Friday, 25 November 2011

ഒരു ചുവന്ന പൊട്ടിന്റെ ഓര്‍മയ്ക്ക്......


               ഇന്ദ്രപ്രസ്ഥത്തിലെ  എന്റെ പ്രഭാതങ്ങള്‍ക്ക് പ്രസരിപ്പ് പകര്‍ന്നെത്തുന്ന പലരില്‍ ഒരാളായിരുന്നു ബബ്ലി .. പാല്‍ ,പത്രം, അടുക്കളമാലിന്യം കൊണ്ട് പോകുന്നവര്‍,വീട്ടുജോലിക്കാരി ,കുട്ടികളുടെ വാന്‍ ഡ്രൈവെര്‍ അങ്ങിനെ രാവിലെ എത്തുന്ന നിരവധിപേരില്‍ ഒരാള്‍...എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്ത ...ബബ്ലിയുമായി ഒരാത്മബന്ധം എനിയ്ക്കുണ്ടായിരുന്നു... ഞങ്ങളുടെ റെസിടെന്‍ഷ്യാല്‍ ഏരിയയിലെ ഒട്ടുമിക്ക ഫ്ലാറ്റുകളിലും കയറിയിറങ്ങി തുണികള്‍ ശേഖരിച്ച്‌ ഇസ്തിരിയിട്ട് കൊണ്ടിരുന്ന ഒരു സുന്ദരിയായ വീട്ടമ്മ. ഏകദേശം 35 - 40  വയസ്സ് പ്രായമേയുള്ളൂ അവര്‍ക്ക്.ആഴ്ചയില്‍ മിക്കവാറും ദിവസങ്ങളില്‍ മുടങ്ങാതെ എത്തുമായിരുന്നു ബബ്ലി.അലോസരപ്പെടുത്താത ഡോര്‍ ബെല്‍ മുഴങ്ങിയാല്‍ എനിക്കറിയാമായിരുന്നു അത് ബബ്ലിയാണെന്ന്.വാതില്‍ തുറന്നാല്‍ സുസ്മേര വദനയായി നമസ്തെ പറയുന്ന ബബ്ലി എന്നെയും ഊര്‍ജസ്വലയാക്കുമായിരുന്നു.ബബ്ലിയുടെ വെളുത്ത മുഖത്ത് നെറ്റിയിലെ ചുവന്ന വലിയ വട്ടപ്പൊട്ടാണ്  ഞാനാദ്യം കാണുക.അത്രയ്ക്ക് ആകര്‍ഷനീയമായിരുന്നു അവര്‍ക്ക് ആ വലിയ പൊട്ട്.ബബ്ലി സുന്ദരിയാണെന്ന് മുന്നേ പറഞ്ഞല്ലോ ..സുന്ദരമായ മുഖത്തോടൊപ്പം അസാധാരണമായ ശരീര വണ്ണവും അവര്‍ക്കുണ്ടായിരുന്നു .പക്ഷെ അതൊന്നും അവരുടെ ജോലിയെ ബാധിച്ചിരുന്നതെയില്ല ..നല്ല ഭംഗിയായി സാരിയുടുത്ത് എന്നും വലിയ വട്ട പൊട്ട് തൊട്ടു നടക്കാന്‍ കുറച്ചൊക്കെ ബദ്ധപ്പെട്ടാണെങ്കിലും ഉത്സാഹത്തോടെ ജോലി ചെയ്യുന്ന ബബ്ലി എനിക്കെന്നും ഒരു അത്ഭുതമായിരുന്നു.രോഗിയായ ഭര്‍ത്താവും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിനു ബബ്ലി നെടുംതൂണായിരുന്നു.

ഇന്ദ്രപ്രസ്ഥം ഒത്തിരിയേറെ പേര്‍ക്ക് പോറ്റമ്മയാണ് .അന്യ സംസ്ഥാനക്കാരായ ഒരുപാട് പേര്‍ ചെറിയ ചെറിയ ജോലിക്കായി നഗരത്തിലുണ്ട്.ബബ്ലിയും രാജസ്ഥാനില്‍ നിന്ന് വന്നു ദില്ലിയില്‍ സ്ഥിരതാമസമാക്കിയതാണ്. സ്വന്തം ഗ്രാമത്തെ കുറിച്ച് ഗൃഹാതുരതയോടെ  പറയുമ്പോള്‍ കണ്ണുകള്‍ നിറയുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.  വല്ലപ്പോഴുമൊക്കെ ജീവിത പ്രാരാബ്ദങ്ങള്‍ പറഞ്ഞു വാചാലയാകാരുള്ളതൊഴിച്ചാല്‍ അങ്ങിനെ സങ്കടമൊന്നും പുറത്തു കാണിക്കാത്ത ഒരാളായിരുന്നു അവര്‍.സ്കൂള്‍ സമയം കഴിഞ്ഞു കുട്ടികളും അവരെ ജോലിയില്‍ സഹായിച്ചിരുന്നു.മൂത്ത മകന്‍ വീട്ടില്‍ അടുക്കള ജോലികള്‍ ചെയ്യുന്ന കാര്യം ബബ്ലി എന്നോട് പറഞ്ഞിട്ടുണ്ട്.അങ്ങിനെ ബബ്ലിയ്ക്കൊപ്പം കുട്ടികളും എന്റെ മനസ്സില്‍ സ്ഥാനം പിടിച്ചു. ഇളയ മകന് 10  വയസ്സില്‍ താഴെയേ വരൂ.തുണിക്കെട്ടുകള്‍ ചുമന്നു ചില ദിവസം അവനാണ് വരാറ്.ഞാനവനോട് സ്കൂള്‍ വിശേഷങ്ങള്‍ ചോദിയ്ക്കും.രണ്ടു കുട്ടികളും പഠനത്തില്‍ സമര്‍ത്ഥരാണ്.ഞാന്‍ ദില്ലിയില്‍ വന്നത് മുതലേ എന്റെ ഫ്ലാറ്റിലെ നിത്യസന്ദര്‍ശകയാണ് ബബ്ലി. വര്‍ഷങ്ങളുടെ അടുപ്പം.ഇളയ ആണ്‍കുട്ടി ജനിച്ചതിനു ശേഷമാണത്രേ ബബ്ലി ഇങ്ങിനെ തടിച്ചു തുടങ്ങിയത്. ചിലപ്പോളെല്ലാം സ്വന്തം ശരീരഭാരം അവരെ അസ്വസ്ഥയാക്കിയിരുന്നു.എങ്കിലും എന്നും ഒരു നെടുവീര്‍പ്പോടെ അവര്‍ തുണികള്‍ ചുമന്നു നടന്നു നീങ്ങും.ആ പോക്ക് നോക്കി നില്‍ക്കെ എനിക്കും സങ്കടം തോന്നും.എന്നാല്‍ പിറ്റേന്ന് സന്തോഷവതിയായി കാണുകയും ചെയ്യും.ശരീരത്തിന്റെ മാറ്റങ്ങള്‍ ശ്രദ്ധിക്കാനോ ഡോക്ടറെ കാണാനോ ഒന്നും അവര്‍ മിനക്കെട്ടിരുന്നില്ല .നിത്യവൃത്തിക്ക് തന്നെ കഷ്ടപ്പെട്ടിരുന്ന ഒരു കുടുംബത്തിനു ഇതെല്ലാം  എങ്ങിനെയാണ് സാധിയ്ക്കുക ?
നടന്നും ഓടിയും കിതച്ചും തന്റെ ഭര്‍ത്താവിനും പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ക്കും വേണ്ടി ഋതുഭേദങ്ങള്‍ അറിയാതെ രാപകലില്ലാതെ അവര്‍ കഷ്ടപ്പെട്ടു.ഇക്കഴിഞ്ഞ ദീപാവലിയ്ക്ക് പതിവുപോലെ ബബ്ലിയ്ക്ക് സാരി സമ്മാനിയ്ക്കാന്‍ എനിയ്ക്ക് കഴിഞ്ഞില്ല.ഞങ്ങളുടെ ഓണത്തിന് തരാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് സന്തോഷമായി.

" ഏക്‌ ബടിയാ സാടി ദേനാ മാഡം...സൌത്ത് വാലി    സാഡി....."
ചിരിച്ചു കൊണ്ട് പറഞ്ഞപ്പോള്‍ ബബ്ലിയുടെ വട്ടപ്പൊട്ട് ഒന്ന് തിളങ്ങിയോ ?

ബബ്ലി എന്നും വന്നു പൊയ്ക്കൊണ്ടിരുന്നു .തിരക്കിനിടയില്‍ എന്തെങ്കിലുമൊക്കെ പറയും പിന്നെ കുറെ ചിരിയ്ക്കും.ബ്ലൌസിനുള്ളിലെ അലുക്കുകളുള്ള മണിപേര്‍സ് തുറന്നു നോട്ടുകളും ചില്ലറകളും എണ്ണിതിട്ടപ്പെടുത്തും. വൈകുന്നേരങ്ങളില്‍ വീടണയാന്‍ തിടുക്കത്തില്‍ നടന്നു മറയും.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയും ബബ്ലി വന്നു.കൃത്യമായി പറഞ്ഞാല്‍ 14  ആം തീയതി.വെളിയില്‍ കളിച്ചു കൊണ്ടിരുന്ന എന്റെ മകനോട്‌ എന്തോ പറഞ്ഞ് ചിരിച്ചു.മടങ്ങുമ്പോള്‍ അവനോടു ടാറ്റാ പറയുന്നത് ഞാന്‍ ജനാലയിലൂടെ കണ്ടു.ഇടയ്ക്ക് രണ്ടു മൂന്നു ദിവസം വന്നില്ല .തേയ്ക്കാനുള്ള തുണികള്‍ ഞാന്‍ മാറ്റിയെടുത്ത് വെച്ചു. തേപ്പുകാര്‍ വേറെയും ചിലര്‍ ഫ്ലാറ്റില്‍ വരാറുണ്ട്.പക്ഷെ ബബ്ലിയെ കാത്ത് മുറിയുടെ മൂലയില്‍ തുണിക്കെട്ടുകള്‍ കാത്തിരുപ്പ് തുടര്‍ന്നു.പിന്നെ ഇന്നലെ ബബ്ലിയുടെ മകനാണ് വന്നത്.പിന്നില്‍ ബബ്ലിയുടെ വട്ടപ്പൊട്ട് തിരഞ്ഞ എനിയ്ക്ക് നേരെ അവന്‍ മുഖമുയര്ത്താതെ നിന്നു.പിന്നെ പൊട്ടിക്കരഞ്ഞു.
എന്താണ് സംഭവിച്ചത് !!  എനിക്കൊന്നും മനസ്സിലായില്ല ....ബബ്ലി എവിടെ ? മനസ്സില്‍ കുറെ ചോദ്യങ്ങള്‍ ...എനിയ്ക്കും വാക്കുകള്‍ വിക്കുന്നു.തല ചുറ്റുന്നുണ്ടോ ?  അനുദിനം ദില്ലിയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ പെട്ടെന്ന് മനസ്സിലേയ്ക്കോടി വന്നു...ഒറ്റയ്ക്ക് താമസിയ്ക്കുന്ന സ്ത്രീകള്‍ക്കെതിരെ....രാത്രി വൈകി ജോലി കഴിഞ്ഞ് വരുന്ന സ്ത്രീകള്‍ക്കെതിരെ....കൂടെ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കെതിരെ....ബസ്സില്‍ വെച്ച്...ട്രെയിനില്‍ വെച്ച്.....ഇരുട്ട് മൂടിയ തെരുവോരങ്ങളില്‍ വെച്ച്....അഭ്യസ്തവിദ്യരും  അല്ലാത്തവരും കാട്ടിക്കൂട്ടുന്ന കാടത്തരങ്ങള്‍...അങ്ങിനെയെന്തെങ്കിലും... ??? വാതില്‍ പടിയില്‍ വീഴാതിരിയ്ക്കാന്‍ പിടിച്ചു..

കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ പറയുന്നത് അവ്യക്തമായി കേള്‍ക്കാം.
"ബബ്ലി മരിച്ചു..........രണ്ടു മൂന്നു ദിവസം ആശുപത്രിയില്‍ ആയിരുന്നു .വയറ്റില്‍ എന്തോ ഗുരുതരമായ അസുഖമായിരുന്നത്രേ ...."

എന്ത് പറഞ്ഞാണ് ബബ്ലിയുടെ മകനെ ആശ്വസിപ്പിക്കേണ്ടതെന്നു എനിയ്ക്കറിയില്ലായിരുന്നു.കണ്ണുകള്‍ തുടച്ചു അവന്‍ നടന്നു നീങ്ങുമ്പോലും നിര്‍വികാരയായി നില്‍ക്കാനേ എനിയ്ക്ക് കഴിഞ്ഞുള്ളു.
ഇനിയുള്ള പ്രഭാതങ്ങളില്‍ ബബ്ലി വരില്ലെന്നറിവ് എന്നെ നൊമ്പരപ്പെടുത്തുന്നു.ബബ്ലി തേച്ചു കൊണ്ട് തരുന്ന ചൂട് മാറാത്ത വസ്ത്രങ്ങള്‍ ധരിയ്ക്കാന്‍ എനിയ്ക്കിനി കഴിയില്ലല്ലോ ? വീട്ടില്‍ ആരും ഇല്ലാത്ത ആ പകലില്‍ ബബ്ലിയെ ഓര്‍ത്തു ഞാന്‍ ഉറക്കെ കരഞ്ഞു. ബബ്ലിയെ കാത്തിരുന്ന തുണിക്കെട്ട് എടുത്തു അലമാരിയില്‍ വെയ്ക്കുമ്പോള്‍ ദിവസങ്ങള്‍ക്കു മുമ്പ് ബബ്ലി ഇസ്തിരിയിട്ട് തന്ന എന്റെ സല്‍വാര്‍ കമ്മീസ് ഒരു ചുളിവു പോലുമില്ലാതെ ഇപ്പോഴും......വെറുതെ വിരലോടിയ്ക്കുമ്പോള്‍ ചൂടില്ലാതെ തണുത്ത് വിറങ്ങലിച്ചു എന്റെ പാവം ബബ്ലിയെ പോലെ .....

ആ ചുവന്ന വട്ടപ്പൊട്ട് ഒരിയ്ക്കലും എന്റെ ഓര്‍മകളില്‍ നിന്ന്‌ മാഞ്ഞു പോകാതിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.

7 comments:

 1. GOOD, ADIPOLI, THAKARKKU, INIYUM PRATHEEKSHIKKUNNU

  ReplyDelete
 2. പോസ്റ്റ് നന്നായി

  ReplyDelete
 3. @ പഞ്ചാരക്കുട്ടന്‍ ... ശ്രീ .....
  അഭിപ്രായത്തിനു നന്ദി.

  ReplyDelete
 4. അന്യനാട്ടിൽ വന്ന് താമസിയ്ക്കുമ്പോൾ ഇങ്ങനെയുള്ള പല ആളുകളിൽനിന്നുമാണ് കുടുതൽ സ്നേഹം നമുക്ക് അനുഭവിയ്ക്കുവാനാകുന്നത്..എങ്കിലും അതിലും തട്ടിപ്പുകാർ ഏറെയെന്നതാണ് വാസ്തവം..കാവൂട്ടിയുടെ ബബ്ലിയെപ്പോലുള്ളവർ വളരെ അപൂർവ്വമാണെന്നതാണ് എന്റെ അനുഭവം..അവരുടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും കണ്ട് സഹായിയ്ക്കുവാൻ തുടങ്ങിയാൽ അത് മുതലെടുക്കുവാനാണ് പലരുടെയും ശ്രമം.. പക്ഷെ ബബ്ലിയുടെ ജീവിതം ഏറെ സങ്കടപ്പെടുത്തുന്നു. അത് ഹൃദയസ്പർശിയായി അവതരിപ്പിച്ചതിനും അഭിനന്ദനങ്ങൾ.

  ReplyDelete