Friday, 31 August 2012

യാത്രാ മൊഴി ചൊല്ലാതെ...സൂസന്‍ ഫിലിപ്പിന്റെ മരണ വിവരം അറിയിച്ചു കൊണ്ട് വന്ന കമ്പി സന്ദേശം എന്റെ കൈയ്യിലിരുന്നു വിറച്ചു.സത്യം ആണെന്നറിഞ്ഞിട്ടും അതുള്‍ക്കൊള്ളാന്‍ മനസ്സ് മടിച്ചു.അകത്തെ മുറിയില്‍ സൂസന്റെ കുഞ്ഞു ഫെബിന്‍ ഉറക്കത്തില്‍ എന്തോ ശബ്ധം ഉണ്ടാക്കി.ഒരു ബോംബെ യാത്രയുടെ പേരും പറഞ്ഞു ദിവസങ്ങള്‍ക്ക് മുന്‍പ് ഫെബിനെ എന്നെ ഏല്‍പ്പിച്ചു മടങ്ങിയത് തിരിച്ചു വരാത്ത യാത്രക്ക് പോകാനായിരുന്നോ ? വര്‍ഷങ്ങള്‍ക്കുശേഷം നമ്മള്‍ കണ്ടുമുട്ടിയത്‌ ഇതിനായിരുന്നോ സൂസന്‍ ?
കോളേജ് ജീവിതത്തിനു ശേഷം നിന്നെ കാണാന്‍ ഞാനെത്ര മാത്രം കൊതിച്ചു.കത്തുകള്‍ക്കും ഫോണ്‍കാള്കള്‍ക്കും മറുപടി കിട്ടിയില്ല.പിന്നെയൊരു ദിവസം രണ്ടും കല്‍പ്പിച്ചു നിന്റെ ബംഗ്ലാവില്‍ എത്തിയപ്പോള്‍ കിട്ടിയ വിവരം ഞെട്ടിപ്പിക്കുന്നതായിരുന്നു.ഈസി ചെയറില്‍ കിടന്നു സ്വര്‍ണം കെട്ടിയ പല്ലുകള്‍ കാണിച്ചു നിന്റെ പപ്പാ എന്നെ നോക്കി ക്രൂരമായി ചിരിച്ചു.നിന്നില്‍ വിപ്ലവ വീര്യം കുത്തിവെച്ചത്‌ ഞാനാണെന്നാണല്ലോ അദ്ദേഹത്തിന്റെ പരാതി.എന്നോട് അടുത്തതിലേറെ നീ അനന്തകൃഷ്ണന്‍ എന്ന വിപ്ലവകാരിയുമായി അടുത്ത വിവരം അദ്ധേഹവും വളരെ വൈകിയാണ് അറിഞ്ഞത്.ഒരു വൈകുന്നേരം പപ്പയെ ധിക്കരിച്ചു നീ അനന്തനോടൊപ്പം പടിയിറങ്ങിപ്പോയ വിവരം അദ്ദേഹം എന്നോട് പറഞ്ഞു.ആദ്യം കണ്ട ക്രൂരത അപ്പോഴുണ്ടായിരുന്നില്ല മുഖത്ത്.പകരം വാക്കുകളില്‍ നിറഞ്ഞത് തികഞ്ഞ നിസ്സംഗത ആയിരുന്നു.തെരുവിലെവിടെയോ ഒരു വാടക വീട്ടില്‍ നീ സഖാവിനോപ്പം ജീവിക്കുന്നത് ഞാനറിഞ്ഞു.മനസ്സില്‍ നിനക്ക് ഞാന്‍ മംഗളം നേര്‍ന്നു.

നിന്റെ ബംഗ്ലാവില്‍ നിന്ന് മടങ്ങുന്നവഴി ബസ്സ്‌ സ്റ്റാണ്ടില്‍ വെച്ചു ഞാന്‍ നമ്മുടെ ക്ലാസ്‌മേറ്റ്‌ രേഖ തോമസ്സിനെ കണ്ടു.നിന്റെ വിവാഹവാര്‍ത്ത ഞാന്‍ അറിയാന്‍ വൈകിയതില്‍ അവള്‍ അത്ഭുതം കൊണ്ട്.അനന്തുവിനു ജോലിയൊന്നും കിട്ടാത്തതും നിങ്ങളുടെ ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതാണെന്നും രേഖയില്‍ നിന്നറിഞ്ഞപ്പോള്‍ എന്നിക്ക് ദുഃഖം തോന്നി.ടൌണില്‍ അനന്തുവിനു ജോലിയൊന്നും കിട്ടാത്തതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് നിന്റെ പപ്പയാണെന്നും അവള്‍ പറഞ്ഞു.എന്തോ എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.ഞാന്‍ നിങ്ങള്ക്ക് വേണ്ടി പ്രാര്ത്ഥിച്ചു.... നിങ്ങളറിയാതെ..

പിന്നെയും മാസങ്ങള്‍ അതോ വര്‍ഷങ്ങളോ ?
നിന്റെ സഹോദരന്‍ ടോം പറഞ്ഞാണറിഞ്ഞത് അനന്തു നാട് വിട്ടു പോയ വിവരം.തെരുവിലെ അഴുക്ക് ചാലിനടുത്തുള്ള ഒറ്റ മുറി വീട്ടില്‍ നീ കൈകുഞ്ഞുമായി തനിച്ചു താമസിക്കുന്നുവെന്നു.അവന്‍ കുറിച്ചു തന്ന മേല്‍വിലാസത്തില്‍ ഞാന്‍ നിനക്ക് കത്തുകള്‍ അയച്ചു.മറു കുറികള്‍ക്ക് വേണ്ടി കാത്തിരുന്നു.എല്ലാം വെറുതെ ...പിന്നെ നഗരത്തിലെ മുന്തിയ ബാര്‍ ഹോട്ടലുകളില്‍ സുന്ദരിയായ സൂസന്‍ ഫിലിപ്പ് ഗായികയായി എത്തിയ വിവരം ഞാനറിഞ്ഞു.നീ വീണ്ടും മിസ്‌ സൂസന്‍ ഫിലിപ്പ് എന്ന പേരില്‍ വിളിക്കപ്പെടുന്നതായും കേട്ടു.എനിക്കതിശയം തോന്നി.കോളേജ് ഹോസ്റ്റലിലെ ചാപ്പെളില്‍ ക്രൂശിത രൂപത്തിനു മുന്നില്‍ കൈ കൂപ്പി പ്രര്ത്ഥിക്കാറുള്ള സൂസന്‍ ഫിലിപ്പ്..കലാലയത്തില്‍ എല്ലാവരെയും പിന്തള്ളി പാട്ടിനും നൃത്തത്തിനും സമ്മാനങ്ങള്‍ വാരി
കൂട്ടാറുള്ളവള്‍............... നിന്റെ ആ രൂപങ്ങളായിരുന്നു എന്നും എന്റെ മനസ്സില്‍.... ..എന്റെ സൂസന്‍ നിശാസല്ക്കാര വേളകളില്‍ നേര്‍ത്ത വസ്ത്രമണിഞ്ഞു വൈദ്യുത വിളക്കുകളുടെ വെളിച്ച്ചത്തില്‍ പാടി ആടുന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.
വീണ്ടുമൊരു ദിനം ടൌണ്‍ഹാളില്‍ ചിത്ര പ്രദര്ശനം കാണുന്നതിനിടയില്‍ ഫാ ജെയിംസിനെ കാണാനിടയായി.അനന്തുവിനു സംഭവിച്ച മാറ്റങ്ങളെ ക്കുറിച്ചു ഫാദര്‍ പറഞ്ഞാണ് ഞാനറിഞ്ഞത്.ജോലിക്ക് വേണ്ടി അനന്തു ഒരുപാടലഞ്ഞതും ഫാദര്‍ ശരിയാക്കി കൊടുത്ത ഒരു ജോലി മാനേജ്മെന്റിന്റെ ഇടപെടല്‍ മൂലം നഷ്ടമായതും പിന്നെ ജീവിക്കാന്‍ വേണ്ടി അനന്തു ഒരു തെരുവ് ഗുണ്ട ആയതുമറിഞ്ഞു ഞാന്‍ അമ്പരന്നു.അര്‍ദ്ത രാത്രിയില്‍ മദ്യത്തിന്റെ ലഹരിയില്‍ മദോന്മത്തനായി ആരോടോ വാക്കേറ്റമുണ്ടായി അയാളെ വെട്ടി പരുക്കെല്പ്പിച്ച്ചു നാട് വിട്ടതും എല്ലാം എനിക്ക് അവിസ്വസനെയമായി തോന്നി.അനന്തു വിന്റെ തിരോധാനത്തിനു ശേഷം സൂസന്‍ കുഞ്ഞുമായി പള്ളിയില്‍ വന്നതും കുര്‍ബാന കൈ കൊണ്ടതും കുമ്പസാരിച്ചു പിരിഞ്ഞതുമെല്ലാം ഫാദര്‍ പറഞ്ഞു.പിന്നീടൊരിക്കലും കുര്‍ബാന കൈകൊള്ളാന്‍ നീ പള്ളിയില്‍ വന്നിട്ടില്ലയെന്നും.

ഇതിനോക്കെയിടയില്‍ ഞാനും സൂസനെ മറന്നു.എനിക്കുമുണ്ടായിരുന്നല്ലോ പ്രശ്നങ്ങള്‍.?ഒരു പക്ഷെ അവളുടെയാത്ര തീവ്രത യില്ലയിരുന്നെന്കിലും ദുഖങ്ങളുടെയും വേദനകളുടെയും നടുവിലായിരുന്നു ഞാനും.പത്ര സ്ഥാപനത്തില്‍ നിന്നുള്ള വരുമാനം കൊണ്ട് കുടുംബ പ്രാരാബ്ധങ്ങള്‍ക്ക് നിവൃത്തി കാണാന്‍ കഴിയാതെ ജയന്ത്‌ മണലാരണ്യത്തില്‍ ജോലി തേടി പ്പോയത് തന്നെ വല്ലാതെ തളര്‍ത്തി.കണ്ണീരിന്റെ ഉപ്പ് രസവും കിനാക്കളുടെ മാധുര്യവും കുത്തി നിറച്ചെഴുതിയ കത്തുകളിലൂടെ മാത്രം തങ്ങളുടെ പ്രണയം പടര്‍ന്നു പന്തലിച്ചു.അറബി നാട്ടില്‍ സ്വര്‍ണം കൊയ്യുന്ന തിരക്കിനിടയില്‍ ജയന്ത്ന്‍റെ കത്തുകള്‍ക്കിടയിലുള്ള അകലം തന്നെ വര്‍ധിച്ചു.തന്നെ മനപ്പൂര്‍വ്വം അകറ്റുകയാണ് ജയന്തെന്നു ചിലപ്പോലെല്ലാം തോന്നി.വയസ്സാകുന്ന മനസ്സിന് പ്രണയം എന്ന വികാരം അപരിചിതമാനെന്നു കരുതി.പക്ഷെ ഇപ്പോഴും താന്‍ ജയന്തിനു വേണ്ടി കാത്തിരിക്കുന്നു എന്നതാണ് സത്യം.തന്റെ നോവുന്ന കാത്തിരിപ്പിനിടയില്‍ സൂസനെ മറന്നേ പോയി.

ഈയിടെ അവിചാരിതമായി നഗരത്തിലെ തിരക്കിനിടയില്‍ സൂസനെ മുഖാമുഖം കണ്ടപ്പോള്‍ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.അത്രമാത്രം മാറിപ്പോയിരുന്നു.ശരീരവടിവുകള്‍ വ്യക്തമാക്കുന്ന ച്ചുരിധാരില്‍ അവള്‍ അതീവ സുന്ദരിയാണെന്ന് തോന്നി.തോളറ്റം മുറിച്ച മുടി കാറ്റില്‍ പാറിപ്പറന്നു.ചുവപ്പ് മാഞ്ഞ ചുണ്ടില്‍ അവള്‍ കടും ചുവപ്പില്‍ ലിപ്സ്ടിക് പുരട്ടിയിരുന്നു.കാവില്‍ ത്തടങ്ങളില്‍ രൂഷിന്റെ തിളക്കം.പ്രായം മറയ്ക്കാന്‍ അവള്‍ വല്ലാതെ പാടുപെടുന്നുണ്ടെന്നു തോന്നി.എന്നിട്ടും അവളുടെ കണ്ണുകളുടെ തിളക്കം നഷ്ടപ്പെട്ട് പോയതും കണ്‍ തടങ്ങളില്‍ കറുപ്പ് പടര്‍ന്നതും, ഞാന്‍ കണ്ടു.എനിക്കവളോട് സഹതാപമാണ് തോന്നിയത്.തിരക്കില്‍ നിന്നകന്നു ടൌണിലെ ഗാന്ധി പ്രതിമയ്ക്ക് ചുവട്ടിലിരുന്ന് ഞങ്ങളൊരു പാട് നേരം സംസാരിച്ചു.വര്‍ഷങ്ങളുടെ വിശേഷങ്ങള്‍ പറയാനുണ്ടായിരുന്നു ഞങ്ങള്‍ക്ക്.ഇടയ്ക്കു പലപ്പോളും അവള്‍ കരഞ്ഞു.ഞാനവളെ തടഞ്ഞില്ല.ഏറെ നാളുകളായി അവള്‍ കരയാറില്ലായിരുന്നല്ലോ !!! .അതോ അവള്‍ കരയാന്‍ മറന്നു പോയതോ ? നഗരത്തിലെ ഡേ കെയര്‍ സെന്ററില്‍ അന്തിവരെ മയങ്ങുന്ന അവളുടെ കുഞ്ഞിനെ ക്കുറിച്ചു പറഞ്ഞു പിന്നെയും അവള്‍ കരഞ്ഞു.സ്വന്തം രക്ഷ തേടി പ്പോയ അനന്തുവിനെയും തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയ പപ്പയും അവള്‍ കുറ്റപ്പെടുത്തിയില്ല.സ്വന്തം വിധിയെപ്പോലും പഴിച്ച്ചില്ല.എല്ലാം കര്‍ത്താവിന്റെ പരീക്ഷണങ്ങള്‍ മാത്രമാണെന്ന് പറഞ്ഞു.എനിക്ക് മുന്നില്‍ സൂസന്‍ ഒരു ഉത്തമസ്ത്രീയായി വളര്‍ന്നു വലുതാകുന്നപോലെ തോന്നി.ത്രേതായുഗത്തിലെ സീതയും ദ്വാപര യുഗത്തിലെ രാധയും ചാരിത്ര്യ വാതിയായ ശീലാവതിയും എല്ലാം ഇവള്‍ തന്നെയല്ലേ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു.ശ്രീ യേശുവിന്റെ പാദങ്ങള്‍ കന്നീരാല്‍ കഴുകി കൂന്തലാല്‍ തുടച്ചു സ്വര്‍ഗം പൂകിയ മഗ്ദലന മേരിയും ഇവള്‍ തന്നെയല്ലേ ? ഞാനവളെ ആദരവോടെ ഉറ്റു നോക്കി.പടിഞ്ഞാറു സന്ധ്യ ചുവക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ തിടുക്കത്തോടെ പിടഞ്ഞു എഴുനേറ്റു. സൂസന്റെ ജോലി സമയം തുടങ്ങുന്നു എന്ന തിരിച്ചറിവ് എന്നെ നിര്വികാരയാക്കി.നനഞ്ഞ കണ്ണുകള്‍ അമര്‍ത്തി തുടച്ചു വാനിറ്റി ബാഗിലെ കണ്ണാടിയില്‍ തന്റെ സൌന്ദര്യം നോക്കി അവള്‍ തൃപ്തിപ്പെട്ടു.പിന്നെ സന്തോഷവതിയായി തനിക്ക് നേരെ കൈകള്‍ വീശി.തിരക്കില്‍ അവളൊരു പൊട്ടുപോലെ അലിഞ്ഞു.
ഏറെ നാളുകള്‍ക്കു ശേഷം താന്‍ ആ രാത്രി ജയന്തിനു സൂസനെ കണ്ടെത്തിയെന്ന സന്തോഷ വാര്‍ത്ത എഴുതി തപാലില്‍ ഇടാന്‍ തയ്യാറാക്കി വെച്ചു.സൂസന്‍ ജയന്തിനും ചിരപരിചിതയായിരുന്നു , ഒരിക്കല്‍ പോലും നേരില്‍ കണ്ടിരുന്നില്ലെന്കിലും..

ദിനങ്ങള്‍ക്ക് ശേഷം ഒരു പുലര്‍ച്ചെ ഞെട്ടി ഉണര്‍ന്നു.ചുവരിലെ ക്ലോക്കിലെ നീണ്ട മണിയൊച്ചയോ പുറത്തു കാളിംഗ് ബെല്ലില്‍ ആരോ ഏറെനേരമായി വിരല്‍ അമര്‍ത്തി വെച്ച ശബ്ധാമോ , ഏതാണ് തന്നെ ഉണര്‍ത്തിയതെന്നറിയില്ല ???.വാതില്‍ തുറന്നപ്പോള്‍ കൈയ്യില്‍ ചിരിക്കുന്ന കുഞ്ഞുമായി സൂസന്‍ .......കൈ നീട്ടിയപ്പോള്‍ ചാടി വീണു തോളിലേക്ക് ചാഞ്ഞ കുഞ്ഞിനെ താഴെ വെക്കാനെ തോന്നിയില്ല.കൈയ്യില്‍ വെച്ചു കൊണ്ടാണ് സൂസന് ഒരു കപ്പു കാപ്പി ഉണ്ടാക്കി കൊടുത്തത്.പിന്നീട് യാത്ര പറയാന്‍ നേരം കുഞ്ഞിനെ രണ്ടു ദിവസത്തേക്ക് തന്നെ എല്പ്പിക്കുകയാനെന്നു പറഞ്ഞപ്പോള്‍ സ്വര്‍ഗം കിട്ടിയ സന്തോഷമായിരുന്നു.എത്ര പെട്ടെന്നാണ് തന്റെയുള്ളില്‍ ഒരു ചെമ്പനീര്‍പൂവു പോലെ മാതൃത്വം വിരിഞ്ഞത് !!!! രണ്ടു ദിവസങ്ങള്‍ കഴിഞ്ഞിട്ടും സൂസനെ കാണാതിരുന്നപ്പോള്‍ ഉത്കണ്ട തോന്നിയില്ല.അവനെ ലാളിക്കുമ്പോള്‍ ജയന്തിന്റെ മുഖമായിരുന്നു മനസ്സില്‍.പ്രണയത്തിന്റെ ലഹരി പിടിച്ച നാളുകളില്‍ ജയന്ത് കാതില്‍ മന്ത്രിച്ച കിന്നാരങ്ങള്‍ ഓര്മ വരുമായിരുന്നു.പലപ്പോഴും ഫെബിന്‍ തങ്ങളുടെ കുഞ്ഞാണെന്ന ഒരു തോന്നല്‍ പോലും മനസ്സില്‍ ഉണ്ടായി.സൂസന്‍ തിരികെ വരുമ്പോള്‍ അവനെ കൊടുക്കേണ്ടി വരുമല്ലോ എന്നോര്‍ത്ത് രാത്രികളില്‍ ആരും കാണാതെ കരഞ്ഞു.പക്ഷെ സൂസന്‍.... നിനക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു.ഈ മരണവാര്‍ത്ത പക്ഷെ തീരെ പ്രതീക്ഷിച്ചതല്ല.ഇപ്പോള്‍ പുറപ്പെട്ടാല്‍ എന്നെക്കാത്ത് സൂസന്റെ മൃതദേഹം പോലും കാണില്ല.മരിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു.ആര്‍ക്കു കാണാന്‍ വേണ്ടി അവളെ സൂക്ഷിച്ചു വെയ്ക്കണം ?അവളെ എവിടെ അടക്കിക്കാണും ? ഇടവകപ്പള്ളിയിലെ സെമിത്തെരിയിലോ അതോ നഗരത്തിലെ പൊതു സ്മസാനത്തിലോ ?സൂസന്‍ ...നീയെന്തേ ഇത്രമാത്രം എന്നില്‍ നിന്നോളിച്ച്ചു വെച്ചു?എനിക്കിത് താങ്ങാനാകുന്നില്ലല്ലോ കുട്ടി ....

അകത്തെ മുറിയില്‍ ഫെബിന്‍ ഉറക്കമുണര്‍ന്നു കരഞ്ഞുവോ ? ഇല്ല..അവന്‍ കിടക്കവിരി മൂത്രമൊഴിച്ചു നനച്ച്ചിട്ടു കള്ളച്ചിരിയോടെ എന്നെ നോക്കിക്കിടക്കുന്നു.സൂസന്‍.. നിന്നെക്കുറിച്ചു ഞാനെന്താണ് അവനോടു പറയേണ്ടത്? അവന്‍ കൈകള്‍ ഇളക്കി എന്നെയും കളിക്കാന്‍ ക്ഷണിക്കുകയാണ് ..ഓമനത്തം തുളുമ്പുന്ന അവന്റെ മുഖത്ത് ചുണ്ടുകള്‍ അമര്ന്നപ്പോള്‍ സൂസന്‍ എനിക്ക് നിന്നോട് നന്ദി പറയാതെ വയ്യ.ആരുമില്ലാത്ത ശാരികക്ക് നീ നല്കിയിട്ടു പോയ സമ്മാനം അതിവിശിഷ്ടം തന്നെ.യാത്ര പറയാതെ പോയെങ്കിലും നിന്നോടെനിക്ക് പിണക്കമില്ല.ശാരികയ്ക്ക് നിന്നോട് പിണങ്ങാനാവില്ലല്ലോ സൂസന്‍...... ഈ ഏകാന്തതയില്‍ ശാരിക ഇനി തനിച്ച്ചല്ലല്ലോ ? അരികില്‍ നിന്റെ കുഞ്ഞിന്‍റെ കാല്‍ത്തളകളുടെ കിലുക്കം എന്നെയും അമ്മയാക്കുന്നു.സൂസന്‍ ഒരു പാടൊരുപാട് നന്ദി..

3 comments:

 1. കൊള്ളാം നന്നായി എഴുതി.

  പിന്നെ ഞാന്‍ ചില കവിതകളൊക്കെ എഴുതിയിട്ടുണ്ട്. നോക്കുമോ. കുറ്റങ്ങള്‍ പറഞ്ഞു തരുമോ?
  http://gireeshks.blogspot.in/

  ReplyDelete
 2. നോവുന്ന ഒരു ചെറിയ അനുഭവക്കുറിപ്പ്... മരണം അങ്ങനെയാ...


  എനിക്കുമുണ്ടൊരു ബ്ലോഗ്‌.. വന്നു കണ്ടു അഭിപ്രായം പറയണേ.. കാത്തിരിക്കും.
  www.vinerahman.blogspot.com

  ReplyDelete
 3. Superb, കലക്കന്‍ theme and scenario, കാവൂട്ടി.....

  ReplyDelete