Thursday, 12 January 2012

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം .....                                      ഇന്ദ്രപ്രസ്ഥം മരം കോച്ചുന്ന മഞ്ഞില്‍ കരിമ്പടം പുതച്ചിരിയ്ക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി . ഇടദിവസങ്ങളിലെപ്പോഴോ ഇത്തിരി വെളിച്ചവുമായി സൂര്യദേവന്‍ ഒന്നെത്തിനോക്കിപ്പോയോ ?
അതൊരു സംശയം മാത്രമാണ്........ ഉറപ്പൊന്നുമില്ല.
             എന്റെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ ഒരു കുട്ടത്തിപ്രാവ് ഉച്ചവെയിലിന്റെ ഒരു നുള്ള് ചീറിനായി കാത്തിരുപ്പ് തുടരുന്നു. സ്വെട്ടരിന്റെ ചൂടില്‍ കഴുത്തില്‍ മഫ്ലര്‍ ചുറ്റിയിരുന്നിട്ടും എനിയ്ക്കും തണുക്കുന്നു.തണുപ്പിനു അകമ്പടിയായി എത്തിയ പനി   വിട്ടുമാറിയെങ്കിലും ചുമയും ജലദോഷവും ഇനിയും കുറഞ്ഞിട്ടില്ല. ഇഞ്ചി ചതച്ചിട്ടൊരു ചൂട് ചായ കുടിയ്ക്കാനും ഉപ്പുരസമുള്ള കുറച്ചു നിലക്കടല കൊറിയ്ക്കാനുമൊക്കെ ഒരു തോന്നല്‍ മനസ്സിലുണ്ട്. എങ്കിലും പുറത്തു വീശുന്ന ശീതക്കാറ്റിന്റെ മൂളലും വന്യമായ തണുപ്പും മൂടിപ്പുതച്ചുങ്ങാന്‍  പറയുന്നു. പുറത്ത് കുട്ടത്തി പ്രാവ് കുറുകുന്നു.ബാല്‍ക്കണിയുടെ വാതിലടച്ചു തിരിയുന്ന എന്നെ ദീനമായി നോക്കുന്ന ചുവന്ന കുന്നിക്കുരു പോലുള്ള കണ്ണുകള്‍ കണ്ടില്ലെന്നു നടിയ്ക്കാന്‍ എനിയ്ക്കായില്ല.അടുക്കളയില്‍ നിന്ന് അല്‍പ്പം അരി വാരിയിട്ടു കൊടുത്തു. പാവം തണുപ്പത്ത് എന്തെങ്കിലും തിന്നു കൊണ്ടിരിയ്ക്കട്ടെ. മനുഷ്യനെപ്പോലെ അതിനും തണുപ്പത്ത് വിശപ്പു  കൂടുതലായിരിയ്ക്കും.
                                     കണ്ണടച്ച് കിടന്നാല്‍ ഒരു പക്ഷെ നല്ല സ്വപ്നങ്ങളെങ്കിലും കാണാന്‍ കഴിയും. ബ്ലാങ്കറ്റിന്റെ ഇരുട്ടിലേയ്ക്കു ഊളിയിടുമ്പോള്‍ ഓര്‍മ്മകള്‍ തിക്കിതിരക്കി വരുന്നത് പോലെ. കായല്‍ കാറ്റെറ്റു കിടക്കുന്ന എന്റെ ഗ്രാമത്തിലേയ്ക്ക്..........കുളിരുള്ള പുലര്‍കാലങ്ങളിലെയ്ക്ക്............ മനസ്സ് മടങ്ങിപ്പോകുവാന്‍ കൊതിയ്ക്കുകയാണ്.
                                 അന്നൊക്കെ ധനു - മകരമാസങ്ങളിലെ പുലര്‍ച്ചയുള്ള തണുപ്പില്‍ ഞാനും ചേച്ചിയും ചേട്ടനും മുറ്റത്തിന്റെ കോണില്‍ തൂത്തുവാരിക്കൂട്ടിയ കരിയിലകള്‍ കത്തിച്ചു തീ കാഞ്ഞിരിയ്ക്കുമായിരുന്നു. മാവും പ്ലാവും പേരയും പേരറിയാത്ത ഒത്തിരി മരങ്ങളും തണല്‍ വിരിച്ചു നിന്ന മുറ്റത്ത്‌ കൂനകൂട്ടിയിട്ടു കത്തിയ്ക്കാന്‍ എത്ര കരിയില കൂമ്പാരങ്ങളായിരുന്നു. ഇത് നിന്റെ...........ഇത് എന്റെ......... എന്ന് അവകാശം പറയുമായിരുന്നെങ്കിലും വഴക്കില്ലാതെ ഓരോ കരിയിലക്കൂട്ടവും കത്തിച്ചു ചൂട്പോലും പങ്കിട്ടു മൂന്നു പേര്‍. അമ്മ പറയാറുള്ള പോലെ ഒരു തേങ്ങയുടെ മൂന്നു കണ്ണുകള്‍.
                           ചേട്ടന്‍ കമ്പില്‍ കൊരുത്ത കടലാസ് കഷണങ്ങള്‍ കത്തിയ്ക്കുകയോ തീയില്‍ നീളമുള്ള കമ്പേടുത്തു കുത്തിയിളക്കി കത്തുന്ന ചുവന്ന പൊട്ടുകള്‍ വായുവില്‍ നൃത്തം വെയ്പ്പിയ്ക്കുകയോ ഒക്കെ ചെയ്തുകൊണ്ടിരിയ്ക്കും. ഉള്ളം കൈയില്‍ ഉപ്പും കുരുമുളകും പൊടിച്ചു ചേര്‍ത്ത ഉമിക്കരിയെടുത്ത്‌ പല്ലില്‍ ഉരച്ചോ,പഠിയ്ക്കാന്‍ ബാക്കിയായ പാഭാഗങ്ങള്‍ എന്തെങ്കിലും വായിച്ചു നല്ല കുട്ടിയായി ചേച്ചിയും ഉറക്കച്ചടവ് മാറാതെ ചേട്ടന്‍ കാട്ടുന്ന വികൃതികളില്‍   കണ്ണുനട്ട് ഞാനും  തീയ്ക്കു ചുറ്റും വട്ടം കൂടിയിരുന്ന എത്ര പ്രഭാതങ്ങള്‍. കരിയിലകള്‍ കത്തി  തീരുന്നവരെയേ  ആ  തണുപ്പിനു ആയുസ്സുള്ളൂ ....   കുളത്തിലെ തണുപ്പില്‍ ഒന്ന് മുങ്ങിനിവരുമ്പോള്‍ ഉന്മേഷം കൂടും. പാടവരമ്പില്‍ നിന്ന് കൂട്ടുകാരി പേര് നീട്ടി വിളിയ്ക്കുമ്പോള്‍ സ്കൂളിലേയ്ക്കുള്ള ഓട്ടം. ഇടവഴികളില്‍ നാട്ടുമാവ് നിറയെ പൂവിട്ടുനില്‍ക്കുന്നു . ഇടയ്ക്കിടയ്ക്ക് തലനീട്ടുന്ന ഉണ്ണിമാങ്ങകളും........ താഴ്ന്ന കൊമ്പിലെ ഒന്ന് പൊട്ടിയ്ക്കാന്‍ കൈ തരിയ്ക്കും. അരികില്‍ നിലത്തു വീണുകിടക്കുന്നത് പരതുന്ന കൂട്ടുകാരിയ്ക്കൊപ്പം കൂടും. അടുത്തുള്ള സ്കൂളില്‍ ഫസ്റ്റ് ബെല്‍ മുഴങ്ങുന്നു.വീണ്ടും ഓട്ടം....
                                      കമ്പിളിപ്പുതപ്പിന്റെ ചൂടില്‍ കുറച്ചൊന്നു വിയര്‍ത്തോ ..അതോ വീണ്ടും പനിച്ചു തുടങ്ങിയോ..പനി  പിടിച്ചു വിറയ്ക്കുമ്പോള്‍ ഇപ്പോഴും അമ്മ അരികില്‍ വേണമെന്ന് ശാട്യം  പിടിയ്ക്കുന്ന ഒരു കൊച്ചുകുട്ടി എന്റെയുള്ളില്‍ ഇപ്പോഴുമുണ്ട്. ഓലക്കീറില്‍ രാസ്നാതിപ്പൊടി ചാലിച്ച് നെറുകയില്‍ അമ്മ ഇട്ടു തരുമ്പോഴുള്ള നേര്‍ത്ത തണുപ്പ്..... തലവേദനിയ്ക്കുമ്പോള്‍ നെറ്റിയില്‍ പുരട്ടിത്തരുന്ന ചന്ദനത്തിന്റെ അവാച്യ സുഗന്ധം...ഇതിനൊപ്പം കണ്ണടച്ച് പ്രാര്‍ഥനകള്‍ ഉരുവിട്ട് അമ്മ ചെയ്ത് തന്നിരുന്ന ഈ സ്നേഹമന്ത്രങ്ങള്‍ക്ക്എന്തൊരു ശക്തിയായിരുന്നു.ഞൊടിയിടയില്‍  ചുട്ടുപൊള്ളുന്ന പനി വിട്ടു ചാടിയെഴുനേറ്റു ആവിപറക്കുന്ന ചൂട് കഞ്ഞിയും ചുട്ട പപ്പടവും കഴിയ്ക്കാന്‍ കൊതിയോടെ അടുക്കളയിലേയ്ക്ക് ഓടി ചെല്ലാറുള്ളത്....കൊതിയോടെ ഓര്‍മ്മകള്‍ പിന്നെയും.....
നാവില്‍ വെള്ളമൂറുന്നുണ്ടോ...ഇല്ല തീരെയില്ല....ആന്റിബയോട്ടിക്കുകള്‍ രുചിച്ചു മരവിച്ച നാവു പുറത്തേയ്ക്ക് തുപ്പിക്കളയാന്‍  കഴിഞ്ഞിരുന്നെങ്കില്‍ എന്നാണ് ഇപ്പോള്‍ ചിന്ത.
                 ദില്ലിയില്‍ ഇത്തവണ ക്രിസ്മസ് കടന്നു പോയത് കൂടിയറിഞ്ഞില്ല. മലയാളം ചാനലുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ കണ്ടു മടുത്തു തുടങ്ങി.മറ്റെന്തു കാണാന്‍....മോന്റെ സ്കൂളിലെ പേരിനുള്ള ഒരു ക്രിസ്മസ്  ആഘോഷങ്ങള്‍ക്കായി ഞാന്‍ നക്ഷത്രവിളക്കിനും ക്രിസ്മസ്ട്രീയ്ക്ക്മായി ചില  കടകള്‍ കേറിയിറങ്ങിയതൊഴിച്ചാല്‍ മറ്റൊരു പ്രത്യേകതയും ഇത്തവണയുണ്ടായില്ല.
                           ബാല്യത്തില്‍ ഡിസംബറിലെ ക്രിസ്മസ് രാവുകള്‍ക്ക്‌ വേണ്ടി എത്ര ആകാംക്ഷയോട് കൂടിയാണ് കാത്തിരിയ്ക്കാരുള്ളത്.ഏറ്റവും ആദ്യം നക്ഷത്രം തൂക്കാന്‍ സാധിച്ചാല്‍ അതില്‍പ്പരം സന്തോഷം വേറെയില്ല.ക്രിസ്മസിന് ഒരാഴ്ച മുന്നെയെത്തുന്ന കരോള്‍ സംഘങ്ങള്‍ക്കായുള്ള കാത്തിരുപ്പ് തന്നെ ഒരു സുഖമായിരുന്നു.പാതിയുക്കവും കണ്ണില്‍ വെച്ച് കയ്യില്‍ നാണയതുട്ടുകളും സൂക്ഷിച്ചു ഇരുട്ടിലേയ്ക്കു നോക്കിയിരുന്ന രാവുകള്‍.പാടത്തിനപ്പുറത്തു നിന്നും അവരുടെ വിളക്കുകള്‍ മിന്നിത്തിളങ്ങാന്‍ തുടങ്ങുമ്പോള്‍ മനസ്സ് തുടികൊട്ടാന്‍ തുടങ്ങും.പാടം കടന്നെത്തുന്ന ഇമ്പമാര്‍ന്ന ഗാനങ്ങളുടെ അലയടികള്‍ തണുപ്പും ഇരുട്ടും വകഞ്ഞു മാറ്റി എല്ലാവരെയും ഉറക്കത്തില്‍ നിന്നുണര്‍ത്തി ഉല്ലാസഭരിതരാക്കും.ഹാപ്പി ക്രിസ്മസ് പറഞ്ഞു കൈ പിടിച്ചു കുലുക്കുന്ന ക്രിസ്മസ് പപ്പാ ആരെന്നറിയാന്‍   ഇപ്പോഴും   ഒരു കൌതുകമാണ് .പുറത്ത് എല്ലാവരോടും  കുശലം  പറയുന്ന  അച്ഛനറിയാം  മുഖം  മൂടിയുടെ  പിന്നിലെ   ക്രിസ്മസ് പപ്പയെ.വിളക്കുകള്‍ മറഞ്ഞു  കഴിഞ്ഞാല്‍  അച്ഛന്റെ  പിന്നാലെ  കൂടും അതാരെന്നറിയാന്‍. കുറച്ചു കഴിഞ്ഞിട്ടാണെങ്കിലും അച്ഛനത് വെളിപ്പെടുത്തുമ്പോള്‍ ഉള്ളില്‍ ചിരി പൊട്ടും.ക്രിസ്മസ് ദിനങ്ങള്‍ മധ്യഹ്നങ്ങളോ വൈകുന്നെരങ്ങളോ മിക്കവാറും അയല്‍വാസിയും സുഹൃത്തുമായ പ്പേല്‍ ചേട്ടനോപ്പമായിരുന്നു അച്ഛന്റെ ആഘോഷങ്ങള്‍.അച്ഛന്റെ വിരലില്‍ തൂങ്ങി ഞാനും ചേട്ടനും ചിലപ്പോളൊക്കെ കൂടെ പോകും.അവരുടെ ആഘോഷത്തിനിടയില്‍ അച്ഛന്റെ ഗ്ലാസ്സിലിരുന്ന എന്തോ കുടിച്ചു കിറുങ്ങി നടന്ന ഒരു പകലും എന്റെ ബാല്യകാലസ്മരണകളില്‍..... അല്ല കുറുമ്പുകളില്‍പ്പെടുന്നു. ആണ്‍കുട്ടിയായ ചേട്ടന് തോന്നാത്ത കാര്യമാണ് അന്നേ ഇത്തിരി പോക്കിരിയായ ഞാന്‍ ചെയ്തത്.ഇന്നതെല്ലാം  ഓര്‍ത്തു കൂടെ ചിരിയ്ക്കാന്‍ അച്ഛനില്ല..പ്പേല്‍ ചേട്ടന്‍ ഉണ്ടോ........ അറിയില്ല......നാട് വിട്ടു നഗരത്തിരക്കില്‍ ചേക്കേറിയ എനിയ്ക്കോ ഗ്രാമത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും നെഞ്ചില്‍ സൂക്ഷിയ്ക്കുന്ന എന്റെ ചേട്ടനും ചേച്ചിയും ഇതൊക്കെ ഓര്‍ക്കുന്നോ ആവോ...
           തണുപ്പ് കൂട്ടാനായി പുറത്തു ചാറ്റല്‍ മഴ പെയ്തു തുടങ്ങി.താഴ്വാരങ്ങളില്‍ മഞ്ഞു വീഴ്ച തുടങ്ങിയിട്ടുണ്ടാകണം .ആലിപ്പഴം  പൊഴിയുന്നത്  ഈ കോണ്‍ക്രീട്ടു സൌധത്തിലിരുന്നാല്‍ എങ്ങിനെ അറിയാനാണ്. വീണ്ടും പുതപ്പിനുള്ളിലെയ്ക്ക് ചുരുണ്ട് കൂടി. 
                           ഓര്‍മ്മകളിലെവിടെയോ മൂന്നു കുട്ടികള്‍ ഒരു വലിയ പുതപ്പിനായി പിടിവലി കൂടുകയാണ്............. അവിടെയും പുറത്തു നല്ല മഴ..വഴക്കുണ്ടാക്കാതെ എന്ന് ശാസിയ്ക്കുന്ന അമ്മ........... ചിരിച്ചു കൊണ്ട് അമ്മയെ വിലക്കുന്ന അച്ഛന്‍.......പിന്നെ വഴക്ക് മാറ്റി പുതപ്പു കൊണ്ട് ടെന്റ് കെട്ടി കളിയ്ക്കുന്ന ഒരു ചേട്ടനും ചേച്ചിയും കുഞ്ഞനുജത്തിയും.........രണ്ടു ചെറിയ മുറികളുള്ള ഒരു കൊച്ചു വീട്...മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ മേശമേല്‍ റാന്തലിന്റെ തിരി ഒന്നുകൂടി നീട്ടി വെച്ച് തിരക്കിട്ട് പുസ്തകം വായിച്ചു തീര്‍ക്കുന്ന അച്ഛന്‍ ...........അടുക്കളയില്‍ നനഞ്ഞ വിറകു ഊതിക്കത്തിച്ചു ധൃതിയില്‍ അത്താഴം തയ്യാറാക്കുന്ന ഒരമ്മ.......ഉറക്കം തൂങ്ങുന്ന കണ്ണ്‍കളുമായി റെന്റിനുള്ളില്‍ കളിച്ചു ചിരിച്ചു ഞങ്ങളും.....പാടത്ത്  പച്ചത്തവളകള്‍ കൂട്ടത്തോടെ മഴയെ വരവേല്‍ക്കുന്നു..ചാക്കുകളും പെട്രോമാക്സുകളുമായി കുറെ തവളപിടുത്തക്കാരും പാടവരമ്പ്  ചവിട്ടിമെതിച്ചു നടന്നു നീങ്ങുന്നു.
                            കമ്പിളിപ്പുതപ്പില്‍ ഞാനും എന്റെ ഓര്‍മ്മകളും ചൂട് പിടിച്ചു.ഇനി എഴുന്നേല്‍ക്കാം. ഇഞ്ചി ചേര്‍ത്തൊരു ചൂട് ചായ തയ്യാറാക്കാന്‍ അടുക്കളയിലേയ്ക്ക്....

5 comments:

 1. ഇന്നിന്റെ മുരടിപ്പും ഇന്നലെയുടെ പച്ചപ്പും വൃത്തിയായി വരച്ചിട്ടു.......

  ReplyDelete
 2. പൊയ്പ്പോയ നല്ലകാലത്തിലേക്ക് ഓര്‍മ്മകളെ നയിച്ച മനോഹരമായ വരികള്‍

  ReplyDelete
 3. പ്രിയപ്പെട്ട കാവൂട്ടി,
  എത്ര മനോഹരമായി, ഓര്‍മ്മകള്‍ പുതുക്കി,കൂട്ടുകാരി! മനോഹരമായ ഈ ബാല്യവും, സ്നേഹം നിറഞ്ഞ കുടുംബവും ഒത്തിരി ഇഷ്ടമായി! അച്ഛന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍!
  ഇനിയും എഴുതണം....,ആ ഗ്രാമത്തെകുറിച്ച്!
  അഭിനന്ദനങ്ങള്‍!
  സസ്നേഹം,
  അനു

  ReplyDelete
 4. aashamsakal.......... blogil puthiya post.... PRITHVIRAJINE PRANAYICHA PENKUTTY............ vayikkane..........

  ReplyDelete