Tuesday, 24 March 2020

മഞ്ഞ കോളാമ്പി പൂക്കൾ


നിറയെ  പൂത്തുലഞ്ഞു  നിന്ന  ഗുൽമോഹർ തണലിൽ  അവൻ  കുറച്ചു  നേരമായി  എന്നെ  കാത്തിരിക്കുകയായിരുന്നു. ബസ്സിറങ്ങി  കാമ്പസിന്റെ  ഗേറ്റ്  കടന്ന്  തിടുക്കപ്പെട്ട്  ഞാൻ  അവനരികിലേക്ക്   ചെന്നു. അവനെ  അത്രയും  ക്ഷീണിതനായി  ഞാൻ  ഇതിനു മുൻപൊരിക്കലും  കണ്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട്  തന്നെ  അവനിലെ  അവശത  എന്നെ  പരിഭ്രമിപ്പിച്ചു. "നീയിരിക്ക്... " കുറച്ചു  കൂടുതൽ  നീങ്ങിയിരുന്നു  എനിക്കിരിക്കാൻ  അവൻ  ഇടം  ഉണ്ടാക്കി. പതിവുപോലെ  അവന്റെ  നീളമുള്ള  വിരലുകളിൽ  വിരൽ  കോർത്തു അടുത്തിരിക്കാൻ  ഞാനാശിച്ചു. എനിക്ക്  ഒത്തിരി  ഇഷ്ടമുള്ള  അവന്റെ  പിങ്ക്  നിറമുള്ള  വിരൽ  നഖങ്ങളിലേക്ക്  ഞാൻ  കണ്ണോടിച്ചു. പൂർണ്ണമായും  മഞ്ഞപ്പ്  പുരണ്ട  അവയുടെ  കുങ്കുമനിറം  പരതിയിട്ടും  പരതിയിട്ടും  എനിക്ക്  കണ്ടെത്താനായില്ല. അവന്റെ  കണ്ണുകൾ   മഞ്ഞ  ബൾബുകൾ  പോലെ  മങ്ങിക്കത്തികൊണ്ടിരുന്നു. എനിക്ക്  അവനെ  ചേർത്ത് പിടിച്ചു  ആ  കൃഷ്ണമണികളിൽ  ചുംബിക്കണമെന്ന്  തോന്നി. വിരലുകളിൽ  പൊടുന്നനെ  ഒന്ന്  തൊട്ടപ്പോൾ  അവൻ  വേവലാതിയോടെ  കൈ  കുടഞ്ഞു. " മഞ്ഞപ്പിത്തം  അധികമായി, നീ  തൊടണ്ട. പകർന്നാലോ... " നമുക്കൊരുമിച്ചു  കീഴാർ നെല്ലി  കഷായം  കുടിച്ച് ആഘോഷിക്കാം... ഞാൻ  കുസൃതി  പറഞ്ഞു  അവനെ  ശുണ്ഠി  പിടിപ്പിക്കാൻ  ശ്രമിച്ചു. അവൻ  നിസ്സംഗനായിരുന്നു. ദിവസങ്ങളായി  കുറയാത്ത  മഞ്ഞകുരിപ്പ്  അവനെ  അത്രമേൽ  അസ്വസ്‌ഥനാക്കിയിരുന്നു. ആകാശനീലിമയുടെ  നിറമുള്ള  അവന്റെ  ഷർട്ടിൽ  വിയർപ്പ്  മഞ്ഞതുള്ളികളായി  പെയ്തു കൊണ്ടിരുന്നു. കഴിഞ്ഞദിവസം  അസുഖം  കാരണം  എഴുതാൻ  പറ്റാതെ  പോയ  പ്രവേശനപരീക്ഷയെ കുറിച്ചോർത്തു  അവൻ  സങ്കടം  പറഞ്ഞു. ഒരു  വലിയ  സ്വപ്നം  പൊലിഞ്ഞു പോയതിന്റെ  ദുഃഖം  കണ്ണുനീരായി  അടർന്നു  എൻ്റെ  കൈത്തലങ്ങളിൽ  പതിച്ചു. ബാഗിൽ  നിന്നെടുത്ത  വെളുത്ത  തൂവാലയിൽ  ഞാൻ  അവന്റെ  കണ്ണുകൾ  തുടച്ചു. വെളുപ്പിൽ  മഞ്ഞ  കോളാമ്പി പൂക്കൾ  വിടരുന്ന  പോലെ..... തണലിൽ  നിന്ന്  മഞ്ഞവെയിലിലേക്ക്  ഞാൻ  അവന്റെ  കൈകൾ  കോർത്തു  നടന്നു......... 

No comments:

Post a Comment