Friday, 16 November 2012

ചില മഴക്കാല ഓര്മ്മകള്‍..............


          ചില വൈകുന്നേരങ്ങളില്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന കൂട്ട്ചേരലിനിടയിലാണ് നാട്ടിലെ മഴക്കാലത്തെപ്പറ്റിയും മഴയെപ്പറ്റിയും ഒക്കെയുള്ള ചര്‍ച്ച സജീവമായത്.ചര്‍ച്ചക്കിടയിലാണ് ആരോ പറഞ്ഞു  Alexander  Frater  ന്റെ Chasing the Monsoon  എന്ന   പുസ്തകത്തെപ്പറ്റി കേള്‍ക്കാനിടയായത്.ഭാരതത്തിലെ മഴക്കാലത്തെ പിന്തുടരുന്ന ഒരു വിദേശ സഞ്ചാരിയുടെ യാത്രവിവരണം..കേട്ടപ്പോള്‍ തന്നെ ഒരു കൌതുകം തോന്നിയത് കൊണ്ട് അടുത്ത ദിവസം തന്നെ അതിനു ഓര്‍ഡര്‍ കൊടുത്തു..ഓണ്‍ലൈന്‍ ബുക്ക്‌ സ്റ്റോര്‍കളെ സമ്മതിക്കാതെ വയ്യ..ഒട്ടും സമയം പാഴാക്കാതെ അടുത്ത ദിവസം തന്നെ പുസ്തകം കൈയിലെത്തി.
സ്വസ്ഥമായുള്ള വായനയ്ക്ക് സമയം കിട്ടാതിരുന്നത് കൊണ്ട് അതങ്ങിനെ തന്നെ ഒന്ന് രണ്ടു ആഴ്ചകളോളം വെറുതെ ഇരുന്നു.അപ്പോളാണ് ഒരു അത്യാവശ്യകാര്യത്തിന് നാട്ടിലേക്കു പോകാനുള്ള അവസരം വന്നത്..വിമാനമാര്‍ഗം പോകാമെന്ന് കരുതിയപ്പോള്‍ ടിക്കെറ്റ് തിരികെ വരാനുള്ളത് മാത്രമേ ഒപ്പിക്കാന്‍ പറ്റിയുള്ളൂ..അപ്പൊ പിന്നെ ഇനി ട്രെയിന്‍ മാര്‍ഗം തന്നെ ശരണം.ടിക്കറ്റ്‌ കിട്ടിയതാകട്ടെ തുറന്തോ എക്സ്പ്രെസ്സിലുമ്...പേര് പോലെ തന്നെ യാത്ര ഒരു ദുരന്തം ആകാതിരുന്നാല്‍ മതിയായിരുന്നു. യാത്ര പുറപ്പെടുമ്പോള്‍ പുസ്തകവും കൈയിലെടുത്തു..രണ്ട്  ദിവസത്തെ ട്രെയിന്‍ യാത്രയില്‍ സമയം കളയാന്‍ ഇതില്‍പരം നല്ലമാര്‍ഗം വേറെയില്ല...അങ്ങിനെ ആഴ്ചയുടെ അവസാനരാത്രികളില്‍ ഇന്ദ്രപ്രസ്തത്തില്‍ നിന്ന് പുറപ്പെടുന്ന തുറന്തോ  എക്ഷ്പ്രെസ്സില് നാട്ടിലേക്കുള്ള യാത്ര തുടങ്ങി..കൂട്ടത്തില്‍ പുസ്തകം വായനയും...

          വായന തുടങ്ങിയപ്പോളാണ് മനസ്സിലായത്‌ ഞാന്‍ യാത്ര ചെയ്യുന്നതിന്റെ അതെ വഴികളിലൂടെ എതിര്‍ദിശയിലാണ് എഴുത്ത്കാരന്റെ സഞ്ചാരം..കന്യാകുമാരി മുതല്‍ ഇന്ദ്രപ്രസ്ഥം വരെ കൊങ്കണ്‍ തീരത്ത്‌ കൂടി  തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും ഗോവയും കടന്നു മഴയുടെ കൂടെ  തെക്ക് പടിഞ്ഞാറേ മണ്‍സൂണ്‍ മുന്നേരുന്നതിനോപ്പം  ഒരു യാത്ര....കേള്‍ക്കുമ്പോള്‍ തന്നെ ഒരു കൌതുകവും സുഖവും  തോന്നുന്നു.ട്രെയിന്‍  അനുസ്യാതം തന്റെ വഴിയിലൂടെ  മുന്നേറി ക്കൊണ്ടിരുന്നു..എഴുത്ത്കാരന്‍ കന്യകുമാരിയിലെ  മഴക്കാലം കണ്ടതിനു ശേഷം കേരളത്തിലേക്ക് കടന്നു..അടുത്ത അധ്യായത്തിന്റെ തുടക്കത്തില്‍ ജൂണ്‍ മാസം ഒന്നാം തീയതിയിലെ ഇന്ത്യന്‍ എക്ഷ്പ്രെസ്സില് വന്ന ഒരു വാര്‍ത്ത‍ എഴുത്ത്കാരന്‍ കടമെടുത്തത് എന്നെ എന്റെ കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ട് പോയി...

ആ വാര്‍ത്ത ഇങ്ങിനെയായിരുന്നു........

About 57 Lakh youngsters will make their way to schools in the State today making the beginning of yet another school year. Among the 57 Lakh will be around 6.2 Lakh tiny tots entering the new world of understanding and the new plane of relationships. The reopening of schools traditionally coincides with the onset of monsoon in the State.
ഗൃഹാതുരത്വത്തിലേക്ക്...... 

ഓര്‍മകളുടെ കൂമ്ബാരത്തിലെക്കൊരു കൂപ്പു കുത്തല്‍............,,,,,,,,,

പുസ്തകം മടക്കിവെച്ചു പതുക്കെ എ സിയുടെ സുഖശീതളിമയിലേക്ക് ഉറക്കം കാത്തുകിടന്നു..

മനസ്സ് വര്‍ഷങ്ങള്‍ പുറകോട്ടു സഞ്ചരിക്കുന്നു...

         വീടിനടുത്തുള്ള സര്‍ക്കാര്‍ പള്ളിക്കൂടത്തിലേക്ക് ജൂണ്‍ മാസം ഒന്നാം തീയതി കൂട്ടുകാരുമൊത്ത് പുത്തന്‍ വസ്ത്രങ്ങളും അണിഞ്ഞു പോയിരുന്ന കുട്ടിക്കാലം..സര്‍ക്കാര്‍ സ്കൂളില്‍ യൂണിഫോം ഇല്ലായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..എന്നാലും സ്കൂള്‍  തുറക്കുന്ന ദിവസത്തെക്കായി പുത്തനുടുപ്പ് കിട്ടുന്നത് പതിവായിരുന്നു...സ്കൂള്‍ തുറക്കുന്നതിനോപ്പമായിരിക്കും മഴയും നാട്ടിലെത്തുക..പുത്തനുടുപ്പു മഴയത്ത് നനനഞ്ഞായിരിക്കും സ്കൂളിലും വൈകിട്ട്  തിരികെ വീട്ടിലും എത്തുക. കുട കൈയിലുന്ടെങ്കിലും അന്നൊക്കെ മഴ നയയുന്നതൊരു രസമായിരുന്നു...റോഡരുകില്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ കാല് കൊണ്ട് പടക്കം പൊട്ടിച്ചും  പുതു മഴയത്ത് ആറ്റിലെത്തിയ മീന്‍ കുഞ്ഞുങ്ങളെ കണ്ടും തോട്ടിരംബില്‍ ഇരിക്കുന്ന തവളക്കുട്ടന്റെ പുറകെ ഓടിയു മൊക്കെയായിരുന്നു അന്നത്തെ യാത്രകള്‍... അതൊക്കെകൊണ്ട് തന്നെ രാവിലെ സ്കൂളിലെത്തുന്നതും വൈകുന്നേരങ്ങളില്‍ തിരികെ വീട്ടിലെതുന്നതും നല്ല കോലത്തില്‍ തന്നെയായിരുന്നു..കുറെ നാളുകള്‍ക്കു ശേഷമായിരുന്നു ആ സ്കൂളും പരിസരവുമൊക്കെ കഴിഞ്ഞ യാത്രയില്‍ വീണ്ടും കാണാന്‍ സാധിച്ചത്...മഴയത്ത് നനഞ്ഞു കുളിച്ച് സ്കൂളില്‍ എത്തിയതിനു ശേഷം ഉച്ചയൂണിന്റെ ഇടവേളകളിലാണ് ബാക്കി കളികളൊക്കെ..അന്നൊക്കെ വെള്ളിയാഴ്ച ആകാന്‍ കാത്തിരിക്കുമായിരുന്നു കാരണം വെള്ളിയാഴ്ചകളില്‍ ഉച്ചയൂണിനുള്ള ഇടവേള കുരച്ച്ചധികം ആയിരുന്നത് കൊണ്ട് കളിക്കാന്‍ കൂടുതല്‍ സമയം കിട്ടുമായിരുന്നു..വെള്ളിയാഴ്ചകളിലെ ഇടവേള എന്ത് കൊണ്ടാണ് കൂടുതല്‍ കിട്ടിയിരുന്നതെന്ന് അന്നൊന്നും വലിയ അറിവില്ലായിരുന്നു.കുറെ കഴിഞ്ഞപ്പോളാണ് മനസ്സിലായത് അത് കൂടെ പഠിച്ചിരുന്ന മുസ്ലീം സഹോദരങ്ങള്‍ക്ക് പ്രാര്‍ത്ഥനക്കുള്ള സമയമായിരുന്നെന്നു...എന്തായാലും മഴക്കാലത്ത്  മറ്റുള്ളവര്‍ക്ക് അതു  മഴയത്തിറങ്ങി കളിച്ചു തിമിര്‍ക്കാനുള്ള സമയം തന്നെയായിരുന്നു...അന്നൊക്കെ എത്ര നേരം വേണമെങ്കിലും മഴയത്ത് കളിച്ചാലും ചെറിയ ഒരു ജലദോഷമോ പനിയോ വന്നതോര്‍മയില്ല..എന്നാലിന്നോ !!!!! ചെറിയൊരു മഴ നനഞ്ഞാല്‍ തന്നെ പനീ... തുമ്മല്‍..... ആകെ ബഹളം...കാലവും സ്ഥലവും  മാറുന്നതിനൊപ്പം  മഴ പെയ്യുന്ന രീതികളും മാറുന്നു...

      നാട്ടിലെ മഴയ്ക്ക്‌ എന്തൊരു സൌന്ദര്യമായിരുന്നു..തെങ്ങുകള്‍ക്കും മരങ്ങള്‍ക്ക്മിടയിലൂടെ ഓടില്‍ പതിക്കുന്ന മഴത്തുള്ളികള്‍ താഴേക്കൊഴുകി വരുന്നത് കൈകൊണ്ട് തട്ടി ക്കളിക്കാന്‍ തന്നെ ഒരു രസമായിരുന്നു...എന്നാലിങ്ങു ഇന്ദ്രപ്രസ്ഥത്തിലെ മഴയോ......കോണ്ക്രീറ്റ് കാട്ടില്‍ പെയ്യുന്ന മഴയ്ക്ക്‌ യാതൊരു ഭംഗിയും ഇല്ല...ഇവിടുത്തെ മഴ കാണുമ്പോള്‍ ഫയര്‍ എഞ്ചിനില്‍ നിന്ന് വെള്ളം ചീറ്റിക്കുന്നതാണ് ഓര്മ വരുക.. നാട്ടിലെ മഴ പെയ്തു കഴിഞ്ഞതിനു ശേഷം മുറ്റത്ത്  നില്‍ക്കുന്ന നെല്ലിപ്പുളി മരത്തിന്റെ ചോട്ടില്‍ ചെന്ന് നിന്ന് മരത്തിന്റെ ചില്ലകള്‍ പിടിച്ചു കുലുക്കി  മഴത്തുള്ളികളെ ഉലൂത്തി വീഴ്ത്തിയിരുന്നത് ഓര്‍ക്കുന്നു.. ഇതിലുമൊക്കെ അപ്പുറം പറമ്പിലെ കുളക്കടവിലിരുന്നു മഴത്തുള്ളികള്‍ കുളത്തിലെ വെള്ളത്തിലേക്ക് വീഴുന്നത് കാണാന്‍ അന്നൊക്കെ  വളരെ ഇഷ്ടമായിരുന്നു....മഴക്കാലത്തിനു തൊട്ടു മുന്പായിട്ടായിരുന്നു കുളത്തിലെ വരാല്‍ മുട്ടയിട്ടു കുഞ്ഞുങ്ങള്‍ ഉണ്ടാകുക.മഴ  സാമാന്യം നന്നായി പെയ്യുമ്പോള്‍ വരാല്‍ തന്റെ കുഞ്ഞുങ്ങളെയും കൊണ്ട് കുളത്തിന്റെ ആഴങ്ങളിലെക്കോ അല്ലെങ്കില്‍ പായലിനടിയിലോ അഭയം തേടും..മഴയൊന്നു മാറിയാല്‍  പിന്നെ തങ്ങളുടെ തിളക്കമുള്ള കണ്ണുകളും തുറന്നു ചുവന്ന നിറത്തിലുള്ള വരാല്‍ കുഞ്ഞുങ്ങള്‍ അമ്മ വരാലിനോപ്പം കുളത്തിലെ  ജലപ്പരപ്പില്‍ ഓടിക്കളിക്കുന്നത് കാണാനുള്ള രസം പറഞ്ഞറിയിക്കാനെ വയ്യ..

അങ്ങിനെ അങ്ങിനെ എത്രയോ മഴക്കാല  ഓര്‍മ്മകള്‍.......................,,,,,,,

മഴയുടെ പുറകെ അലഞ്ഞ എഴുത്തുകാരന് കുട്ടിക്കാലത്തെ ഗൃഹാതുരത്വമുണര്ത്തുന്ന ഇത്തരം കാര്യങ്ങല്ലോക്കെ അറിയാമോ ആവോ ?????

ഓര്‍മകള്‍ക്കിടയില്‍ ട്രെയിനിന്റെ താരാട്ട് പാട്ടും  കേട്ട് ഓര്‍മകളുടെ  ഭാണ്ഡം അരികിലേക്ക്  അഴിച്ചു വെച്ചു ഞാന്‍ എപ്പോഴോ ഉറക്കത്തിലേക്ക് തെന്നി വീണു..  

3 comments:

  1. ആ മഴപ്പുസ്തകമൊന്ന് വായിക്കണോല്ലോ..!!

    കുട്ടിക്കാലത്തെപ്പറ്റി എഴുതുമ്പോള്‍ വായിക്കുന്നോര്‍ക്കും തോന്നും: ഹേയ് ഇത് നമ്മുടെ കുട്ടിക്കാലം പോലെ തന്നെയുണ്ടല്ലോന്ന്

    ReplyDelete
  2. മനോഹരം....മനസ്സിലും മഴ പെയ്ത അനുഭൂതി.....

    ഹചു.....

    ReplyDelete