Wednesday 29 February 2012

ആടുജീവിതം ....അതിന്റെ തീഷ്ണത...

                                          വായനയിലുടനീളം എന്റെ ഹൃദയത്തെ  ഇത്രയേറെ നീറ്റിയ മറ്റൊന്നും ഞാന്‍ നാളിതുവരെ വായിച്ചിട്ടില്ല..ബെന്യാമിന്റെ ആടുജീവിതം .....പിന്നെയും പിന്നെയും നൊമ്പരമുണര്‍ത്തി എന്നെ പിന്‍തുടരുന്നു .പരകായ പ്രവേശത്തിലെന്ന പോലെ എത്ര അനായാസമായിട്ടാണ് മറ്റൊരാളുടെ ആത്മനൊമ്പരങ്ങള്‍ ശക്തവും  എന്നാല്‍ അത്ര തന്നെ ലളിതവും ആയി വായനക്കാരനിലേയ്ക്ക് സംവധിയ്ക്കാന്‍ ബെന്യാമിന് കഴിഞ്ഞത്.ഓരോ അധ്യായത്തിലും  നിര്‍വചിയ്ക്കാന്‍ പറ്റാത്ത എന്തൊക്കെയോ ഘട്ടങ്ങളിലൂടെയാണ് വായനക്കാരന്‍ കടന്നു പോകുന്നത്.നജീബ് എന്ന അതിലെ കേന്ദ്രകഥാപാത്രത്തോടൊപ്പം  വേദനകളത്രയും താണ്ടി വന്നത് പോലെ എന്തെന്നില്ലാത്ത ആശ്വാസമാണ് എനിയ്ക്കും വായനയ്ക്ക്ശേഷം അനുഭവപ്പെട്ടത്...തുടര്‍ന്നുള്ള രാത്രികളില്‍ ഉറങ്ങാതെ ഒരു ചലച്ചിത്രത്തിലെന്നത്  പോലെ മനക്കണ്ണില്‍ എല്ലാം കാണുകയായിരുന്നു.കഥാപാത്രങ്ങള്‍ക്കെല്ലാം   രൂപം നല്‍കി സംഭാഷണങ്ങള്‍ നല്‍കി വീണ്ടും കണ്ട പോലെ..നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയിലെ മസരകളും അതിലെ എണ്ണമറ്റ ആടുകളും അവയെ തെളിച്ചു കുന്നിറങ്ങി വരുന്ന നജീബും ഉറക്കത്തില്‍ പോലും എന്റെ കണ്ണുകള്‍ നനയിച്ചു...ഗള്‍ഫ് എന്ന് കേട്ടാല്‍ ചുറ്റും പടരുന്ന അത്തറിന്റെ സുഗന്ധം  മാത്രമല്ലെന്ന് വെളിവാക്കി ത്തന്ന ബെന്യാമിന്‍,  മസറയിലെ  ച്ഛര്‍ദ്ധിപ്പിയ്ക്കുന്ന  ആട്ടിന്‍ ചൂര് ഞാനും അറിയുന്നു...

                                                     ഇന്ദ്രപ്രസ്ഥത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിയ്ക്കുന്ന ലോകപുസ്തകമേളയിലെ കഴിഞ്ഞ ആഴ്ചയിലെ ഒരു സായാഹ്നത്തില്‍ ഞങ്ങള്‍ മലയാള പുസ്തകങ്ങളുടെ പുതുമണം തേടി കുറെ അലഞ്ഞു...അഴീക്കോട് മാഷിന്റെ പുസ്തകങ്ങളായിരുന്നു ഇത്തവണത്തെ താരം..ഞങ്ങളും തിരഞ്ഞു ചെന്നത് അതു തന്നെ...കൂട്ടത്തില്‍ മറ്റൊന്ന് കൂടി തിരഞ്ഞു........ആട് ജീവിതം........എല്ലാം വിറ്റുപോയിരുന്നെങ്കിലും ഞങ്ങള്‍ക്ക് വേണ്ടി ഒരു കോപ്പി ബാക്കിയുണ്ടായിരുന്നു.....ഈ പുസ്തകത്തെ ക്കുറിച്ചു ഇതിനു മുന്‍പ് കേട്ടിരുന്നെങ്കിലും ഇത്ര മാത്രം ഹൃദയസ്പര്‍ശി എന്ന് ഞാന്‍ കരുതിയിരുന്നില്ല.......രണ്ടായിരത്തിയെട്ടില്‍  പുറത്തിരങ്ങിയതെങ്കിലും ദില്ലി ജീവിതത്തിനിടയില്‍ എനിയ്ക്കത് വായിയ്ക്കാന്‍ സാധിച്ചിരുന്നില്ല.ഞാനിത് വായിയ്ക്കാന്‍ ഇത്രയും വൈകിയല്ലോ എന്ന സങ്കടം ഇപ്പോള്‍ ബാക്കിയാകുന്നു.....അക്ഷരങ്ങളെ സ്നേഹിയ്ക്കുന്ന എല്ലാ മലയാളികള്‍ക്കും ഈ പുസ്തകം വായിയ്ക്കാന്‍ സാധിയ്ക്കട്ടെ ..പുസ്തകത്തിന്റെ ആമുഖക്കുറിപ്പിലെ വരികള്‍...."ഒരനുഭവത്തിന്റെ തീഷ്ണതയില്‍ നാം വെന്തു നീറുന്നു"....തികച്ചും അന്വര്‍ത്ഥം...ചുട്ടു പൊള്ളുന്ന മനലാരന്യത്തിലൂടെ ഓടുന്ന നജീബും ഒരിറ്റു വെള്ളം കൊതിച്ചു പിടഞ്ഞു മരിച്ചുവീണ  ഹക്കീമും എന്റെ മനസ്സിനെ പിന്നെയും നീറ്റുന്നു..ഒരു കടലോളം വെള്ളം കുടിയ്ക്കാനുള്ള ദാഹം എന്നിലും ഉളവാക്കിയ  ബെന്യാമിന്‍ നിങ്ങള്‍ക്ക് നന്ദി.....