ത്രിശൂലതിന്റെ സ്ഥാനം ഇവിടെ ആണെന്നാണ് സങ്കല്പം.ഋഗ്വേധവും സ്കന്ധ പുരാണവും രാമായണവും മഹാഭാരതവും പറയുന്നത് അനേകായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള പട്ടണം ആണ് വാരണാസി എന്നാണ്.ഇതൊരു വ്യാവസായിക നഗരം കൂടിയാണ് കേട്ടോ.മസ്ലിന്‍ സില്‍ക്ക് തുണിത്തരങ്ങള്‍ക്കും പെര്‍ഫ്യും ഐവറി , ശില്പ കല എന്നിവയ്ക്ക് ഇവിടം പ്രസിദ്ധമാണ്.ഗൌതമ ബുദ്ധന്റെ കാലത്തെ കാശി രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു വാരണാസി.ഹ്യു യാന്‍  സാന്‍ഗ് എന്ന ചൈനീസ് യാത്രികന്‍ വാരണാസിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.വാരാണസിയില്‍ 108 ഘട്ടുകള്‍ ഉണ്ട്.പലതും നിര്‍മ്മിച്ചത്‌ മാറാത്ത രാജവംശ കാലത്താണ്.വാരാണസിയിലെ പട്രോന്‍സ് ആയി അറിയപ്പെടുന്നത് മറാതാസ്, ഷിന്ടെയ്സ്, ഭോസ്ലെയ്സ്, പെഷ്വാസ് എന്നിവരാണ്‌.ഇവയില്‍ കുറെ ഘട്ടുകള്‍ പുണ്യസ്നാനത്തിനും  കുറെ ശ്മശാന സ്ഥലമായും ഉപയോഗിക്കുന്നു.ശിവാല അല്ലെങ്കില്‍ കാളിഘറ്റ് മുന്‍ കാശി രാജാവിന്റെതാണെന്ന് പറയപ്പെടുന്നു .

ഭര്‍ത്താവിന്റെ സാന്നിധ്യം മൂലം ഉത്തര്‍ പ്രദേശ്‌ പോലീസ് സജ്ജമാക്കി തന്ന സാമാന്യം മികച്ച ഹോട്ടലില്‍ ആയിരുന്നു രണ്ടു പകലും രണ്ടു രാത്രിയും ഞങ്ങള്‍ താമസിച്ചത്.ഉറങ്ങാന്‍ വേണ്ടി മാത്രം ഹോട്ടലില്‍ എത്തി എന്ന് വേണം പറയാന്‍.തിളയ്ക്കുന്ന ഉച്ച ചൂടില്‍ രണ്ടു പകലുകള്‍  നഗരം ചുറ്റി നടന്ന്   കണ്ടു.BHU  എന്ന് വിളിപ്പേരില്‍ അറിയുന്ന ബനാറസ്‌ ഹിന്ദു യുണി വേര്‍സിടി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.എഷ്യയിലെ ഏറ്റവും വലിയ residenshial university .ഏകദേശം 12000  കുട്ടികള്‍ ഇവിടെ താമസിച്ചു പഠിക്കുന്നു.BHU സ്ഥാപിതമായത് 1916  ല്‍ ആണ്.പണ്ഡിറ്റ്‌ മദന്‍ മോഹന്‍ മാളവിയ ആണിതിന്റെ സ്ഥാപകന്‍.കാശി നരേശന്‍ ധാനം ചെയ്ത 1350 ഏക്കറിലാണ് BHU  വ്യാപിച്ചു കിടക്കുന്നത്.



ബുദ്ധ മതാനുയായികളുടെ പുണ്യ നഗരം കൂടിയാണ് വാരണാസി.വാരാണസിയില്‍ നിന്ന് ഏകദേശം 12  കി മി ദൂരെ യായാണ്‌ സാരനാഥ് സ്ഥിതിചെയ്യുന്നത്.ബുദ്ധന്‍ സ്വയം സ്ഥാപിച്ച നാല് തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണിത്. കുശിനഗര്‍,ബോധഗയ , ലുംബിനി എന്നിവയാണ്  മറ്റുള്ളവ.
ബോധോദയം ഉണ്ടായതിനു ശേഷം   ശ്രീ ബുദ്ധന്‍ തന്റെ ആദ്യ  അഞ്ചു ശിഷ്യരെ  കാണുകയും പിന്നീട് അവര്‍ക്ക് നാല് പുണ്യ സത്യങ്ങളെ പറ്റി പഠിപ്പിച്ചു കൊടുത്തതും സാര നാതില്‍ വെച്ചാണ്‌. 249  ബി സീ യില്‍ ഇവിടം സന്ദര്‍ശിച്ച സാമ്രാട്ട് അശോകന്‍ തന്റെ സന്ദര്‍ ശ നത്തിന്റെ  ഓര്‍മയ്ക്കായി ധമെക് സ്തുപം പണികഴിപ്പിച്ചു. 39  മീറ്റര്‍  ആണിതിന്റെ ഉയരം. ഉത്ഘന നത്തില്‍ ഇവിടെ നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങള്‍ എല്ലാം നമുക്ക് സാരനാഥ് മ്യുസിയത്തില്‍ കാണാന്‍ സാധിക്കും. അഞ്ചാം ശതകത്തില്‍ സ്ഥാപിതമായ പ്രശസ്തമായ ഒരു ബുദ്ധ പ്രതിമ അവിടുത്തെ മ്യുസിയത്തിനൊരു മുതല്‍ കൂട്ടാണ്.സാരനാഥ് ആര്‍കിയോളജിക്കള്‍ മ്യുസിയത്തിലെ മറ്റൊരാകര്‍ഷണം അശോക സ്തൂപം ആണ്. . സാരനാഥ് സന്ദര്‍ ശി യ്ക്കുന്നവര്‍ എല്ലാം കണ്ടിരിക്കേണ്ട  ഒന്നാണീ മ്യുസിയം.  ശ്രീലങ്കയിലെ പ്രസിദ്ധമായ ബോധി വൃക്ഷത്തിന്റെ തണ്ടില്‍ നിന്നും  കൊണ്ട് വന്ന ഒരു കഷണം വളര്‍ന്നു വലുതായി വൃക്ഷമായതും ഇവിടെ കാണാം.

അവിടുത്തെ ബുദ്ധ ക്ഷേത്രങ്ങള്‍ ,കാഷായം ഉടുത്ത തല മുണ്ഡനം ചെയ്ത ബുദ്ധ സന്യാസികള്‍ എല്ലാം കാണേണ്ട കാഴ്ചകള്‍ തന്നെ.ഗൌതമ ബുദ്ധന്റെ മു ഖ  സാധൃശ്യമുള്ള ഒരു ബുദ്ധ സന്യസിയോടൊപ്പം കുറച്ചു നേരം ചിലവഴിക്കാനും ഒരുമിച്ചു ഒരു ഫോട്ടോ എടുക്കാനും പറ്റിയത് മറ്റൊരു ഭാഗ്യം.

                                                                       സാരനാഥ്







അടുത്ത പകലിന്റെ  അന്ത്യത്തില്‍ പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രം സന്ദ ര്‍ശിക്കാനാണ് ഞങ്ങള്‍ പോയത്.ഗംഗയുടെ പടിഞ്ഞാറെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഹിന്ദുക്കള്‍ക്ക് പരിപാവനമായ പുണ്യ ക്ഷേത്രമാണ്. ക്ഷേത്രത്തിനു മുകളിലെ സ്വര്‍ണ താഴിക കുടങ്ങള്‍ 15 .5  മീറ്റര്‍ ഉയരമുള്ളവയാണ്.അത് കൊണ്ട് തന്നെ സുവര്‍ണ ക്ഷേത്രം എന്നും വിളിക്കാറുണ്ട്.ഈ ക്ഷേത്രം പല തവണ പുനര്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഗ്യാന്‍ വാപി മോസ്ക് മറ്റൊരു കൌതുക കാഴ്ചയാണ്.മത സൌഹാര്‍ദത്തിന്റെ ഉത്തമ ധൃഷ്ടാന്തം.ഇപ്പോഴുള്ള തരത്തില്‍ ക്ഷേത്രം പുനര്‍ നിര്‍മ്മിച്ചത്‌ 1780  ല്‍ ഇന്‍ഡോര്‍ മഹാറാണി അഹല്യ ഭായി ഖോല്‍ഖര്‍ ആണ്.1983 ല്‍ ഉത്തര്‍ പ്രദേശ സര്‍ക്കാര്‍ ക്ഷേത്ര നടത്തിപ്പ് ഏറ്റെടുത്തു.പുണ്യ ദിവസമായ ശിവരാത്രി ദിനത്തില്‍ കാശി രാജാവ്‌ നേരിട്ടാണ് പൂജാദി കര്‍മങ്ങള്‍ നിര്‍വഹിക്കുന്നത്.ഞങ്ങള്‍ ക്ഷേത്രത്തില്‍ എത്തിയ ആ സന്ധ്യയ്ക്ക് ഭഗവാന്റെ വിശേഷാല്‍ പൂജകള്‍ നടക്കുന്ന ദിവസം ആയിരുന്നു.ക്ഷേത്രവും ശ്രീകോവിലും വിഗ്രഹവും അവിടുത്തെ പ്രസാദമായ ലഡ്ഡു കൊണ്ട് നിറഞ്ഞിരുന്നു.എവിടെ തിരിഞ്ഞാലും ലഡ്ഡു മാത്രം.ഭര്‍ത്താവിന്റെ സാന്നിധ്യം കൊണ്ട് വീ ഐ പി നിരയില്‍ അകത്തു കടക്കാനും ദര്‍ശനം നടത്താനും സാധിച്ചു.ഭക്ത ജനങ്ങളുടെ അത്രയ്ക്ക് തിരക്കായിരുന്നു.എങ്കിലും കാശി വിശ്വേശരനെ അരികില്‍ നിന്ന് ആവോളം തൊഴുതു വണങ്ങാന്‍ സാധിച്ചു.ഭഗവാന്‍ ലഡ്ഡു കൊണ്ട് മൂടിയിരിക്കുകയായി   രുന്നെങ്കിലും അകക്കണ്ണില്‍ ചൈതന്യവത്തായ ശിവലിംഗം തെളിഞ്ഞു നിന്നു.


                                        കാശി വിശ്വനാഥ ക്ഷേത്രം

                                                                           കാശിനാഥന്‍


ഗംഗ നദിയിലേയ്ക്ക് നയിക്കുന്ന പരശതം പടികളോട് കൂടിയ കുളിക്കടവുകളാണ് ഘാട്ടുകള്‍ .
ചില പ്രധാന ഘാട്ടുകള്‍  ഇവയാണ്   .....
പഞ്ചഗംഗ ഘാട്ട്   അഞ്ചു നദികളുടെ സംഗമമത്രെ
മണികര്‍ണിക ഘാട്ട്   പ്രധാനമായ് ശ്മശാന സ്ഥലം.ഇവിടെയാണ് മൃതദേഹങ്ങള്‍  ദഹിപ്പിയ്ക്കുന്നത്‌
ദശാശ്വമേധ് ഘാട്ട്  ഏറ്റവും പ്രധാനവും വൈകുന്നേരങ്ങളിലെ ഗംഗ ആരതി നടക്കുന്നതും ഇവിടെയാണ്.
ഹരിശ്ചന്ദ്ര  ഘാട്ട്  ഹരിശ്ചന്ദ്രന്‍ തന്റെ പുത്രന്റെ ശേഷ ക്രിയകള്‍ നടത്തിയത് ഇവിടെയാണത്രെ.
നാരദ്  ഘാട്ട്
ശിവാല ഘാട്ട്
തുളസി ഘാട്ട്
അസ്സി ഘാട്ട്
ഹനുമാന്‍ ഘാട്ട്   



 സന്ധ്യയ്ക്ക് ശേഷമുള്ള ഗംഗ ആരതിയ്ക്ക് അന്ന് നല്ല തിരക്കായിരുന്നു. ഗംഗ ദേവിയെ വന്ദിയ്ക്കുന്ന ചടങ്ങാണത്.കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പുള്ള കനത്ത മഴ കാരണം ഗംഗ കൂലം കുത്തി ഒഴുകുകയായിരുന്നു.മണ്‍ തിട്ടകളൊന്നും കാണാനില്ല. വെള്ളം  അത്രമേല്‍ പൊങ്ങിയിരിക്കുന്നു  .ആരതി കാണാന്‍ കുറെ ആളുകള്‍ നൌകയില്‍ കയറി നദിയിലെക്കിറങ്ങി തീരത്തിന് അഭിമു ഖമായി നില്‍ക്കുന്നുണ്ട്.നദീ തീരത്തെ  കല്പടവുകളിലെല്ലാം ആളുകള്‍ എപ്പോഴേ സ്ഥാനം പിടിച്ചു കഴിഞ്ഞു.ഗംഗ തീരം ദീപാലങ്കാര പ്രഭയാല്‍ പൊന്നില്‍ കുളിച്ചു നില്‍ക്കുന്ന പോലെ.നദിയില്‍ നിറയെ ഒഴുകി നീങ്ങുന്ന ചെറു ദീപങ്ങള്‍ .ഞാനും കുട്ടികളും വാങ്ങിയ ചെറു ചെരാതുകളില്‍ ദീപം തെളിയിച്ചു. പരുത്തി തിരിയും പൂക്കളും നിറഞ്ഞ ദീപം ഗംഗയുടെ വിരിമാറിലൂടെ തെന്നി തെന്നി ഒഴുകി നീങ്ങി.ധൂപസുഗന്ധമുള്ള കാറ്റു ഞങ്ങളെ പുളകം കൊള്ളിച്ചു.രാത്രിയിലുള്ള ഈ കാഴ്ചകള്‍ അത്യന്തം ചെതോഹരമാണ്.വെള്ളത്തില്‍ നീന്തുന്ന സ്വര്‍ണ മത്സ്യം കണക്കു ദീപങ്ങള്‍ പ്രകാശിയ്ക്കുന്നു.കല്‍പ്പടവില്‍ കിട്ടിയ ഒരല്‍പം ഇടത്തില്‍ ഞാനും മക്കളും സ്ഥാനം പിടിച്ചു.ഗംഗ ആരതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനായി അദ്ദേഹം ഒരു നൌകയിലെയ്ക്ക് കയറി.കുറെ ചെറുപ്പക്കാരുടെ സംഘമാണ് ആരതി നടത്തുന്നത്.തലപ്പാവും പ്രത്യേക രീതിയിലുള്ള ഡ്രെസ്സും ധരിച്ച് കൈകളില്‍ വലിയ വിളക്കുകളെന്തി മന്ത്രോച്ചാരണതോടൊപ്പം അവര്‍ ഗംഗയെ വന്ദി യ്ക്കുകയാണ്.കൊട്ടും കുരവയും ആര്‍പ്പുവിളികളും നിറഞ്ഞ അന്തരീക്ഷം . ഈ ഗംഗ ആരതി എന്നുമുള്ള ചടങ്ങാണ് കേട്ടോ.ഈ ബഹളങ്ങളൊന്നും അറിയാതെ ഗംഗ അനുസ്യൂതം ചടുലമായി ഒഴുകി കൊണ്ടേയിരിയ്ക്കുന്നു.











 

ഗംഗ ആരതിയ്ക്ക് ശേഷം തീരം പെട്ടെന്ന് ആളൊഴിഞ്ഞ അമ്പല പ്പറ മ്പ്  പോലെയായി.നദിയെ അടുത്ത് കാണാന്‍ ഞങ്ങള്‍ തീരത്തെ പടികളില്‍ ഇരുന്നു.നിശ്ചയിച്ചു വന്നതാണ്‌ ബലി തര്‍പ്പണം ചെയ്യാന്‍.ഇപ്പോള്‍ സീസണ്‍ അല്ലാത്തത് കൊണ്ട് പരികര്‍മികള്‍ക്ക് ക്ഷാമം ആണെന്ന് തോന്നുന്നു.എന്തായാലും അടുത്ത് കണ്ട ഒരു സന്യാസി യോട് വിവരം അന്വേഷിച്ചു.അദ്ദേഹം വേറൊരാളെ ചുമതല പ്പെടുത്തി.അയാള്‍ കൂട്ടി കൊണ്ട് വന്ന ദ ക്ഷിനേന്ത്യന്‍  പരികര്‍മി ഒരുക്കങ്ങള്‍ തുടങ്ങി.അടുത്തടുത്ത കാലയളവില്‍ ഞങ്ങളെ വിട്ടുപോയ എന്റെ അച്ഛനും അദ്ധേഹത്തിന്റെ അച്ഛനും  വേണ്ടി മോക്ഷ പ്രാപ്തി യ്ക്കായി ഗംഗ ദേവിയ്ക്ക് അഭി മുഖ മായി ഇരുന്നു.പരികര്‍മി പറഞ്ഞു തന്ന മന്ത്രങ്ങള്‍ ഏറ്റു ചൊല്ലി.തിലോകത്തോടൊപ്പം ഇറ്റിച്ച കണ്ണ്നീരും ഗംഗയില്‍ ഒഴുക്കി പ്രാര്‍ത്ഥിച്ചു.കുടുംബത്തില്‍ ഉണ്ടായിരുന്ന ഉറ്റവരും ഉടയവരും ആയ എല്ലാ പരേ താത്മ ക്കളേയും ഓര്‍ത്തു ചെയ്ത ബലി തര്‍പ്പണം കൂടി യായ പ്പോള്‍ മനസ്സ് വിങ്ങി പ്പൊട്ടി.ഉള്ളില്‍ നിറയുന്ന ദു ഖ ത്തിന്റെ വേലിയേറ്റം.പോയവരാരും തിരിച്ചു വരില്ലെന്ന സങ്കടം.......എന്റെ പോന്നു മോനെ കാണാന്‍ പോലും നില്‍ക്കാതെ കടന്നു പോയ എന്റെ അച്ഛനെ ക്കുറിച്ചുള്ള ഓര്‍മ്മകള്‍......ബാല്യത്തില്‍ ഞങ്ങള്‍ക്ക് ഒത്തിരി സ്നേഹം കാത്തു വെച്ച് വെകേഷന്‍ കാലത്ത് ഞങ്ങളെ നോക്കിയിരുന്ന വല്യമ്മച്ചി ........അങ്ങിനെ    അങ്ങിനെ ഒത്തിരി മുഖ ങ്ങള്‍ മനസ്സില്‍ മാറി മാറി വന്നു.ഗംഗ ദേവിയുടെ കഥ എനിയ്ക്ക് പറഞ്ഞുതന്ന എന്റെ അച്ഛന്‍ എന്നെങ്കിലും ഒരിയ്ക്കല്‍ ഞാനീ തീരത്ത് വരുമെന്ന് കരുതിക്കാണ് മോ ? പ്രസവിച്ച കുഞ്ഞു ങ്ങളെയെല്ലാം നദിയുടെ ആഴത്തിലേയ്ക്ക് എറിഞ്ഞു കളഞ്ഞ ഗംഗ ദേവിയുടെ കഥ കേട്ടിരുന്നപ്പോള്‍ എത്രയോ സംശയങ്ങളായിരുന്നു എനിയ്ക്ക്.അമ്മേ ! ഗംഗേ ! നിന്നെ സംശ യിച്ചു പോയതിനു മാപ്പ്.കുട്ടിയായിരുന്ന എന്നില്‍   നിന്റെ പവിത്രത കഥയിലൂടെ വെളിവാക്കി തന്ന എന്റെ അച്ഛനുള്ള പ്രാര്‍ത്ഥനയും കണ്ണ്നീരും നീ സ്വീകരിചാലും.....എന്റെ കാല്‍ പ്പാങ്ങളില്‍ നനവ്‌ പകര്‍ന്ന് എന്നെ തൊട്ടു തലോടി ആശ്വസിപ്പിച്ച് ഗംഗ അപ്പോഴും ഒഴുകിക്കൊണ്ടേയിരുന്നു.