Friday 29 June 2012

നെടുമംഗല്യം

ഒരു പഴയ കഥ .....



            വര്‍ഷങ്ങള്‍ക്കു ശേഷം തറവാടിന്റെ പടിപ്പുര കടന്നപ്പോള്‍ മനസ്സ് വിറച്ചു.എന്തോ ഒന്ന് കാലുകളെ പിന്നാക്കം വലിക്കുന്നതായി തോന്നി.ജിജോയും അപ്പുവും വളരെ സന്തോഷത്തിലായിരുന്നു.കാറില്‍ നിന്നിറങ്ങിയപ്പോഴേ അപ്പു വയല്‍ വരമ്പത്ത് കൂടി മുന്നോട്ടോടി.ജിജോ അവനെക്കാള്‍ ഉത്സാഹത്തില്‍ പിന്നാലെയും.താനെത്തുന്നതിനു മുന്നേ പടിപ്പുര കടന്നു അവര്‍ എങ്ങോട്ടാണ് ഓടി മറഞ്ഞത് ? കുളക്കടവിലോ തെച്ചിക്കാവിനടുത്തോ ആവണം..എല്ലാം താന്‍ പറഞ്ഞ അറിവേ ജിജോക്കുള്ളൂ.തറവാട്ടില്‍ പോകാന്‍ ജിജോക്കായിരുന്നു താല്പര്യം കൂടുതല്‍.പപ്പയില്‍ നിന്ന് ഓരോ വിശേഷങ്ങള്‍ അറിഞ്ഞപ്പോള്‍ വെകെഷന് നാട്ടില്‍ പോകാന്‍ അപ്പുവും ശാട്യം പിടിച്ചു.12 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തറവാടിന്റെ മുറ്റത്ത്.ഒന്നിനും മാറ്റം വന്നിട്ടില്ല.എല്ലാം അത് പോലെ തന്നെ.തുളസിത്തറ ഇടിഞ്ഞു വീഴാറായിരിക്കുന്നു.വര്‍ഷങ്ങളുടെ പഴക്കമുള്ള തുളസിത്തറ.മുറ്റത്തെ ചൊരി മണലില്‍ നാല് മണിപ്പൂക്കളും കാശി ത്തുംബയും പൂത്തുലഞ്ഞു നില്‍ക്കുന്നു.4 O’ Clock  ന് പൂക്കുന്ന ചെടി കാണാന്‍ ആകാംഷയോടെ കാത്തിരുന്ന അപ്പു എവിടെ ? കണ്ടു കാണുമോ എന്തോ ? ബഹളം കേട്ടാവണം അകത്തെ മുറിയില്‍ നിന്ന് അമ്മയും മുത്തശ്ശിയും ഇറങ്ങി വന്നു.
“യാമിനീ......”
മുത്തശ്ശി ഓടി വന്നു കൈ പിടിച്ചു.ഉമ്മറപ്പടിയില്‍ നിന്ന് വിശ്വസിക്കാനാവാത്ത പോലെ അമ്മ നിറകണ്ണുകളോടെ ഉറ്റു നോക്കി.
“തനിച്ച്ചേയുള്ളൂ നീ ..?”
ഭര്‍ത്താവിനെയും മോനെയും തിരഞ്ഞു മുത്തശ്ശിയുടെ കണ്ണുകള്‍ ഉഴറി..ഞൊടിയിടയില്‍ പിന്നിലൂടെ പതുങ്ങി വന്നു ജിജോയും മോനും മുത്തശ്ശിയെ പേടിപ്പിച്ചു.അപ്പൂനെ വാരിയെടുത്തു നെഞ്ചോടമര്‍ത്തി ജിജോയുടെ മൂര്‍ധാവില്‍ ഉമ്മ വെച്ചു.
“മോള് വരൂ....”
ചുമലില്‍ നിന്ന് ബാഗ്‌ വാങ്ങി അമ്മ വിളിച്ചു. മുത്തശ്ശിക്കൊപ്പം തൊടിയില്‍ ചുറ്റിക്കറങ്ങാനായി ജിജോയും മോനും ഇറങ്ങി..മണ്‍കൂജയില്‍ നിന്ന് ഒരു കവിള്‍ വെള്ളം കുടിച്ചപ്പോള്‍ വലിയ ആശ്വാസം തോന്നി..പിന്നില്‍ അമ്മ വിളിച്ചു...
“യാമിനീ ..എന്തെ കുട്ടീ ഒന്നറിയിക്കാതെ വന്നത് ?”
മറുപടിയൊന്നും പറഞ്ഞില്ല.കോലായില്‍ കാല്‍ നീട്ടിയിരുന്നു സാരി തലപ്പെടുത്തു വീശി.
“മീനമാസമായത് കൊണ്ടാണ് വല്ലാത്ത ചൂട്.”
പിന്നില്‍ അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
“നീയിരിക്ക് ..ഞാനല്‍പ്പം ചായ ഇടട്ടെ,”
അമ്മ പിന്‍തിരിഞ്ഞത് നന്നായി.ഓര്‍മ്മകള്‍ ഒരുപാട് പിന്നാമ്പുറത്ത് നിന്നും ഓടി എത്തുന്നു.
ആണുങ്ങള്‍ വാഴാത്ത തറവാട്...മംഗലത്ത് തറവാട്.തറവാട്ടിലെ പെണ്‍ സന്തതികല്‍ക്കൊന്നും നെടുമംഗല്യം വിധിച്ചിട്ടില്ല.18  ലെ വിധവ ആകേണ്ടി വന്ന മുത്തശ്ശി.. മുത്തശ്ശിക്ക് ഒരേയൊരു മകള്‍.......രത്ന ..തന്റെ അമ്മ......ഗ്രാമത്തില്‍ പട്ടണത്തില്‍ നിന്നും സ്ഥലം മാറി വന്ന സ്കൂള്‍ മാഷ്‌.....,,,,..  രാഘവ മേനോന്‍.............,,,, തന്റെടി,,,,,, ആദര്‍ശവാന്‍..,,,,ജാതക ദോഷം ഉള്ള പെണ്ണിന് പുടവ കൊടുക്കാന്‍ നെഞ്ഞുറപ്പോടെ തറവാട്ടില്‍ വന്നു.പലരും പറഞ്ഞു പിന്‍മാറ്റാന്‍ നോക്കി.മാഷ്‌ വഴങ്ങിയില്ല.വാഴകൂമ്പ്‌ പോലെ മനോഹരിയായ രതനയെ മാഷിനു ജീവനായിരുന്നു.ആര്ഭാടമില്ലാതെ നടന്ന പുടമുറിക്കല്യാണ.ഒരു വര്‍ഷത്തിനു ശേഷം ജാതക ദോഷവുമായി തന്റെ ജനനം.പാപവും കൊണ്ട് ജനിച്ച പെണ്ണായിട്ടും അച്ഛന്‍ തന്നെ താഴത്തും തലയിലും വെയ്ക്കതെയാണ്  വളര്ത്തിയത്.ഏറെ നാള്‍ ലാളന അനുഭവിക്കാനയില്ല.ഒന്നാം പിറന്നാളിനു ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വിഷം തീണ്ടി അച്ഛന്‍ മരിച്ചു.സന്ധ്യക്ക് അമ്പലപ്പറംബില്‍ പതിവുള്ള സുഹൃത് സംഗമത്തിനു ശേഷം ചൂട്ടു കട്റ്റയുടെ വെളിച്ചത്തില്‍ പാടം ഇറങ്ങി വന്ന അച്ഛനെ പടിപ്പുര കടന്നു കഴിഞ്ഞേ പിന്നെയാണ് വിഷം തീണ്ടിയത്.വൈദ്യന്‍ വരുന്നതിനു മുന്നേ എല്ലാം കഴിഞ്ഞു.അന്ന് അമ്മക്ക് 20  വയസ്സ്.മുത്തശ്ശിയുടെ കാര്യപ്രാപ്തി കൊണ്ട് മാത്രം കുടുംബം പുലര്‍ന്നു..താന്‍ പഠിച്ചു.ഒന്നാം ക്ലാസ്സോടെ പരീക്ഷ പാസായി.എം എ കഴിഞ്ഞപ്പോള്‍ നഗരത്തിലെ ദേശസാല്കൃത ബാങ്കില്‍ കിട്ടിയ ജോലി അനുഗ്രഹമായി , എല്ലാ അര്‍ത്ഥത്തിലും..നഗരത്തില്‍ സഹപ്രവര്‍ത്തകയായ ട്രീസ തോമസിന്റെ പേയിംഗ് ഗസ്റ്റ്‌ ആയി താമസം.35  വയസ്സില്‍ വിധവ ആകേണ്ടി വന്ന ഒരു ഹതഭാഗ്യ ആയിരുന്നു അവര്‍.ഒരു കാര്‍ അപകടത്തില്‍ ഭര്‍ത്താവും മകനും നഷ്ടപ്പെട്ടു..നഗരത്തിലെ വലിയ വീട്ടില്‍ ഒറ്റയ്ക്ക് താമസം.സഹായത്തിനു അടുക്കളക്കാരി മാത്രം.തന്റെ സാമീപ്യം അവര്‍ക്കൊരു ചൈതന്യം നല്‍കി.ട്രീസന്റിക്ക് താന്‍ ഒരു മകളെ പോലെ ആയിരുന്നു.മാസങ്ങള്‍ക്ക് ശേഷമാണ് ജിജോ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്.ട്രീസന്റിയുടെ വകയിലൊരു ആങ്ങളയുടെ മകനായിരുന്നു ജിജോ.ചെറുപ്പത്തിലെ അമ്മ മരിച്ചു പോയ ജിജോക്ക് ആന്റിയെ വല്യ കാര്യമായിരുന്നു.ആന്റിക്കും അങ്ങിനെ തന്നെ.എക്സ്പോര്‍ട്ടിംഗ്ഗ് ബിസിനസ് കാരനായ ഫെര്‍ണന്ദാസ്‌ പൂന്തോപ്പിലിന്റെ ഏക മകന്‍.കോടീശ്വരന്‍.വിദേശത്തു നിന്ന് പഠനം കഴിഞ്ഞു വന്ന വിദഗ്ദ്ധനായ ഒരു ആര്കിറെച്റ്റ്‌.ആന്റിയുടെ വീട്ടിലെ അവിചാരിതമായ ഒരു സന്ദര്സനത്തിനിടയിലാണ് തന്നെ കണ്ടത്.പിന്നീട് ആഴ്ച്ച തോറും റോസ് വില്ലയിലെക്കുള്ള സന്ദര്സനങ്ങള്‍ പതിവായപോല്‍ ആന്റിക്ക് സംശയം തോന്നി വിളിച്ചു ചോദിച്പ്പോള്‍ തന്റേടത്തോടെ പറഞ്ഞത്രേ...യാമിനിയെ മാരി ചെയ്‌താല്‍ കൊള്ളാമെന്നു..ആന്റി തന്നോട് മനസ്സറിയാന്‍ ചോദിച്ചപ്പോള്‍ താന്‍ കരയുകയാണ് ചെയ്തത്.തറവാടിന്റെ ശാപത്തെ ക്കുറിച്ചു പറഞ്ഞു..നെടുമങ്ങല്യം കിട്ടാതെ പോയ തലമുറകളെ ക്കുറിച്ചു പറഞ്ഞു.മംഗല്യഭാഗ്യം വിധിച്ചിട്ടില്ലാത്ത തന്റെ ജാതകത്തെ ക്കുറിച്ചു പറഞ്ഞു.ജിജോ ഒന്നിനും വഴങ്ങിയില്ല ഒക്കെ തമാശയായിട്ടെടുത്തു.കൈകള്‍ നീട്ടിപ്പറഞ്ഞു ഈ വിരല്‍ത്തുമ്പില്‍ മുറുക്കെ പിടിച്ചോളൂ എന്ന്.തറവാട്ടില്‍ വിവരം അറിയിച്ചപ്പോള്‍ ഭൂകമ്പം ആയിരുന്നു..ശത്രുക്കളായി നിന്ന കാരണവന്മാരെല്ലാം ന്യായവാദങ്ങള്മായി രംഗത്ത് വന്നു.മൂക്കത്ത് വിരല്‍ വച്ചു....മുത്തശ്ശിയും അമ്മയും കരഞ്ഞു.സര്‍പ്പക്കാവും മച്ചില്‍ ഭഗവതിയും ഉള്ള തറവാടാണ്..നസ്രാണി ചെക്കനെ കെട്ടി തറവാടിന്റെ പടി കയറരുതെന്ന് പലരും പറഞ്ഞു.തറവാടിന്റെ ശാപം കടന്നു വരാത്ത എവിടെയെങ്കിലും പോയി സുഖമായി ജീവിക്കാന്‍ മുത്തശ്ശിയും അമ്മയും അനുഗ്രഹിച്ചു.ലളിതമായ ഒരു ചടങ്ങില്‍ വെച്ചു ജിജോ തന്നെ മോതിരമാണിയിച്ച്.മിന്നു കെട്ടി.വിവാഹ ശേഷം ഞങ്ങളോന്നിച്ച് പള്ളിയിലും ക്ഷേത്രത്തിലും പോയി.ട്രീസന്റി അതിഥികള്‍ക്ക് മധുരം വിളമ്പി ഞങ്ങള്‍ക്ക് റോസ് വില്ലയില്‍ മണിയാറ ഒരുക്കി. ശീതീകരിച്ച മുറിയില്‍ ജിജോയുടെ കൈകള്‍ക്കുള്ളില്‍ കിടന്നു തറവാടിനെക്കുറിച്ചു പറഞ്ഞു.മുത്തശ്ശി,അമ്മ ,തേച്ചിക്കാവ്,തുളസിത്തറ,ആമ്പല്‍ക്കുളം,മച്ചില്‍ഭഗവതി,പാടത്തിന്‍ കരയിലെ ശിവപാര്‍വതി ക്ഷേത്രം,വിശേഷങ്ങള്‍ പറഞ്ഞു പറഞ്ഞു നേരം വെളുത്തത് അറിഞ്ഞില്ല.കാച്ചെന്നയും തുളസിക്കതിരും മണക്കുന്ന തന്റെ നീണ്ട മുടിയില്‍ ചുംബിച്ചു ജിജോ ഉറങ്ങി.ജിജോയുടെ കുട്ടിത്തവും കുസൃതുയും അനുഭവിച്ചു കൊതി മാറും മുന്‍പേ അപ്പു വന്നു.കുഞ്ഞുണ്ടായപ്പോള്‍ ട്രീസാന്റിയുടെ നിര്‍ബന്ധപ്രകാരം തറവാടില്‍ വിവരം അറിയിച്ചു.അപ്പൂനെ കാണാന്‍ അമ്മയോ മുത്തശ്ശിയോ ആരും വന്നില്ല.നാളുകള്‍ക്കു ശേഷം ക്ഷേത്ര പറബിനടുത്തു താമസിക്കുന്ന ലക്ഷ്മിയംമയുടെ മകള്‍ വന്നൊരു കുറിപ്പ് തന്നു.കുഞ്ഞിനു പത്തു വയസ്സ് കഴിഞ്ഞാല്‍ സര്‍പ്പം പാട്ടും പൂജയും നടത്താന്‍ തറവാട്ടില്‍ വരണമെന്ന് പറഞ്ഞു.അപ്പൂനു പത്തു വയസ്സാകാന്‍ ജിജോ കാത്തിരിക്കുകയായിരുന്നു.കഴിഞ്ഞ വെകേഷന് മണാലിയില്‍ പോയപ്പോളാണ് അപ്പൂനോട് ഒറ്റപ്പാലത്തെ തറവാടിനെ ക്കുറിച്ചു ജിജോ പറഞ്ഞത്.അടുത്ത വകേഷന്‍ വരാന്‍ അപ്പുവും കാത്തിരിക്കുകയായിരുന്നു.മാങ്ങയും ചാമ്ബയും പേരക്കയും തിന്നു തൊടിയില്‍ ഓടിച്ചാടി നടക്കാന്‍ അപ്പൂനു ഒരു മാസക്കാലം.നെടുമംഗല്യത്തിനു പ്രാര്‍ത്ഥിക്കാന്‍, സര്‍പ്പം പാടും പൂജയും നടത്താന്‍ തനിക്കൊരു ഒരാഴ്ച.ഉമ്മറത്തെ ഊഞ്ഞാല്‍ കട്ടിലില്‍ ഇരുന്നു മുത്തശ്ശിയുടെ താംബൂലം ചവച്ചു കാരണവര്‍ ചമയാന്‍ ജിജോക്കും ഒരാഴ്ച.അപ്പു ഒരു മാസക്കാലം ഒറ്റപ്പാലത്ത് കഴിയാന്‍ വേണ്ടി ഗ്രാന്‍ഡ്‌ പായോടും ഗ്രാന്‍ഡ്‌ മായോടും അനുവാദം ചോദിച്ചിട്ടാണ് പോന്നത്.മുത്തശ്ശിക്ക് തീരെ വയ്യാതായിരിക്കുന്നു.മോനെയും ജിജോയും കണ്ട സന്തോഷത്തിലാണ് ഓടി നടക്കുന്നത്.
“യാമിനീ....”
ചിന്തയില്‍ നിന്നുണര്‍ന്നു..അപ്പുറത്ത് ജിജോ വിളിക്കുന്നു.ഉമ്മറത്ത് ചെന്നപ്പോള്‍ രണ്ടാളും റെഡി ആയിരിക്കുന്നു.ദീപാരാധന തൊഴാന്‍ പോകാന്‍.ജിജോ കസവ് കരയുള്ള വേഷ്ടി ഉടുത്തു നേര്യതു പുതച്ചിരിക്കുന്നു.അസ്സല്‍ ഒരു മേനോന്‍ തന്നെ.കണ്ണിലെക്കുറ്റ് നോക്കി.എങ്ങിനെയുണ്ട് എന്ന ഭാവം.
അപ്പു കാതില്‍ മന്ത്രിച്ചു..
“മമ്മാ....... ലുക്ക്‌... പപ്പാ ഈസ്‌ സൊ സ്മാര്‍ട്ട് നൌ..”
ശരിയാണ് .ജിജോക്ക് നന്നായി ഇണങ്ങുന്നു ഈ വേഷം.കണ്ണിമക്കാതെ നോക്കി.തലയില്‍ അങ്ങിങ്ങ് നരകള്‍ കണ്ടു തുടങ്ങിയെങ്കിലും ഇപ്പോഴും അതെ കുസൃതി തന്നെ കണ്ണുകളില്‍.
“ഇന്ന് മുത്തസ്സിക്കൊപ്പം പപ്പയും മോനും തന്നെ പോകൂ...മമ്മ ഇതെവരെ കുളിച്ചിട്ടില്ല..”
ഒപ്പം വരാന്‍ വാശി പിടിച്ച അപ്പൂനോട് പറഞ്ഞു.
അവര്‍ മുത്തശ്ശിക്കൊപ്പം പടിക്കെട്ടിറങ്ങുന്നതും നോക്കിയിരുന്നു.സോപ്പും തോര്‍ത്തുമെടുത്തു കുളക്കടവില്‍ എത്തിയപ്പോള്‍ ഒരു പേടി...അകാരണമായി ഒരു വിമ്മിഷ്ടം.സന്ധ്യക്ക് വിടെണ്ടിയിരുന്നില്ല എന്നൊരു തോന്നല്‍.അമ്മയോട് ഒന്നും പറഞ്ഞില്ല.കുളി കഴിഞ്ഞു പൂജ മുറിയില്‍ കയറി പ്രാര്‍ത്ഥിച്ചു.മച്ചില്‍ വാഴുന്ന ഭാഗവതിയോടു നെടു മങ്ങല്യത്തിനായി അപേക്ഷിച്ചു.പൂജാ മുറിയില്‍ ചില്ലിട്ടു വെച്ച അച്ഛന്റെ ചിത്രത്തിനു മുന്നില്‍ കൂപ്പു കൈകളുമായി ഇരുന്നു.സമയം എത്ര കടന്നു പോയെന്നറിഞ്ഞില്ല.
“മമ്മാ ..കതകു തുറക്കൂ... മുത്തശ്ശിയമ്മ ചുട്ടപപ്പടം ഉണ്ടാക്കി.അപ്പൂനു വിശക്കുന്നു മമ്മാ.”
മോനാണ്.അവനു വിശപ്പു തുടങ്ങി ക്കഴിഞ്ഞു.ഇവരെപ്പോള്‍ തിരിച്ചെത്തി ? ഒന്നും അറിഞ്ഞില്ലല്ലോ ? വിളക്കിലെ തിരി താഴ്ത്തി കണ്ണ് തുടച്ചു എഴുനേറ്റു.കിടക്ക മുറിയില്‍ ജിജോ ശരറാന്തല്‍ ചില്ല് തുടക്കുന്നു.പിച്ചിപ്പൂ വിതറിയ കിടക്ക.വാഴയിലയില്‍ കൊരുത്തു വെച്ച പിച്ചിപ്പൂ പിന്നെയും ബാക്കി.ധൂപകുറ്റിയില്‍ ചന്ദനത്തിരികള്‍ സുഗന്ധം പരത്തി പുകയുന്നു.വാതില്‍പടി കടന്നപ്പോള്‍ പറഞ്ഞു.
“യാമിനീ....നോട് നൌ ഡിയര്‍...ഭക്ഷണം കഴിഞ്ഞു മുത്തശ്ശിയുടെ പെട്ടിയില്‍ നിന്ന് ഒരു കസവ് പുടവ ചുറ്റി വരൂ.”
കളിയാക്കി ചോദിച്ചു.
“ചെറുക്കന് എന്തിന്റെ കിറുക്കാ...”
ഊണ് കഴിഞ്ഞു അപ്പു മുത്തശ്ശിമാരോടൊപ്പം ഉറങ്ങാനായി ചാവടിയിലേക്ക് പോയി.രാജകുമാരന്റെയും രാജകുമാരിയുടെയും കഥ എത്ര കേട്ടാലും മതി വരില്ലവന്.കഥ പറയാന്‍ അമ്മയും മുത്തശ്ശിയും മല്‍സരമാണ്.ജിജോക്ക് കുടിക്കാന്‍ ചുക്ക് വെള്ളം നിറച്ച ഗ്ലാസ്സുമായി ചെന്നപ്പോള്‍ മനസ്സില്‍ ഓര്‍ത്തു.തറവാടിലെ ആദ്യ രാത്രി ഒരുക്കുകയാണ് ജിജോ.പാല്‍ ഗ്ലാസ്സിനു പകരം ചുക്ക് വെള്ളം കാണുമ്പോള്‍ ദേഷ്യം പിടിക്കുമോ ? മുറിയില്‍ ശരറാന്തല്‍ അരണ്ട വെളിച്ചം വിതറുന്നു.അരികില്‍ പിടിച്ചു നിര്‍ത്തി ജിജോ തലയില്‍ പിച്ചി പൂ മാല ചൂടി.പിന്നെ പതിയെ കാതില്‍ മന്ത്രിച്ചു.
“മച്ചിലെ ഭാഗവതിയോടും പാടത്തിന്‍ കരയിലെ അമ്പലത്തിലെ ശിവ പാര്‍വതിമാരോടും ഞാന്‍ മാപ്പ് ചോദിച്ചു.മംഗലത്തെ പെണ്ണിനെ ബലമായി പിടിച്ചു വേളി കഴിച്ചതിനു.ഇനി എന്താ പ്രയശചിത്തം ചെയ്യേണ്ടത്...”
ജിജോയുടെ നെഞ്ചില്‍ തല ചായ്ച്ചു താന്‍ പറഞ്ഞു.
“നാളെ തന്നെ നമുക്ക് സര്‍പ്പം പാട്ടും പൂജയും നടത്തണം.”
ജിജോ എന്റെ നെറുകയില്‍ ചുംബിച്ചു സമ്മതം മൂളി.തണുത്ത കാറ്റ് പാദം കടന്നു വന്നു ഞങ്ങളെ പൊതിഞ്ഞു.മച്ചിന്‍ മുകളിലെ ഭഗവതിയുടെ ചിലംബുകള്‍ അകത്തെവിടെയോ കിലുങ്ങി....